ജോലി ആയില്ലെന്ന വിഷമം ആർക്കും വേണ്ട : ഒക്ടോബറില്‍ 50000 തൊഴില്‍ അവസരങ്ങള്‍, എത്തേണ്ടത് ഇവിടെ
പത്തനംതിട്ട: വിജ്ഞാന്‍ പത്തനംതിട്ട പദ്ധതി പ്രകാരം ഒക്ടോബർ മാസത്തിൽ 50,000 തൊഴിലവസരങ്ങൾ ഉദ്യോഗാർത്ഥികൾക്ക് ലഭ്യമാക്കുമെന്ന് തോമസ് ഐസക്. എല്ലാ ആഴ്ചയിലും ശനിയാഴ്ച ദിവസം തിരുവല്ല മാർത്തോമാ കോളേജിലാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് നടക്കുന്നത്. വെള്ളിയാഴ്ചകളിൽ ഓൺലൈൻ റിക്രൂട്ട്മെന്റും നടക്കും. ഒക്ടോബർ അവസാനത്തോടെ 5,000 പേർക്ക് തൊഴിൽ നൽകുമെന്നല്ലേ വാഗ്ദാനം ചെയ്തത്. അത് തീർച്ചയായും ചെയ്യുമെന്നും അദ്ദേഹം പറയുന്നു.
കേരള നോളഡ്ജ് ഇക്കോണമി മിഷനും കെ-ഡിസ്കുമാണ് തൊഴിലവസരങ്ങൾ കണ്ടെത്തുന്നത്. നിങ്ങൾ ഉദ്യോഗാർത്ഥിയാണോ? ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ (DWMS) പേര് രജിസ്റ്റർ ചെയ്യുക(https://knowledgemission.kerala.gov.in/verify...). ഈ പ്ലാറ്റ്ഫോമിൽ ഇപ്പോൾ 50,000-ത്തിൽപ്പരം തൊഴിലുകളുടെ വിശദാംശങ്ങളുണ്ട്. ഏത് തൊഴിലിനാണോ താല്പര്യം അതിന് DWMS വഴി തന്നെ അപേക്ഷിക്കുക. ഒരാൾക്ക് ഒന്നിലേറെ തൊഴിലുകൾക്ക് അപേക്ഷിക്കുന്നതിനു തടസ്സമില്ല. ഇതിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ജോബ്സ്റ്റേഷനുമായി ബന്ധപ്പെടുക. അവർ നിങ്ങളെ രജിസ്റ്റർ ചെയ്യുന്നതിനും ജോലിക്ക് അപേക്ഷിക്കുന്നതിനും സഹായിക്കും.

തൊഴിൽ മേള ആകുമ്പോഴേക്കും മറ്റൊരു 20,000 തൊഴിലവസരങ്ങൾകൂടി ലഭ്യമാകുമെന്നാണ് കരുതുന്നത്. നിങ്ങളുടെ ഇന്റർവ്യൂ നടക്കുന്ന ദിവസവും സ്ഥലവുമെല്ലാം ജോബ് സ്റ്റേഷനിൽ നിന്ന് നേരത്തെ അറിയിക്കുന്നതാണ്.
റാന്നി സെന്റ് തോമസ് കോളേജിൽ നടന്ന തൊഴിൽ മേളയിൽ പങ്കെടുത്ത ആയിരത്തിൽപ്പരം പേരിൽ പകുതിപ്പേർ അഭിമുഖത്തിൽ പരാജയപ്പെട്ടു. തള്ളപ്പെട്ടതിന്റെ കാരണം എന്തെന്ന് ഇന്റർവ്യൂ ബോർഡിന്റെ അഭിപ്രായം ഉദ്യോഗാർത്ഥികളെ അറിയിക്കുന്നുണ്ട്. ഈ ദൗർബല്യം പരിഹരിച്ച് വീണ്ടും ഇന്റർവ്യൂവിന് പങ്കെടുക്കുന്നതിന് സെപ്തംബർ 26-ന് മലയാലപ്പുഴ മുസ്ലിയാർ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽവച്ച് ഒരു പ്രത്യേക തൊഴിൽ മേള സംഘടിപ്പിക്കുന്നുണ്ടെന്നും തോമസ് ഐസക് അറിയിച്ചു.
