ജെഎന്‍യുവിലെ ഇടത് വിജയം: ലോക്സഭ തിരഞ്ഞെടുപ്പ് കാലത്തെ യുവാക്കളുടെ ചിന്തയെന്ന് തോമസ് ഐസക്
ഡൽഹി: ജെഎൻയുവിലെ തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രതികരിച്ച് പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്. ജെഎന്‍യുവിലെ ഇടത് വിജയം ലോക്സഭ തിരഞ്ഞെടുപ്പ് കാലത്തെ യുവാക്കളുടെ ചിന്തയാണെന്ന് ഐസക് പറഞ്ഞു. ജെ എൻ യു എന്നാൽ എന്തോ അപകടം ആണെന്ന് വരുത്തിത്തീർക്കാൻ സംഘപരിവാർ നടത്തുന്ന ശ്രമങ്ങൾ ഇനിയെങ്കിലും അവസാനിപ്പിക്കണം. രാജ്യത്തെ യുവത്വത്തെയാണ് അവർ ഇതിലൂടെ അപമാനിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ദില്ലിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ നേടിയ അർത്ഥശങ്കയ്ക്കിടയില്ലാത്ത വിജയം ആവേശകരമാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് രാജ്യത്തെ യുവാക്കളുടെ ചിന്ത ഈ തെരഞ്ഞെടുപ്പ് വെളിപ്പെടുത്തി.

ആർഎസ്എസിന്റെ വിദ്യാർത്ഥി സംഘടനയായ എബിവിപി ഉയർത്തിയ വെല്ലുവിളിക്കെതിരെ ഇടതുപക്ഷ വിദ്യാർഥി സംഘടനകളായ എസ്എഫ്ഐ, ഐസ, എഐഎസ്എഫ്, ഡിഎസ്എഫ് എന്നീ ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ ഒരുമിച്ചു നില്ക്കുകയായിരുന്നു.
യൂണിയൻ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിച്ച ഐസയുടെ പ്രതിനിധി ധനഞ്ജയ് 2598 വോട്ട് നേടി എബിവിപിയുടെ സ്ഥാനാർത്ഥിയെ 922 വോട്ടുകൾക്ക് തോല്പിച്ചു. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് എസ് എഫ് ഐയുടെ അവിജിത് ഘോഷിൻറെ ഭൂരിപക്ഷം 927 വോട്ട് ആണ്.
ജനറൽ സെക്രട്ടറിയായി ഐക്യ ഇടതുപക്ഷ വിദ്യാർഥി മുന്നണിയുടെ സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശം സാങ്കേതികകാരണങ്ങളാൽ തള്ളിക്കളഞ്ഞപ്പോൾ ബാപ്സ (ബർസ, അംബേദ്കർ, ഫുലെ സ്റ്റുഡൻറ്സ് അസോസിയേഷൻ) യുടെ പ്രിയാൻഷി ആര്യയെ ഇടതു സംഘടനകൾ പിന്തുണയ്ക്കുകയായിരന്നു. 926 വോട്ടിന് പ്രിയാൻഷിയും ജയിച്ചു.
ജോയിൻറ് സെക്രട്ടറി സ്ഥാനത്തേക്ക് എഐഎസ്എഫിൻറെ മുഹമ്മദ് സാജിദ് 508 വോട്ടിന്റെ ഭൂരിപക്ഷത്തിന് ആണ് വിജയിച്ചത്.
ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ജവഹർലാൽ നെഹ്രു സർവകലാശാലയെ നശിപ്പിക്കാനും അവിടത്തെ വിദ്യാർഥികളുടെ ജനാധിപത്യാവകാശങ്ങൾ കവർന്നെടുക്കാനും ആസൂത്രിതമായ ശ്രമങ്ങൾ ആണ് സംഘപരിവാർ കുറേക്കാലമായി നടത്തുന്നത്. അവിടത്തെ വിദ്യാർഥികളെ കായികമായി ആക്രമിച്ചു. എസ്എഫ്ഐ നേതാവായിരുന്ന ഐഷി ഘോഷ് അടക്കമുള്ള വിദ്യാർഥികളെ ഗുണ്ടകളെ അയച്ചു തല്ലിച്ചതച്ചു. വിദ്യാർത്ഥികളുടെമേൽ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. ഇപ്പോൾ യുജിസി ചെയർമാനായിരിക്കുന്ന മുൻ വൈസ് ചാൻസലറും ഇപ്പോഴുത്തെ വൈസ് ചാൻസലറും ഒക്കെ അവിടത്തെ വിദ്യാർഥികളുടെ ഇടതുപക്ഷ ആഭിമുഖ്യം തകർക്കാൻ ആവത് ശ്രമിച്ചു.
