ഭാഗ്യനമ്പര്‍ മറ്റൊരു ലോട്ടറിക്കാരന്റെ കൈയില്‍, കണ്ണുംപൂട്ടി വാങ്ങിച്ചു; 75 ലക്ഷം ലോട്ടറി വില്‍പനക്കാരന്
പത്തനംതിട്ട: വിന്‍ വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം തേടിയെത്തിയത് ലോട്ടറി വില്‍പനക്കാരന്. മറ്റൊരു ലോട്ടറി വില്‍പനക്കാരനില്‍ നിന്ന് ലോട്ടറി എടുത്ത വെള്ളിയറ വള്ളിയാട്ട് പി രാജഗോപാലന്‍ എന്ന ലോട്ടറി വില്‍പനക്കാരനെ ആണ് ഭാഗ്യം തേടിയെത്തിയത്. പത്തനംതിട്ട ജില്ലയിലെ അയിരൂരില്‍ നിന്ന് ആണ് ഈ അപൂര്‍വ ഭാഗ്യത്തിന്റെ വാര്‍ത്ത പുറത്ത് വരുന്നത്. പത്തനംതിട്ട അയിരൂര്‍ പ്ലാങ്കമണ്‍ ജങ്ഷനില്‍ ലോട്ടറി വില്‍പ്പനക്കാരന്‍ ആണ് വെള്ളിയറ വള്ളിയാട്ട് പി രാജഗോപാലന്‍.
എല്ലാ ദിവസും ഏജന്‍സിയില്‍ നിന്ന് വാങ്ങിക്കുന്ന ടിക്കറ്റുകള്‍ രാജഗോപാലന്‍ വിറ്റഴിക്കാറുണ്ട്. എങ്കിലും മറ്റേതെങ്കിലും ലോട്ടറി വില്‍പനക്കാരന്‍ വന്നാല്‍ അവരില്‍ നിന്നും ഇഷ്ട നമ്പര്‍ നോക്കി ടിക്കറ്റ് വാങ്ങുന്ന ശീലവും രാജഗോപാലനുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസം വാങ്ങിയ ടിക്കറ്റിനാണ് രാജഗോപാലന് ഒന്നാം സമ്മാനം ലഭിച്ചത്. 75 ലക്ഷം രൂപയാണ് വിന്‍ വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം.

കുട്ടിക്കാലത്ത് പൊള്ളലേറ്റതോടെ രാജഗോപാലന്റെ ഇരു കൈകള്‍ക്കും സ്വാധീന കുറവുണ്ട്. അതിനാല്‍ രാജഗോപാലന് കഠിനമായ ജോലികള്‍ ചെയ്യാന്‍ സാധിക്കില്ല. ഇതിനാല്‍ ലോട്ടറി വില്‍പനയും ഒപ്പം മറ്റ് ചെറിയ തൊഴിലുകളും ചെയ്താണ് രാജഗോപാലന്‍ കുടുംബം പോറ്റുന്നത്. ഡല്‍ഹിയില്‍ ഇലട്രോണിക്സ് മെക്കാനിക്ക് ആയിരുന്ന രാജഗോപാലന്‍ കൊവിഡ് കാലത്ത് ആണ് നാട്ടില്‍ തിരിച്ചെത്തിയത്.

പിന്നീട് ശേഷം നാല് മാസങ്ങള്‍ക്ക് മുന്‍പാണ് അയിരൂര്‍ പ്ലാങ്കമന്‍ ജംഗ്ഷനില്‍ ലോട്ടറി കച്ചവടം ആരംഭിക്കുന്നത്. മറ്റ് ലോട്ടറി വില്‍പനക്കാര്‍ വരുമ്പോള്‍ നമ്പര്‍ നോക്കി ഭാഗ്യനമ്പറാണോ എന്ന് പരിശോധിച്ചാണ് രാജഗോപാലന്‍ ടിക്കറ്റ് എടുക്കാറുള്ളത്. അത്തരത്തില്‍ എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. മറ്റൊരു വില്പനക്കാരനില്‍ നിന്നും താത്പര്യമുള്ള ഒരു നമ്പര്‍ കണ്ടതിനാല്‍ രണ്ട് ടിക്കറ്റ് ആണ് രാജഗോപാലന്‍ വാങ്ങിയത്.

അതിന് ശേഷം ലോട്ടറിക്കട അടക്കുമ്പോള്‍ മിച്ചമുള്ള സ്വന്തം ടിക്കറ്റിനൊപ്പമാണ് വാങ്ങിയ ഈ രണ്ട് ടിക്കറ്റും സൂക്ഷിച്ചത്. ഫലം വന്നപ്പോള്‍ വൈകുന്നേരം പ്ലാങ്കമന്‍ ജംഗ്ഷനില്‍ എത്തി ടിക്കറ്റ് ഒത്തു നോക്കിയപ്പോഴാണ് ഒന്നാം സമ്മാനം എന്ന് ഉറപ്പിച്ചത്. ഉടന്‍ ഭാര്യ റീറ്റയെ വിളിച്ച് സന്തോഷം പങ്കുവെക്കുകയും ചെയ്തു. സമ്മാനാര്‍ഹമായ ടിക്കറ്റ് ഇന്ന് തന്നെ രാജഗോപാലന്‍ ബാങ്കില്‍ ഏല്‍പ്പിക്കും.

നാല് സെന്റ് ഭൂമിയില്‍ ഷീറ്റിട്ട വീട്ടില്‍ മക്കളായ രാഹുല്‍, ഗോകുല്‍, വിഷ്ണു, റിയ എന്നിവര്‍ക്കൊപ്പമാണ് കഴിയുന്ന രാജഗോപാല്‍ - റീറ്റ ദമ്പതികള്‍ താമസിക്കുന്നത്. ലോട്ടറി അടിച്ച് ലഭിച്ച പണം കൊണ്ട് സ്ഥലം വാങ്ങി സൗകര്യമുള്ള വീട് വെക്കണം എന്നാണ് രാജഗോപാലന്റെ ആഗ്രഹം. കുട്ടികളെ പഠിപ്പിക്കണം എന്നും ലോട്ടറി കച്ചവടം തുടരാന്‍ തന്നെയാണ് തീരുമാനം എന്നും രാജഗോപാലന്‍ പറയുന്നു.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് തിങ്കളാഴ്ച്ചകളില്‍ നറുക്കെടുക്കുന്ന ലോട്ടറിയാണ് വിന്‍-വിന്‍. WL 697023 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് രാജഗോപാലന് സമ്മാനം ലഭിച്ചത്. വിന്‍-വിന്‍ ലോട്ടറി ടിക്കറ്റിന് 40 രൂപയാണ് വില. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്












Click it and Unblock the Notifications