ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മാണം: ആന്റോ ആന്റണി എംപിയുടെ തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള തട്ടിപ്പെന്ന്!!
പത്തനംതിട്ട: പത്തനംതിട്ടയിലെ ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മാണം ആന്റോ ആന്റണി എംപിയുടെ തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള തട്ടിപ്പാണെന്ന് എല്‍ഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റി കണ്‍വീനര്‍ അഡ്വ. സക്കീര്‍ ഹുസൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.
2017 ആഗസ്ത് 17ന് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് കേരള ഗവര്‍ണര്‍ ശിലാസ്ഥാപനം നിര്‍വഹിച്ചിരുന്നു. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായെന്നും ഒരുവര്‍ഷത്തിനുള്ളില്‍ സ്‌റ്റേഡിയം നാടിന് സമര്‍പ്പിക്കുമെന്നും എംപിയും നഗരസഭയും അന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഒന്നരവര്‍ഷം കഴിഞ്ഞിട്ടും നിര്‍മാണം ആരംഭിച്ചില്ല. ഉദ്ഘാടന ചടങ്ങിന് ലക്ഷങ്ങള്‍ ചെലവ് ചെയ്തതു മിച്ചം.
സ്‌റ്റേഡിയത്തിന്റെ സ്ട്രക്ചറല്‍ പ്ലാനും എസ്റ്റിമേറ്റും അംഗീകരിക്കാന്‍ തിങ്കളാഴ്ച കൗണ്‍സില്‍ യോഗം ചേരുകയായിരുന്നു.മുംബൈ ഐഐടി പരിശോധിച്ച് അംഗീകരിച്ചതായി പറയുന്ന സ്ട്രക്ചറല്‍ പ്ലാനും എസ്റ്റിമേറ്റും വീണ്ടും കൗണ്‍സില്‍ അംഗീകരിക്കേണ്ട ആവശ്യമില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ ഇന്‍ഡോര്‍ സ്‌റ്റേഡിയ വിഷയം സജീവമാക്കി നിര്‍ത്തുക എന്നതാണ് തിങ്കളാഴ്ചത്തെ കൗണ്‍സില്‍ യോഗത്തിന്റെ ഉദ്ദേശ്യം. ഐഐടി അംഗീകരിച്ച പ്ലാനും എസ്റ്റിമേറ്റും ഇതുവരെ നഗരസഭയില്‍ എത്തിയിട്ടില്ല. തിങ്കളാഴ്ചത്തെ കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും രേഖകള്‍ വയ്ക്കാന്‍ സമിതിക്ക് കഴിഞ്ഞില്ല.

സ്ട്രക്ചറല്‍ പ്ലാനും എസ്റ്റിമേറ്റും നഗരസഭാ കാര്യാലയത്തിലെത്തുന്നതിന് മുമ്പ് കൗണ്‍സില്‍ അംഗീകാരത്തിനായി യോഗം വിളിച്ചതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രമാണുള്ളത്. സ്‌റ്റേഡിയം നിര്‍മാണത്തിന് 15 കോടിയിലധികം രൂപ വേണം. നഗരസഭയുടെ പക്കലുള്ള പരിമിതമായ തുകയില്‍നിന്ന് പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിക്ക് ഫീസ് ഇനത്തില്‍ വന്‍തുക നല്‍കാനാണ് നഗരസഭാ ഭരണാധികാരികള്‍ ലക്ഷ്യം വയ്ക്കുന്നത്. ഇതിന് പിന്നില്‍ വന്‍ അഴിമതിയുണ്ട്. പദ്ധതിയുടെ നിര്‍വഹണത്തേക്കാള്‍ തെരഞ്ഞെടുപ്പ്, സാമ്പത്തിക നേട്ടങ്ങളാണ് എംപിയും നഗരസഭാ ചെയര്‍പേഴ്‌സണും ലക്ഷ്യമിടുന്നത്.
അതേസമയം ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മാണത്തിന്റെ പേരില്‍ ഭരണപക്ഷം ജനങ്ങളെ തെറ്റിധരിപ്പിക്കുന്നതിനെതിരെ പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം ഇറങ്ങിപ്പോയി. സ്ട്രക്ചറല്‍ പ്ലാനും എസ്റ്റിമേറ്റും നഗരസഭയില്‍ എത്തുംമുമ്പ് തിരക്കിട്ട് നിയമവിരുദ്ധമായി കൗണ്‍സില്‍ യോഗം ചേര്‍ന്നത് അഴിമതി നടത്താനാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കണ്‍സള്‍ട്ടന്റിന് നല്‍കാനുള്ള ലക്ഷങ്ങളിലാണ് ഭരണക്കാരുടെ കണ്ണ്. പ്ലാനും എസ്റ്റിമേറ്റും യോഗത്തില്‍ അവതരിപ്പിക്കാന്‍ ചെയര്‍പേഴ്‌സണ് കഴിഞ്ഞിട്ടില്ല. പദ്ധതിയുടെ ഇന്നത്തെ സ്ഥിതി വിശദീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് യുഡിഎഫ് നടത്തുന്ന നാടകം മാത്രമാണ് ഇന്‍ഡോര്‍ സ്‌റ്റേഡിയ നിര്‍മാണമെന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ടി ലീഡര്‍ പി കെ അനീഷ് പറഞ്ഞു. സെക്രട്ടറി പി വി അശോക് കുമാര്‍, വി മുരളീധരന്‍, ആര്‍ ഹരീഷ്, ടി ശുഭ, വി ആര്‍ ജോണ്‍സണ്‍, ശോഭ കെ മാത്യു എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications