കോഴഞ്ചേരിയില്‍ അതീവ നാടകീയത: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫിനും ഇടതിനും ഒരു സ്ഥാനാർത്ഥി

കോഴഞ്ചേരി: നാടകീയമായി പത്തനംതിട്ട കോഴഞ്ചേരി പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. യു ഡി എഫും എല്‍ ഡി എഫും ഒരാളെ തന്നെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതാണ് തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയിരിക്കുന്നത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം പ്രതിനിധി റോയ് ഫിലിപ്പിനെയാണ് എല്‍ ഡി എഫും യു ഡി എഫും പിന്തുണയ്ക്കുന്നത്. യു ഡി എഫ് മുന്നണിയുടെ ഭാഗമായിട്ടാണ് മത്സരിച്ച് വിജയിച്ചതെങ്കിലും റോയ് ഫിലിപ്പുൾപ്പെടെ കേരള കോൺഗ്രസിലെ 2 അംഗങ്ങളും നിലവില്‍ എൽ ഡി എഫ് പക്ഷത്താണ് നിലയുറപ്പിക്കുന്നത്.
പ്രസിഡന്റ് പദവിയില്‍ ഇനിയുള്ള രണ്ട് വർഷത്തേക്ക് റോയ് ഫിലിപ്പിനെ നിയോഗിക്കാനാണ് എല്‍ ഡി എഫ് തീരുമാനം. ഇതിനിടെയാണ് ജില്ലാ ചെയർമാനും കേരള കോണ്‍ഗ്രസ് നേതാവുമായ വിക്ടർ ടി തോമസിന്റെ നേതൃത്വത്തില്‍ യു ഡി എഫ് യോഗം ചേരുകയും റോയി തോമസിനെ സ്ഥാനാർത്ഥിയാക്കാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ യു ഡി എഫ് പിന്തുണ വേണ്ടെന്നും എല്‍ ഡി എഫിനൊപ്പം നില്‍ക്കുമെന്നും റോയ് തോമസ് വ്യക്തമാക്കുന്നു.

നാളെ രാവിലെ 11 മണിക്കാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. നേരത്തെ യു ഡി എഫ് ആയിരുന്നു പഞ്ചായത്തില്‍ അധികാരത്തില്‍. എന്നാല്‍ പ്രസിഡന്റ് സ്ഥാനം കൈമാറാൻ കോൺഗ്രസ് വൈകി എന്നാരോപിച്ച് കേരള കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധമുയർത്തി. ഡി സി സി നിർദേശത്തെ തുടർന്ന് കോണ്‍ഗ്രസ് പദവി ഒഴിഞ്ഞെങ്കിലും അപ്പോഴേക്കും കേരള കോൺഗ്രസുമായി സിപിഎം നേതാക്കൾ ധാരണയിലെത്തിയിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ഇന്നലെ കോഴഞ്ചേരിയിലെത്തി നടത്തിയ യോഗത്തിൽ കേരള കോൺഗ്രസ് അംഗങ്ങളായ റോയ് ഫിലിപ്പും സാലി ഫിലിപ്പും പങ്കെടുത്തെന്നും റിപ്പോർട്ടുണ്ട്. എൽഡിഎഫ് -5, യുഡിഎഫ് -5, ബിജെപി-2, യുഡിഎഫ് വിമതൻ-1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷി നില.












Click it and Unblock the Notifications