മോക്ക് ഡ്രില്ലില്‍ മുങ്ങിത്താഴുന്നത് അഭിനയിക്കാനിറങ്ങി, ശരിക്കും മുങ്ങിത്താണു; യുവാവിന് ദാരുണാന്ത്യം
പത്തനംതിട്ട: പ്രളയദുരന്തം നേരിടാനുള്ള പ്രചാരണ പരിശീലനത്തിനിടെ മുങ്ങിത്താഴുന്നത് അഭിനയിക്കാന്‍ രക്ഷാസേനകള്‍ ആറ്റിലേക്ക് ഇറക്കിയ യുവാവ് മുങ്ങി മരിച്ചു. കല്ലൂപ്പാറ പാലത്തിങ്കല്‍ കാക്കരകുന്നില്‍ ബിനു സോമന്‍ ആണ് ദാരുണമായി മുങ്ങി മരിച്ചത്. 34 വയസായിരുന്നു പെയിന്റിംഗ് തൊഴിലാളിയായ ബിനു സോമന്. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതരക്കാണ് മല്ലപ്പള്ളിക്ക് സമീപം മണിമലയാറ്റിലെ പടുതോട് കടവില്‍ മോക്ക് ഡ്രില്‍ അരങ്ങേറിയത്.
ദേശീയ ദുരന്തനിവാരണ സേനയടക്കം വിവിധ എജന്‍സികളുടെ നേതൃത്വത്തില്‍ പ്രളയ ദുരന്തങ്ങളെ എങ്ങനെ നേരിടണം എന്നതിനെ കുറിച്ചായിരുന്നു പ്രചാരണ പരിശീലനം. മല്ലപ്പള്ളി പടുതോട് പാലത്തിന് മുകളില്‍ പുറമറ്റം പഞ്ചായത്തിലെ കടവില്‍ കുറച്ചുപേര്‍ ഒഴുക്കില്‍പ്പെടുന്ന രംഗമായിരുന്നു മോക്ക് ഡ്രില്ലിന്റെ ഭാഗമായി ചിത്രീകരിക്കാന്‍ ശ്രമിച്ചിരുന്നത്. ബിനു ഉള്‍പ്പെടെ നാല് പേരെ ആണ് ഇതിനായി ആറ്റിലേക്ക് ഇറക്കിയിരുന്നത്.

ഇവര്‍ ഇറങ്ങുന്നതിന്റെ എതിര്‍വശത്ത് നിന്ന് കല്ലൂപ്പാറ പഞ്ചായത്തിലെ കടവില്‍ നിന്ന് അഗ്നിരക്ഷാ സേനായുടെ അഗംങ്ങള്‍ യന്ത്രവത്കൃത ബോട്ടില്‍ എത്തി രക്ഷിക്കണം എന്നതും ആയിരുന്നു ധാരണ. എന്നാല്‍ വെള്ളത്തില്‍ ഇറങ്ങിയ ബിനു സോമന്‍ യഥാര്‍ഥത്തില്‍ മുങ്ങിത്താഴുകയായിരുന്നു. മുങ്ങി താഴുന്ന വെപ്രാളത്തില്‍ ബിനു നിരവധി തവണ കൈകള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ അഭിനയമാണ് എന്നായിരുന്നു കരയിലുള്ള ദുരന്ത നിവാരണ സേനാംഗങ്ങളും നാട്ടുകാരും കണ്ടത്.

ഇതിനിടെ ലൈഫ് ബോ എറിഞ്ഞ് കൊടുത്തെങ്കിലും പിടിക്കാനാവാതെ ബിനു സോമന്‍ താഴുകയായിരുന്നു. പിന്നീട് മറ്റുള്ളവര്‍ ബോട്ടില്‍ പിടിച്ച് കിടക്കുമ്പോളാണ് ഒരാളെ കാണാനില്ല എന്ന് മനസിലാക്കിയത്. ഇതോടെ ദേശീയ ദുരന്ത നിവാരണ സേനയുടെ മുങ്ങല്‍ വിദഗ്ധരടക്കം വേറെ ബോട്ടുകളില്‍ എത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. 20 മിനിറ്റോളം നടത്തിയ തിരച്ചിലില്‍ വെള്ളത്തിനടിയില്‍നിന്ന് എന്‍ ഡി ആര്‍ എഫിന്റെ സ്‌കൂബാ ഡൈവര്‍ അനില്‍ സാഹുവാണ് ഒടുവില്‍ ബിനുവിനെ കണ്ടെത്തുന്നത്.

എന്നാല്‍ ബിനു സോമനെ ബോട്ടില്‍ കയറ്റിയെങ്കിലും യന്ത്രം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് തുഴഞ്ഞും കയര്‍ കെട്ടി വലിച്ചുമാണ് കരയ്ക്കെത്തിച്ചത്. ശേഷം ആംബുലന്‍സില്‍ ഉടനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോഴും നാഡീ സ്പന്ദനമുണ്ടായിരുന്ന. ഇതോടെ വെന്റിലേറ്റര്‍ സഹായത്തോടെ ഐ സി യുവില്‍ പ്രവേശിപ്പിച്ചെങ്കിലുംരാത്രി എട്ടേകാലോടെ മരണം സംഭവിച്ചു.

ബിനു സോമന്റെ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല. സോമന്‍ വിജയകുമാരി ദമ്പതികളുടെ മകനാണ്. പരേതനായ വിനോദ്, വിനീത എന്നിവരാണ് സഹോദരങ്ങള്‍. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. എ കെ ചൗഹാന്‍ കമാന്‍ഡറായ ദേശീയ ദുരന്തനിവാരണ സേന യൂണിറ്റ്, സ്റ്റേഷന്‍ ഓഫീസര്‍ കുരുവിള മാത്യു എന്നിവരുടെ നേതൃത്വത്തില്‍ റാന്നിയില്‍നിന്ന് അഗ്നിരക്ഷാസേന ഇന്‍സ്പെക്ടര്‍ സജീഷ് കുമാര്‍, എസ്.ഐ.മാരായ ബി.എസ്. ആദര്‍ശ്, ടി.എസ്. ജയകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മോക്ക് ഡ്രില്‍.












Click it and Unblock the Notifications