പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പരാതി നൽകാനെത്തിയ മാധ്യമപ്രവർത്തകനെ കൈയേറ്റം ചെയ്തു: സംഭവം പത്തനംതിട്ടയില്‍

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: പുതുവൽസര ലഹരിയിൽ സ്‌റ്റേഷനിൽ എസ്‌ഐയുടെ നേതൃത്വത്തിൽ പൊലീസിന്റെ അഴിഞ്ഞാട്ടം. പരാതി നൽകാനെത്തിയ മാധ്യമപ്രവർത്തകനെ കൈയേറ്റം ചെയ്തു. വിവരമറിഞ്ഞ് അന്വേഷിക്കാൻ എത്തിയ കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റിന്റെ കാർ അടിച്ചു തകർക്കാൻ ശ്രമിച്ചു. മാധ്യമപ്രവർത്തകരുടെ പരാതിയിൽ അന്വേഷണം നടത്താൻ എസ്പിയുടെ ഉത്തരവ്. സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ എത്രയും പെട്ടെന്ന് ഹാജരാക്കാൻ ജില്ലാ കലക്ടറുടെ നിർദേശം.

മാധ്യമപ്രവർത്തകർ തുടർന്നു നടത്തിയ സ്റ്റിങ് ക്യാമറ ഓപ്പറേഷനിൽ സ്‌റ്റേഷൻ വളപ്പിൽ നിന്ന് കണ്ടെത്തിയത് മദ്യക്കുപ്പികളുടെ കൂമ്പാരം. പത്തനംതിട്ട സ്‌റ്റേഷനിൽ പൊലീസുകാർ അഴിഞ്ഞാടിയപ്പോൾ അതിന്റെ തിക്തഫലം രണ്ടര മണിക്കൂർ അനുഭവിക്കേണ്ടി വന്നത് മീഡിയവൺ ലേഖകൻ പ്രേംലാൽ പ്രബുദ്ധൻ, കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് ബോബി ഏബ്രഹാം എന്നിവർക്കാണ്. ഇന്നലെ രാത്രി 11.30ന് മീഡിയവൺ ചാനൽ ഓഫീസ് പ്രവർത്തിക്കുന്ന കാപ്പിൽ ആർക്കേഡിന് മുന്നിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം.

ഈ കെട്ടിടപരിസരത്ത് കാർ പാർക്ക് ചെയ്ത ശേഷം ഒരു കുടുംബം തൊട്ടടുത്ത മരണവീട്ടിൽ പോയിരുന്നു. വെട്ടിപ്പുറം സ്വദേശികളായ ദമ്പതികളും കുഞ്ഞുമാണ് കാറിലുണ്ടായിരുന്നത്. ഇവർ തിരികെ എത്തിയപ്പോൾ കാറിന് കേടുപാട് വരുത്തിയതാണ് കണ്ടത്. നാലു ടയറും കുത്തിക്കീറിയിരുന്നു. വൈപ്പർ ഒടിച്ചു കളഞ്ഞു. ഗ്ലാസിന്റെ റെയിൻ ഗാർഡ് തല്ലിയൊടിച്ചു. പകച്ചു പോയ കുടുംബം തൊട്ടടുത്ത മീഡിയ വൺ ഓഫീസിൽ വെളിച്ചം കണ്ട് അവിടെ എത്തി അന്വേഷിച്ചു. പ്രേം ലാൽ മാത്രമാണ് ഈ സമയം ഓഫീസിലുണ്ടായിരുന്നത്. ആരാണ് കാർ കേടുവരുത്തിയതെന്ന് അറിയാമോ എന്ന കുടുംബത്തിന്റെ ചോദ്യത്തിന് അറിയില്ലെന്ന് പ്രേംലാൽ മറുപടി നൽകി.

താൻ റൂമിനുള്ളിൽ കതക് അടച്ചിരുന്ന് ടിവി കാണുകയായിരുന്നുവെന്നും പറഞ്ഞു. കെട്ടിടത്തിന്റെ മുകൾ നിലയിൽ ഏതാനും യുവാക്കൾ ഉണ്ടെന്ന് മനസിലാക്കി കുടുംബം അവിടേക്ക് പോവുകയും അവരുമായി വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. ഈ സമയം രണ്ടു പേർ കൂടി പുറത്തു നിന്ന് വന്ന് ബഹളം കൂട്ടി. ഇതിനെതിരേ പ്രേംലാൽ പ്രതികരിച്ചു. തുടർന്ന് പത്തനംതിട്ട പൊലീസ് ഇൻസ്‌പെക്ടർ സുനിൽകുമാറിനെ വിളിച്ച് വിവരം അറിയിച്ചു. ഇൻസ്‌പെക്ടറുടെ നിർദേശപ്രകാരം എസ്‌ഐ യു ബിജുവും പൊലീസുകാരും സംഭവസ്ഥലത്തു വന്നു. പരാതിക്കാരും കെട്ടിടത്തിനുള്ളിൽ ഉള്ളവരെല്ലാവരും സ്‌റ്റേഷനിൽ വന്ന് മൊഴി നൽകാൻ ആവശ്യപ്പെട്ട് പൊലീസ് സംഘം മടങ്ങി.