റാന്നി തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്തെങ്കിലും അഭിമുഖത്തിൽ പങ്കെടുക്കാതിരുന്നവർക്കും ഇവിടെ വീണ്ടും ഒരു അവസരം ലഭിക്കും. ഇവർക്ക് മുൻകൂറായി പ്രത്യേക കൗൺസിലിംഗിന് അവസരമൊരുക്കുന്നതാണ്.
മാർത്തോമ കോളേജിൽ നടക്കുന്ന റിക്രൂട്ട്മെന്റ് ഡ്രൈവിലെ ആദ്യത്തെ തൊഴിൽ മേള ഒക്ടോബർ 5-നാണ്. നേഴ്സുമാർക്കുള്ള ഇന്റർവ്യൂവാണ് അന്ന് നടക്കുക. ഒക്ടോബർ 12-ന് മുഖ്യമായും ഡിപ്ലോമക്കാർക്കു വേണ്ടിയുള്ള മേളയാണ്. ഒക്ടോബർ 19 പ്രൊഫഷണൽ തൊഴിലുകൾക്കു വേണ്ടിയുള്ളതാണ്. ഒക്ടോബർ 27-ന് അധ്യാപകർക്കും ചെറുകിട സംരംഭങ്ങളിലെ തൊഴിലുകൾക്കും വേണ്ടിയുള്ളതാണ്. നവംബർ 9-ന് മെഗാ തൊഴിൽ എക്സ്പോയോടുകൂടി റിക്രൂട്ട്മെന്റ് ഡ്രൈവ് അവസാനിക്കും. 10-ന് നടക്കുന്ന പൊതുസമ്മേളനത്തിൽവച്ച് തൊഴിൽ ലഭിച്ചവരുടെ പേരുവിവരവും എണ്ണവും പ്രഖ്യാപിക്കും.
നേരിട്ട് നടക്കുന്ന അഭിമുഖങ്ങൾക്കു പുറമേ ഓൺലൈനായുള്ള അഭിമുഖങ്ങളുമുണ്ട്. ഓൺലൈൻ അഭിമുഖങ്ങൾ നേരിട്ടുള്ള അഭിമുഖ ദിവസത്തിന്റെ തൊട്ടുതലേ വെള്ളിയാഴ്ചയാണ് നടക്കുക.
പരമാവധി ഉദ്യോഗാർത്ഥികളെ പങ്കെടുപ്പിക്കാനാണ് ശ്രമിക്കുന്നത്. കുടുംബശ്രീ ഇതിനായി വനിതാ ഉദ്യോഗാർത്ഥികളുടെ പ്രത്യേക ഓക്സിലറി ഗ്രൂപ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. DWMS-ൽ രജിസ്റ്റർ ചെയ്യുകയും ജോലിക്ക് ഏതെങ്കിലും ഘട്ടത്തിൽ അപേക്ഷിക്കുകയും ചെയ്തിട്ടുള്ള പതിനായിരം പേരെ പ്രത്യേകം ബന്ധപ്പെടാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഏതു സംഘടനയ്ക്കും തല്പരരായ ആളുകളുടെ പേരുകൾ ജോബ് സ്റ്റേഷനുകളിൽ സമർപ്പിക്കാവുന്നതാണ്. അവരെയെല്ലാം നേരിട്ടു ബന്ധപ്പെടും. കേരളത്തിലെ ഏത് ഉദ്യോഗാർത്ഥിക്കും അപേക്ഷിക്കാം. തിരുവല്ലയിൽ നേരിട്ട് വരണമെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications