സംഘിക്ക് ഇതിനെക്കുറിച്ചൊക്കെ എന്ത് അറിയാം? മൂന്നാമതെത്തുമെന്ന പരിഹാസത്തില്‍ തോമസ് ഐസക്
പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന എക്‌സിറ്റ് പോളില്‍ തനിക്ക് പരാജയം പ്രവചിച്ചത് ആഘോഷമാക്കിയ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ക്ക് മറുപടിയുമായി പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ടിഎം തോമസ് ഐസക്. മണിക്കൂറുകള്‍ക്ക് ശേഷം ഫലം വരുമെന്നിരിക്കെ ആഘോഷങ്ങള്‍ നടക്കട്ടെ എന്നാണ് അദ്ദേഹം പറയുന്നത്.
എന്നാല്‍ ഇതിനൊപ്പം ശുചിമുറി വൃത്തിയാക്കുന്ന തന്റെ ചിത്രം പ്രചരിപ്പിക്കുന്നതില്‍ പരിഹാസവുമായി തോമസ് ഐസക് രംഗത്തെത്തി. സംഘിയുടെ ചിന്തയില്‍ ശുചീകരണമാണ് ഏറ്റവും മോശവും അപമാനകരവുമായ ജോലി എന്ന് ഐസക് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എംപിയായാലും ഇല്ലെങ്കിലും കേരളത്തിന്റെ ശുചിത്വ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തകനായി ഉണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം പുറത്ത് വന്ന മനോരമ ന്യൂസ് എക്‌സിറ്റ് പോളില്‍ തോമസ് ഐസക് പത്തനംതിട്ടയില്‍ മൂന്നാം സ്ഥാനത്തേക്ക് പോയേക്കും എന്നായിരുന്നു പ്രവചനം. ഇവിടെ സിറ്റിംഗ് എംപി ആന്റോ ആന്റണി സീറ്റ് നിലനിര്‍ത്തുമ്പോള്‍ എന്‍ഡിഎയുടെ അനില്‍ ആന്റണി മൂന്നാം സ്ഥാനത്തേക്ക് എത്തും എന്നാണ് മനോരമ ന്യൂസ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം...
'മനോരമ സര്‍വ്വേയെ തുടര്‍ന്ന് സംഘികള്‍ അര്‍മാദത്തിലാണ്. പത്തനംതിട്ടയില്‍ ഞാന്‍ മൂന്നാംസ്ഥാനത്ത് ആണത്രേ. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ് അറിയാന്‍ പോകുന്ന കാര്യമല്ലേ. അതുകൊണ്ട് അത് അവിടെ നില്‍ക്കട്ടെ. ഒരു സംഘിയുടെ പ്രതികരണം ഇങ്ങനെയാണ് 'After June 4th' എന്ന ക്യാപ്ഷനോടുകൂടി എക്‌സില്‍ എന്റെ പഴയൊരു പടം എന്നെ ടാഗ് ചെയ്തിരിക്കുകയാണ്.
ജൂണ്‍ 4-ാം തീയതി കഴിഞ്ഞാല്‍ എന്റെ പണി ഇതായിരിക്കുമെന്നാണ് അയാളുടെ ട്വീറ്റ്. സംഘിയുടെ ചിന്തയില്‍ ശുചീകരണമാണ് ഏറ്റവും മോശവും അപമാനകരവുമായ ജോലി. എക്‌സില്‍ എന്റെ മറുപടി ഇതായിരുന്നു: ഇനി എംപി ആയാലും ഇല്ലെങ്കിലും ഞാന്‍ കേരളത്തിന്റെ ശുചിത്വ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തകനായി ഉണ്ടാകും. കലവൂര്‍ സ്‌കൂളില്‍ സ്‌കൂള്‍ പരിസരവുമെല്ലാം വൃത്തിയാക്കിയശേഷമുള്ള ശുചിത്വദിനാചരണ ചടങ്ങിനു പോയതാണ്.
അവിടെച്ചെന്ന ഞാന്‍ ആദ്യം പറഞ്ഞത് കുട്ടികളുടെ ടോയിലറ്റ് കാണണമെന്നാണ്. ക്ലാസ് മുറികളും സ്‌കൂള്‍ പരിസരവുമെല്ലാം പരിപൂര്‍ണ്ണമായി വൃത്തിയാക്കിയിട്ടുണ്ട്. പക്ഷേ, ടോയിലറ്റ് അഴുക്കുപിടിച്ച് കിടക്കുകയായിരുന്നു. മൂലയ്ക്കിരുന്ന ചൂലെടുത്ത് ഞാന്‍ വൃത്തിയാക്കാന്‍ ആരംഭിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ ചില അധ്യാപകരും രക്ഷാകര്‍ത്താക്കളും കൂടെച്ചേര്‍ന്നു. തുടര്‍ന്ന് ക്ലീനിംഗ് ഉപകരണങ്ങളും ലോഷനുമെല്ലാം എത്തി.
എല്ലാവരുംകൂടി ടോയിലറ്റ് പരിപൂര്‍ണ്ണമായി ശുചീകരിച്ചശേഷമാണ് യോഗം ആരംഭിച്ചത്. സംഘിക്ക് ഇതിനെക്കുറിച്ചൊക്കെ എന്ത് അറിയാം?












Click it and Unblock the Notifications