kerala-police-1-

തുടർന്ന് സ്‌റ്റേഷനിലേക്ക് നടന്നു പോയ പ്രേംലാലിനെ പരാതിക്കാർക്ക് ഒപ്പം വന്നവർ ചേർന്ന് തടഞ്ഞു നിർത്തി ക്രൂരമായി മർദിക്കുകയായിരുന്നു. അടിയേറ്റ് മുഖത്തും കഴുത്തിലും ആഴത്തിൽ പാടുണ്ടായി. തന്നെ മർദിച്ചവർ മദ്യലഹരിയിലായിരുന്നുവെന്ന് പ്രേംലാൽ പറഞ്ഞു. മർദനമേറ്റ പ്രേംലാൽ സ്്‌റ്റേഷനിലെത്തി പൊലീസുകാരോട് തന്നെ മർദിച്ചുവെന്ന് പറഞ്ഞു. ഇതോടെ അസഭ്യം വിളിയുമായി പൊലീസുകാർ ഇയാൾക്കെതിരേ തിരിഞ്ഞു. മഫ്ത്തിയിലുണ്ടായിരുന്ന പൊലീസുകാർ പ്രേമിനെ കൈയേറ്റം ചെയ്യുകയും ചെയ്തു.

കാറിന് കേടു വരുത്തിയത് പ്രേംലാൽ ആണെന്ന് ഉറപ്പിച്ച മട്ടിലായിരുന്നു പൊലീസുകാരുടെ പെരുമാറ്റം. തന്നെ മർദിച്ചവരും അവിടെയുണ്ടായിരുന്ന എസ്‌ഐയും പൊലീസുകാരുമെല്ലാം നല്ല പോലെ മദ്യപിച്ചിരുന്നുവെന്ന് പ്രേം പറയുന്നു. തുടർന്ന് താൻ മദ്യപിച്ചുവെന്ന് വരുത്തി തീർക്കാൻ ഇവർ ശ്രമം തുടങ്ങി. എട്ടു തവണ ബ്രത്ത് അനലൈസറിൽ ഊതിച്ചു. ഇതിനിടെ പ്രേംലാൽ കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് ബോബി ഏബ്രഹാമിനെ വിവരം അറിയിച്ചു. മനോരമ ഓഫീസിൽ ഡ്യൂട്ടിയിലായിരുന്ന ബോബി പെട്ടെന്ന് തന്നെ പൊലീസ് സ്‌റ്റേഷനിലെത്തി വിവരം തിരക്കി. ഇതോടെ അസഭ്യ വർഷവുമായി പൊലീസുകാർ പാഞ്ഞടുത്തു.

സ്ഥലത്തുണ്ടായിരുന്ന എസ്‌ഐ ബിജു രണ്ടിനെയും പിടിച്ച് അകത്തിടാൻ ഉത്തരവിട്ടു. മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചതോടെ പ്രകോപനത്തിനുള്ള ശ്രമമായി. തങ്ങൾ മദ്യലഹരിയിലാണെന്ന് സംശയമുണ്ടെങ്കിൽ മെഡിക്കൽ എടുക്കാൻ ബോബി ആവശ്യപ്പെട്ടു. ഇതോടെ അസഭ്യം വിളി വർധിച്ചു. മഫ്ത്തിയിലുണ്ടായിരുന്ന പൊലീസുകാരാണ് വർധിത വീര്യത്തോടെ തെറി വിളിച്ചത്. ബോബി ആന്റോ ആന്റണി എംപിയുമായും എസ്പിയുമായും ബന്ധപ്പെട്ടു. അതിനിടെ ബോബിയുടെ കാർ മാറ്റിയിടാൻ പൊലീസുകാർ ആവശ്യപ്പെട്ടു. അതിനായി കാറെടുക്കുമ്പോൾ പാഞ്ഞെത്തിയ മഫ്ത്തി പോലീസുകാർ കാറിന്റെ ചില്ല് അടിച്ചു തകർക്കാർ ശ്രമം നടത്തി. ബോണറ്റിൽ ചവിട്ടുകയും തൊഴിക്കുകയും ചെയ്തു.

