കുംഭമാസപൂജ: ശബരിമല നട ഫെബ്രുവരി 12 ന് തുറക്കും, ദിവസേന 15,000 ഭക്തര്‍ക്ക് പ്രവേശനം
ശബരിമല: കുംഭമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട ഫെബ്രുവരി 12 ന് വൈകുന്നേരം അഞ്ചിന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി എം എന്‍ പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിക്കും. തുടര്‍ന്ന് മേല്‍ശാന്തി ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആഴിയില്‍ അഗ്‌നി പകരും.
നട തുറക്കുന്ന 12ന് പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല. അന്ന് രാത്രി 7.30 ന് നട അടയ്ക്കും. കുംഭം ഒന്നായ 13ന് പുലര്‍ച്ചെ അഞ്ചിന് ക്ഷേത്ര നടതുറക്കും. ശേഷം നിര്‍മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും. 5.30ന് മഹാഗണപതിഹോമം. തുടര്‍ന്ന് നെയ്യഭിഷേകം. 7.30ന് ഉഷപൂജ. 13ന് പുലര്‍ച്ചെ മുതല്‍ ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കും. 13 മുതല്‍ 17 വരെയുള്ള അഞ്ചു ദിവസങ്ങളില്‍ ഉദയാസ്തമയപൂജ, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. ഇത്തവണയും വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാം. പ്രതിദിനം 15,000 ഭക്തര്‍ക്കാണ് ദര്‍ശനത്തിനായി അനുമതി നല്‍കുന്നത്.

പാസ് ലഭിച്ചവര്‍ കോവിഡ് 19 രണ്ട് ഡോസ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ദര്‍ശനത്തിനായി എത്തിച്ചേരുമ്പോള്‍ കൈയില്‍ കരുതണം. അഞ്ചു ദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്ര നട 17 ന് രാത്രി ഒന്‍പതിന് ഹരിവരാസനം പാടി അടയ്ക്കും. മീനമാസ പൂജകള്‍ക്കും ഉത്രം ഉത്‌സവത്തിനുമായി ശബരിമല ക്ഷേത്ര നട മാര്‍ച്ച് എട്ടിന് തുറന്ന് മാര്‍ച്ച് 19 ന് അടയ്ക്കും. മാര്‍ച്ച് ഒന്‍പതിനാണ് കൊടിയേറ്റ്. മാര്‍ച്ച് 18 ന് പൈങ്കുനി ഉത്രം ആറാട്ട് നടക്കും. 19 ന് രാത്രി നട അടയ്ക്കും.
നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും മണ്ഡലകാലത്ത് ശബരിമലയില്‍ മികച്ച രീതിയില്‍ തീർത്ഥാടനം നടത്താന്‍ സാധിച്ചിരുന്നു. മണ്ഡലപൂജ കഴിഞ്ഞ നട അടക്കുമ്പോള്‍ 1,122,010 പേര്‍ 41 ദിവസം കൊണ്ട് ദര്‍ശനം നടത്തി. 80 കോടിയില്‍ അധികം രൂപ നടവരവ് ഇനത്തില്‍ ലഭിച്ചിട്ടുണ്ട്. കോവിഡ് സ്യഷ്ടിച്ച പരിമിതികള്‍ക്കിടയിലും ഭക്തരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റപ്പെട്ടായിരുന്നു 41 ദിവസം നീണ്ട മണ്ഡലകാല തീർത്ഥാടനം സമാപിച്ചത് .












Click it and Unblock the Notifications