മഴ കനത്തു; ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു, പത്തനംതിട്ട മൂഴിയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട്
പത്തനംതിട്ട: മഴ കനത്തതോടെ സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് ഉയർന്നതോടെ പത്തനംതിട്ട മൂഴിയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് രണ്ട് മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. മൂഴിയാറിന് പുറമെ തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് +422 മീറ്റര്‍ ആണ്.
ഇടുക്കി പാംബ്ല ഡാം തുറന്ന പശ്ചാത്തലത്തില്‍ പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലങ്കര ഡാമും തുറന്ന സാഹചര്യത്തില്‍ തൊടുപുഴ, മുവാറ്റുപുഴ ആറുകളുടെ തീരത്ത് ജാഗ്രത നിര്‍ദേശം നിലനില്‍ക്കുകയാണ്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. വയനാടും കണ്ണൂരും നാളെയും ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് 3.50 ഓടെ അറിയിച്ചിട്ടുണ്ട്.
അതേസമയം, അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി 35 അംഗ ദേശീയ ദുരന്തനിവാരണ സേന ( എന്‍ ഡി ആര്‍ എഫ് ) പത്തനംതിട്ടയില്‍ എത്തിച്ചേര്‍ന്നു. ടീം കമാണ്ടര്‍ വൈ പ്രതീഷിന്റെ നേതൃത്വത്തില്‍ എന്‍ഡിആര്‍എഫ് ആരക്കോണം നാലാം ബറ്റാലിയനിലെ അംഗങ്ങളാണ് തിരുവല്ലയില്‍ എത്തിച്ചേര്‍ന്നത്.
കഴിഞ്ഞ കാലഘട്ടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ വിലയിരുത്താനും ജിയോളജി വകുപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പഠിക്കാനുമാണ് സേന ഉദ്ദേശിക്കുന്നത്.
ഇതിന്റെ ഭാഗമായി പെരിങ്ങര, കടപ്ര, നിരണം വില്ലേജുകളിലെ വെള്ളപ്പൊക്ക സാധ്യതാ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. തിരുവല്ലയിലുള്ള ഡി റ്റി പി സി സത്രം കോംപ്ലക്സാണ് സംഘത്തിന്റെ ബേസ് ക്യാമ്പ്.












Click it and Unblock the Notifications