ഒടുവിൽ വീട്ടിലായിരുന്ന സിഐ സുനിൽകുമാർ സ്ഥലത്തു വന്നതാണ് മാധ്യമപ്രവർത്തകർക്ക് രക്ഷയായത്. പൊലീസുകാർക്കെതിരേ സിഐ തട്ടിക്കയറി. പ്രേം ലാലാണ് കാറിന് കേടുവരുത്തിയതെന്ന് എങ്ങനെ കണ്ടെത്തിയെന്നായിരുന്നു സിഐയുടെ ചോദ്യം. ഇതിനിടെ പരാതിക്കാരുടെ സംഘത്തിലുണ്ടായിരുന്ന സ്ത്രീയെ കൊണ്ട് പ്രേംലാൽ മോശമായി പെരുമാറിയെന്ന് പരാതി എഴുതി വാങ്ങാൻ എസ്‌ഐ ശ്രമം നടത്തി. അതിനുള്ള വകുപ്പുകൾ മുഴുവൻ അവർക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു. സിഐ വന്നതിന് ശേഷം തന്നെ മർദിച്ചവർക്കെതിരേ പരാതി നൽകി പ്രേംലാൽ ജനറൽ ആശുപത്രിയിൽ ചികിൽസ തേടി. ഇന്നു രാവിലെ ചേർന്ന യൂണിയൻ ജില്ലാ കമ്മറ്റിയോഗം, എസ്പിക്കും, കലക്ടർക്കും പരാതി നൽകി. ഉടൻ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പത്തനംതിട്ട ഡിവൈഎസ്പി എസ് റഫീഖിനെ ചുമതലപ്പെടുത്തി. എല്ലാത്തിനും തെളിവായ സിസിടിവി ദൃശ്യങ്ങൾ പൊലീസ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന മാധ്യമപ്രവർത്തകരുടെ പരാതിയിൽ ദൃശ്യങ്ങൾ കോപ്പി ചെയ്ത് ഹാജരാക്കാൻ ജില്ലാ കലക്ടർ പിബി നൂഹ് ഡിവൈഎസ്പിക്ക് നിർദേശം നൽകി. അതേസമയം, പൊലീസുകാരുടെ ഭാഗം ന്യായീകരിക്കാനുള്ള ശ്രമമാണ് ഡിവൈഎസ്പി നടത്തുന്നതെന്ന് മാധ്യമപ്രവർത്തകർ ആരോപിച്ചു. പിന്നീട് മാധ്യമപ്രവർത്തകർ നടത്തിയ പരിശോധനയിൽ സ്‌റ്റേഷൻ വളപ്പിൽ നിന്ന് നിരവധി മദ്യക്കുപ്പികൾ കണ്ടെത്തി.

രാത്രി ഏഴു മണിക്ക് ശേഷം പോലീസ് സ്‌റ്റേഷനുള്ളിൽ മദ്യപാനം പതിവാണെന്ന് നേരത്തേ തന്നെ പരാതി ഉയർന്നിരുന്നു. പൊലീസുകാരുടെ ഭാര്യമാരാണ് ഇത്തരമൊരു പരാതിയുമായി മാധ്യമപ്രവർത്തകരെ സമീപിച്ചത്. അന്ന് സിഐയുടെ ഉറപ്പിനെ തുടർന്നാണ് മാധ്യമങ്ങൾ വാർത്ത നൽകാതിരുന്നത്. താൻ ഇടപെട്ട് മദ്യപാനം അവസാനിപ്പിക്കാമെന്ന് അന്ന് സിഐ ഉറപ്പു നൽകിയിരുന്നു. സമാന അനുഭവം സാധാരണക്കാർക്കും നേരിടേണ്ടി വന്നുവെന്ന്് പറയുന്നു. മാസങ്ങൾക്ക് മുൻപ് മറ്റൊരു മാധ്യമപ്രവർത്തകനും മദ്യപിച്ച ലക്കുകെട്ട പൊലീസുകാരുടെ പീഡനത്തിന് സ്‌റ്റേഷനിൽ ഇരയാകേണ്ടി വന്നിരുന്നു. മാധ്യമപ്രവർത്തകർ പരാതിയുമായി മുന്നോട്ട് പോകുമെന്ന് വന്നതോടെ ഒത്തു തീർപ്പിനുള്ള ശ്രമം എസ്‌ഐ അടക്കമുള്ളവർ ആരംഭിച്ചിട്ടുണ്ട്. പ്രസ് ക്ലബിൽ വന്ന് മാപ്പു പറയാമെന്ന നിർദേശം പക്ഷേ, മാധ്യമപ്രവർത്തകർ തള്ളി.

English summary
journalist attacked in police station during new year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X