ശബരിമലയില്‍ കാണിക്കയായി ഭക്തന്‍ സമര്‍പ്പിച്ച സ്വര്‍ണ വള മോഷ്ടിച്ചു; ദേവസ്വം ജീവനക്കാരന്‍ അറസ്റ്റില്‍
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തില്‍ ഭക്തന്‍ സമര്‍പ്പിച്ച സ്വര്‍ണ വള മോഷ്ടിച്ച ദേവസ്വം ജീവനക്കാരന്‍ അറസ്റ്റില്‍. ഭണ്ഡാരം ഡ്യൂട്ടിയിലായിരുന്ന വാസുദേവപുരം ക്ഷേത്രത്തിലെ തളി ജീവനക്കാരന്‍ റെജി കുമാറിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഒരു ഭക്തന്‍ വഴിപാട് പെട്ടിയില്‍ നിക്ഷേപിച്ച 10.95 ഗ്രാം തൂക്കമുള്ള സ്വര്‍ണ വളയാണ് മോഷ്ടിച്ചത്. ജൂണ്‍ 16 ന് സന്നിധാനത്ത് വച്ചിരുന്ന വഴിപാട് പെട്ടി കണ്‍വെയര്‍ ബെല്‍റ്റ് വഴി പ്രത്യേക പെട്ടിയിലാക്കുന്നതിനിടെയാണ് സംഭവം.
വെള്ളിയാഴ്ചയാണ് സ്വര്‍ണ വള സോപാനത്തിലെ ഭണ്ഡാരത്തില്‍ ഭക്തന്‍ സമര്‍പ്പിച്ചത്. വൈകിട്ട് ആറരയ്ക്കാണ് ഇതര സംസ്ഥാനത്തു നിന്നുള്ള അയ്യപ്പ ഭക്തന്‍ രസീത് എടുത്ത് വിഗ്രഹത്തില്‍ ചാര്‍ത്തിയ ശേഷം സ്വര്‍ണ വള ജുവലറി ബോക്സ് സഹിതം ഭണ്ഡാരത്തില്‍ നിക്ഷേപിച്ചത്. ഇത് ഭണ്ഡാരത്തില്‍ നിന്നെടുത്തത് റെജി കുമാര്‍ ആയിരുന്നു. എന്നാല്‍ കണക്കെടുത്തപ്പോള്‍ ഈ വള എത്തിയിട്ടില്ലെന്ന് മനസിലാക്കി.

ഇതോടെ വിജിലന്‍സ് സബ് ഇന്‍സ്പെക്ടര്‍ ബിജു രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ നിന്നാണ് റെജി കുമാറാണ് വള മോഷ്ടിച്ചത് എന്ന് മനസിലാക്കിയത്. കണ്‍വെയര്‍ ബെല്‍റ്റില്‍ നിന്ന് പുറത്തുവന്ന സ്വര്‍ണവള റെജി കുമാര്‍ മാലിന്യത്തിലേക്ക് തള്ളിയിടുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ വിജിലന്‍സിന് ലഭിച്ചു. ബോക്സിനുള്ളില്‍ ഒന്നുമില്ലെന്ന് പറഞ്ഞ് ആദ്യം റെജി കുമാര്‍ ഇത് വേസ്റ്റ് ബിന്നിലിടുകയായിരുന്നു.
പിന്നീട് അത് അവിടെ നിന്ന് എടുത്തു കൊണ്ടുപോകുകയുമായിരുന്നു. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് പിന്നാലെ റെജി കുമാറിന്റെ വസതിയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ തലയിണക്കടിയില്‍ ഒളിപ്പിച്ച നിലയില്‍ വള കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും കൂടുതല്‍ അന്വേഷണത്തിനും നിയമ നടപടിക്കുമായി പമ്പ പോലീസിന് കൈമാറുകയും ചെയ്തു.
ശബരിമല എക്സിക്യുട്ടീവ് ഓഫീസറുടെ പരാതിയിലാണ് റെജി കുമാറിനെതിരെ കേസെടുത്തത്. ഇയാളെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കി. അതേസമയം ശബരിമല ഭണ്ഡാരത്തില്‍ നിന്നും കാണിക്ക എണ്ണുന്ന ജീവനക്കാര്‍ നേരത്തെയും മോഷണത്തിന് പിടിയിലായിട്ടുണ്ട്. എന്നാല്‍ സ്വര്‍ണ ഉരുപ്പടി മോഷണം അധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം മിഥുന മാസപൂജകള്‍ക്കായി ജൂണ്‍ 15ന് തുറന്ന ശബരിമല നട ചൊവ്വാഴ്ച രാത്രി 10 ന് അടയ്ക്കും.












Click it and Unblock the Notifications