യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബൂത്തിലടക്കം 250 ൽ അധികം വോട്ട് നേടും;കെയു ജനീഷ് കുമാർ
പത്തനംതിട്ട; കോന്നിയിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് കെയു ജനീഷ് കുമാർ എംഎൽഎ.യുഡിഎഫ് സ്ഥാനാർത്ഥിയുടെ സ്വന്തം ബൂത്തിലടക്കം 250 ൽ അധികം വോട്ടുകളുടെ ലീഡ് എൽഡിഎഫ് നേടും.എൽഡിഎഫ് പരാജയപ്പെടുമെന്ന് പറയുന്നവർ സ്വപ്ന ലോകത്ത് ജീവിക്കുന്നവരാണെന്നും ജനീഷ് കുമാർ പറഞ്ഞു.
കോന്നിയിലെ ജനവിധി അട്ടിമറിക്കാൻ ചില മാനേജർമാർ ചാക്കുമായി നടന്നു എന്നത് വ്യക്തമാണ്. ചില പഞ്ചായത്തുകളിലെ ബിജെപി പ്രവർത്തനത്തിലെ സജീവത വളരെ പെട്ടെന്ന് ഇല്ലാതാകുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.സംസ്ഥാന പ്രസിഡൻ്റ് മത്സരിക്കുകയും, പ്രധാനമന്ത്രി അടക്കം പ്രചരണ രംഗത്ത് വരികയും ചെയ്തിട്ടും പല ബൂത്തുകളിലും വോട്ടിംഗ് ദിവസം ബിജെപി പ്രവർത്തകർ സജീവമല്ലാത്ത സ്ഥിതിയുണ്ടായി.രാഹുൽ ഗാന്ധി അടക്കം പ്രചരണത്തിനെത്തിയിട്ടും മുൻ എം.എൽ.എയുടെ ശക്തികേന്ദ്രങ്ങളായി പറയപ്പെടുന്ന സ്ഥലങ്ങളിൽ കോൺഗ്രസ് ബൂത്തു പോലും ഇല്ലാത്ത സ്ഥിതിയായിരുന്നു.

കോൺഗ്രസിലെ പ്രശ്നങ്ങളെ തുടർന്ന് നിരവധിയാളുകൾ തെരഞ്ഞെടുപ്പ് കാലത്ത് രാജിവച്ച് എൽ.ഡി.എഫിനെ പിൻതുണച്ചു. ചില ഗൂഢലക്ഷ്യങ്ങൾ നടപ്പിലാക്കാനുള്ള ശ്രമമാണ് കോന്നിയിലെ കോൺഗ്രസിൽ ചിലർ നടത്തിയത്. തെരഞ്ഞെടുപ്പു ഫലം അത് വെളിച്ചത്തു കൊണ്ടുവരും.കോൺഗ്രസിലെ പ്രതിഷേധത്തിലൂടെ നഷ്ടപ്പെടുന്ന വോട്ട് ബി.ജെ.പിയിൽ നിന്നു വാങ്ങാമെന്ന നിലയിലാണ് കോൺഗ്രസ് മാനേജർ പ്രവർത്തിച്ചത്.ഇതെല്ലാം ബോധ്യപ്പെട്ട് ചിട്ടയായ പ്രവർത്തനമാണ് എൽ.ഡി.എഫ് നടത്തിയത്. ബൂത്ത് തലത്തിൽ തന്നെ എൽ.ഡി.എഫ് പ്രവർത്തകർ പുലർത്തിയ ജാഗ്രത എൽ.ഡി.എഫ് വിജയത്തിനു കാരണമാകും.കോൺഗ്രസും, ബി.ജെ.പിയും നടത്തിയ കടുത്ത വർഗ്ഗീയ പ്രചരണം അവർക്കു തന്നെ തിരിച്ചടിയാകും.എല്ലാ കച്ചവടങ്ങളേയും, കച്ചവടക്കാരെയും കോന്നി ജനത തള്ളിക്കളയുന്ന ജനവിധി ഉണ്ടാകും.എൽ.ഡി.എഫ് മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും.












Click it and Unblock the Notifications