പത്തനംതിട്ടിയില്‍ ഇന്ന് പുതിയ കോവിഡ് കേസുകളില്ല: ചികിത്സയില്‍ കഴിയുന്നത് എട്ടുപേര്‍
പത്തനംതിട്ട: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദിനമാണ് ഇന്ന്. ആകെ 62 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 18 പേര്‍ വിദേശത്ത് നിന്നും വന്നവരും 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ വന്നവരുമാണ്. ജില്ലാ അടിസ്ഥാനത്തിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
അതേസമയം, പത്തനംതിട്ട ജില്ലയില്‍ ഇന്ന് പുതിയ കോവിഡ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവില്‍ എട്ടുപേരാണ് ജില്ലയില്‍ രോഗികളായിട്ടുള്ളത്. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 11 പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ അഞ്ചു പേരും, ജനറല്‍ ആശുപത്രി അടൂരില്‍ ആറു പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ ഒന്‍പതു പേര്‍ ഐസൊലേഷനില്‍ ഉണ്ട്.ജില്ലയില്‍ ആകെ 31 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി നാലു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 15 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2717 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 420 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും തിരിച്ചെത്തിയ 23 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് (23) എത്തിയ 275 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 3152 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് ഇതുവരെ 91 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ജില്ലയുടെ അതിരുകളില്‍ അഞ്ച് സ്ഥലങ്ങളിലായി 47 ടീമുകള്‍ ഇന്ന് ആകെ 6905 യാത്രികരെ സ്‌ക്രീന്‍ ചെയ്തു. ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയ പത്തനംതിട്ട ജില്ലക്കാരായ നാലു പേരെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് റഫര്‍ ചെയ്തു. ആകെ 5653 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി.
ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തിൽ ആറു കോളുകള്‍ ലഭിച്ചു.അഞ്ച് കോളുകള്‍ കണ്‍ട്രോള്‍ റൂമുമായും, ഒരു കോള്‍ മെഡിക്കല്‍/നോണ്‍ മെഡിക്കല്‍ ആവശ്യങ്ങളുമായും ബന്ധപ്പെട്ടവ ആയിരുന്നെന്നും കളക്ടര്‍ അറിയിച്ചു.












Click it and Unblock the Notifications