യൂത്ത് കോണ്‍ഗ്രസ് തിരഞെടുപ്പിലെ ക്രമക്കേട്: മുന്‍ ജില്ലാ സെക്രട്ടറിയുള്‍പ്പെടെ 4 പേർ കസ്റ്റഡിയില്‍
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയല്‍ കാർഡ് കേസിൽ മുന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹി അടക്കമുള്ളവർ പിടിയില്‍. അഭി വിക്രം, ബിനിൽ ബിനു, ഫെന്നി നൈനാൻ എന്നിവരെയാണ് പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ വിശ്വസ്തരാണ് പിടിയിലായ നാലുപേരുമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
അടൂരിൽ അഭി വിക്രം അടക്കമുള്ള നേതാക്കളുടെ വീടുകളിൽ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്കായി അഭി വിക്രമിന്റെ ലാപ്ടോപ്പും മൊബൈൽ ഫോണുമടക്കം പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഉപയോഗിച്ചാണ് വ്യാജ തിരിച്ചറിയൽ രേഖ ഉണ്ടാക്കിയതെന്നാണ് സംശയം. നിലവിൽ പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരന്‍ കൂടിയാണ് അഭിവിക്രം.

യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് വ്യാജമായി തയ്യാറാക്കിയതിൻ്റെ തെളിവുകൾ നേരത്തെ പുറത്ത് വന്നിരുന്നു. അതേസമയം, യൂത്ത് കോൺഗ്രസ്സുകാർ ചെയ്തത് ക്രിമിനൽ കുറ്റവും രാജ്യദ്രോഹവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂർ നാഗപ്പന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷനായി രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ്സ് സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചതായി മാധ്യമങ്ങളിൽ കണ്ടു. യൂത്ത് കോൺഗ്രസ്സിന്റെ ഭാരവാഹി തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് വ്യാജമായി നിർമ്മിച്ചു എന്ന ഗൗരവതരമായ ആക്ഷേപം ഇതിനകം ഉയർന്നിട്ടുണ്ട്. യൂത്ത് കോൺഗ്രസ്സുകാർ ചെയ്തത് ക്രിമിനൽ കുറ്റവും രാജ്യദ്രോഹവുമാണ്. ഇത്തരം എന്ത് നിയമവിരുദ്ധ പ്രവർത്തനവും യൂത്ത് കോൺഗ്രസ്സിന് ചെയ്യാം എന്ന സന്ദേശമാണ് കെപിസിസി നേതൃത്വം ഇപ്പോൾ നൽകിയിട്ടുള്ളത് എന്നാണ് തോന്നുന്നത്.
എറണാകുളത്ത് ഒന്നാം സ്ഥാനത്തെത്തിയ യൂത്ത് കോൺഗ്രസ്സ് നേതാവ് അയൽവാസിയെ കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാണ്. മാത്രമല്ല മണ്ഡലം സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിച്ച സഹപ്രവർത്തകനെ കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയുമാണ്. എറണാകുളത്ത് തന്നെ രണ്ടാം സ്ഥാനത്ത് എത്തിയത് വ്യാപാരിയെ തട്ടികൊണ്ട് പോയി പണം തട്ടിയ കേസിലെ ആറാം പ്രതിയാണ്. തിരുവനന്തപുരത്താണ് ഏറ്റവും വലിയ തമാശ നടന്നത്, ബിജെപിയുടെ യുവജനസംഘടനയായ യുവമോർച്ചയുടെ തിരുവല്ലം ഏരിയ പ്രസിഡന്റ് ആണത്രേ യൂത്ത്കോൺഗ്രസിന്റെയും മണ്ഡലം പ്രസിഡന്റ്.
കഴിഞ്ഞ ദിവസം ഒരു യൂത്ത് കോൺഗ്രസ്സ് ഭാരവാഹിയെ കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്യുകയുണ്ടായി. ഈ നിലവാരത്തിലുള്ളവരാണ് പലയിടത്തും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഏത് ക്രിമിനൽ പ്രവർത്തിയും ചെയ്യാൻ മടിയില്ലാത്തവരുടെ കൂട്ടമായി യൂത്ത് കോൺഗ്രസ്സ് അധഃപതിച്ചിരിക്കുന്നു. കെപിസിസി പ്രസിഡണ്ട് കെ സുധാകരന് പറ്റിയ കൂട്ട് തന്നെയാണ് യൂത്ത് കോൺഗ്രസ്സ്. "ചക്കയ്ക്ക് ഏഞ്ഞ കൂട"












Click it and Unblock the Notifications