സിഎഎ പറഞ്ഞാൽ വിശപ്പ് മാറുമോ? അനില്‍ ആന്റണിക്കെതിരെ വ്യാജ പ്രചരണമെന്നും സുരേന്ദ്രന്‍
സുല്‍ത്താന്‍ ബത്തേരി: ജനകീയ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാൻ ഭരണകക്ഷിയായ എൽഡിഎഫും യുഡിഎഫും കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു വിഭാഗത്തെ പ്രീണിപ്പിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് മുഖ്യമന്ത്രിയും പ്രതിപക്ഷവും ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സിഎഎയും കേരള സ്‌റ്റോറി മാത്രമാണ് മുഖ്യമന്ത്രി പറയുന്നതെന്നും ബി ജെ പി അധ്യക്ഷന്‍ പറഞ്ഞു.
നിരവധി വിഷയങ്ങൾക്ക് മറുപടി പറയാതെ ഇണ്ടി മുന്നണി പത്തനംതിട്ടിയിലെ ബി ജെ പി സ്ഥാനാർത്ഥി അനിൽ ആൻ്റണിക്കും രാജീവ് ചന്ദ്രശേഖറിനും ശോഭ സുരേന്ദ്രനുമെതിരെ വ്യാജപ്രചരണം നടത്തുകയാണ്. അനിലല്ല ലക്ഷ്യം എകെ ആൻ്റണിയാണ് ഇവരുടെ ലക്ഷ്യം. കെ.കരുണാകരനെ വേട്ടയാടിയ പോലെ ആൻ്റണിയേയും വേട്ടയാടുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

മുസ്ലിംങ്ങളെ ആശങ്കയിലാക്കി വരുതിയിലാക്കുകയാണ് ഉദ്ദേശം. കേരളത്തിലെ മതന്യൂനപക്ഷങ്ങളെല്ലാം ഒറ്റ ബ്ലോക്കല്ലെന്ന് ഭരണപക്ഷവും പ്രതിപക്ഷവും മനസിലാക്കണം. കരിവന്നൂരിലെ ഇഡി അന്വേഷണത്തെ പറ്റിയോ സി പി എമ്മിൻ്റ കള്ളപ്പണ അക്കൗണ്ടുകളെ പറ്റിയോ പിണറായി വിജയൻ മിണ്ടുന്നില്ല. പാനൂർ ബോംബ് നിർമ്മാണത്തെ പറ്റി അറിഞ്ഞ ഭാവം നടിക്കുന്നില്ല. വിഷുവിന് മുമ്പ് സർക്കാരിന് ക്ഷേമ പെൻഷൻ പോലും കൊടുത്തു തീർക്കാൻ സാധിക്കുന്നില്ല.
തൊഴിലുറപ്പ് വിഹിതം കൊടുക്കുന്നില്ല. സംസ്ഥാനത്ത് സമ്പൂർണമായ ഭരണസ്തംഭനമാണ്. പ്രതിപക്ഷവും ഇതേ മാർഗം തന്നെയാണ് സ്വീകരിക്കുന്നത്. വന്യമൃഗശല്യത്തെ കുറിച്ച് രണ്ട് പാർട്ടികൾക്കും മറുപടിയില്ല. വനമേഖലയിൽ തീ പടർന്നു പിടിക്കുകയാണ്. വയനാട്ടിൽ കുടിവെള്ളക്ഷാമം രൂക്ഷം. 1974ൽ ആരംഭിച്ച കാരാപ്പുഴ ഇറിഗേഷൻ പ്രൊജക്ട് 50 കൊല്ലം കഴിഞ്ഞിട്ടും പൂർത്തിയാക്കിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
അന്ന് 7. 6 കോടി എസ്റ്റിമേറ്റ് ഉണ്ടായിരുന്നിടത്ത് ഇന്ന് 304 കോടി ചിലവഴിച്ചിട്ടും നാട്ടുകാർക്ക് ഇതുവരെ വെള്ളമെത്തിക്കാനായിട്ടില്ല. രാഹുൽഗാന്ധി വയനാടിന് വേണ്ടി എന്ത് ചെയ്തു. കർഷകരുടെ ഉത്പന്നങ്ങൾക്ക് വില ലഭിക്കുന്നില്ല. സിഎഎ പറഞ്ഞാൽ വിശപ്പ് മാറുമോ? മാദ്ധ്യമങ്ങളും ഇത്തരം വിഷയങ്ങൾ ഏറ്റെടുക്കുന്നില്ല. എൻ ഡി എ ജനകീയ വിഷയങ്ങൾ സംസാരിക്കുമ്പോൾ ചില മാദ്ധ്യമങ്ങൾ അതിലെ വിവാദം മാത്രം ഊതി കത്തിച്ച് സിപിഎമ്മിനും കോൺഗ്രസിനും ഗുണമുണ്ടാക്കി കൊടുക്കുകയാണ്.
രാഹുൽഗാന്ധി എത്ര തവണ വയനാട്ടിൽ വന്നു? ആനി രാജ നമ്മൾ പരസ്പരം മത്സരിക്കരുതെന്ന വിചിത്ര വാദം ഉന്നയിച്ചു. വനം വന്യജീവി പ്രശ്നം രാഹുൽ ഗാന്ധി എന്താണ് പാർലമെൻ്റിൽ ഉന്നയിക്കാത്തത്? ആസ്പിരേഷൻ ജില്ലയായ വയനാടിന് വേണ്ടി എംപി എന്ത് ചെയ്തു. ഇത്തരം അടിസ്ഥാന പ്രശ്നങ്ങൾ അഡ്രസ് ചെയ്യാൻ മാദ്ധ്യമങ്ങൾ തയ്യാറാവുന്നില്ല. മാദ്ധ്യമങ്ങൾ ഇതെല്ലാം തമസ്ക്കരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
പൂഴിത്തോട് ചുരം റോഡിൻ്റെ പ്രശ്നത്തിൽ സർക്കാരിനും എംപിക്കും മറുപടിയില്ല. ആദിവാസികൾക്ക് പട്ടയം കൊടുക്കുമെന്ന് പറഞ്ഞിട്ട് സർക്കാർ കൊടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ പ്രശാന്ത് മലയൽ, സന്ദീപ് ജി വാര്യർ, കവിത എന്നിവരും സംബന്ധിച്ചു.












Click it and Unblock the Notifications