ഈ തെരഞ്ഞെടുപ്പിലും എസ് എഫ് ഐക്കാരെ ശാരീരികമായി ആക്രമിക്കുകയാണ് എബിവിപി ചെയ്തത്. ഈ പ്രകോപനങ്ങളിൽ ഒന്നും വീഴാതെ സ്വന്തം ആശയങ്ങൾ വിദ്യാർഥികളുടെ മുന്നിൽ അവതരിപ്പിച്ച് വിജയിച്ച ഇടതുപക്ഷ വിദ്യാർഥി സംഘടനകൾക്ക് എൻറെ അഭിവാദ്യങ്ങൾ. ഈ സർവകലാശാലയുടെ ഇടതുപക്ഷ പാരമ്പര്യം ഈ കെട്ട കാലത്തും കാത്തു സൂക്ഷിച്ച നിങ്ങളുടെ പേരിൽ ജെ എൻ യുവിൽ നിന്ന് എംഫിലും പിഎച്ച്ഡിയും എടുത്ത ഒരു വിദ്യാർഥി എന്ന നിലയിൽ എനിക്ക് അഭിമാനമുണ്ട്. ഏതാനും വർഷങ്ങൾക്കു മുമ്പ് സർവകലാശാലയുടെ ജനാധിപത്യപാരമ്പര്യം സംരക്ഷിക്കാൻ വിദ്യാർഥികൾ നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായ ഒരു യോഗത്തിൽ സംസാരിക്കാനായത് ഞാൻ ഇവിടെ ഓർമിക്കുന്നു.
ജെ എൻ യു എന്നാൽ എന്തോ അപകടം ആണെന്ന് വരുത്തിത്തീർക്കാൻ സംഘപരിവാർ നടത്തുന്ന ശ്രമങ്ങൾ ഇനിയെങ്കിലും അവസാനിപ്പിക്കണം. രാജ്യത്തെ യുവത്വത്തെയാണ് അവർ ഇതിലൂടെ അപമാനിക്കുന്നത്. സംഘപരിവാർ വാട്സ് ആപ്പ് സർവകലാശാല വഴി പ്രചരിപ്പിച്ച അസംഖ്യം നുണ പ്രചാരണങ്ങളെ വിദ്യാർഥികൾ അതിജീവിച്ചു. ഒടുവിൽ ഈ സർവകലാശാലയ്ക്ക് അവമതിപ്പ് ഉണ്ടാക്കാൻ ജെഎൻയു എന്ന പേരിൽ ഒരു സിനിമ പോലും അവർ പുറത്തിറക്കുകയാണ്. "ഒരു സർവകലാശാലയ്ക്ക് രാജ്യത്തെ ഛിദ്രമാക്കാൻ കഴിയുമോ" എന്നതാണ് ഈ സിനിമയുടെ പ്രകോപനപരമായ പരസ്യവാചകം!
ഒരു കാര്യം കൂടെ പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കാം. ആർഎസ്എസ് ഉയർത്തിയ ഈ വെല്ലുവിളി നേരിടാൻ കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ എൻഎസ്യുഐ കൂടെ കൂടിയില്ല എന്നതാണ് അത്. ഓരോ സീറ്റിലും ഇരുനൂറും മുന്നൂറും വോട്ട് വാങ്ങി അവർ പരിഹാസ്യരായി എങ്കിലും ആർ എസ് എസിന്റെ വിദ്യാർഥി സംഘടനയുടെ ആക്രമണങ്ങളെ തടയാൻ മറ്റു വിദ്യാർഥികളുടെ ഒപ്പം ചേർന്നില്ല.












Click it and Unblock the Notifications