പത്തനംതിട്ടയില്‍ മരണ വീട്ടിലേക്ക് പോയവർ സഞ്ചരിച്ച ജീപ്പും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് 2 മരണം
പത്തനംതിട്ട: പത്തനംതിട്ടയില്‍ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ്സും ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കുളനട മാന്തുകയിൽ എംസി റോഡിലാണ് അപകടമുണ്ടായത്. ജീപ്പ് ഡ്രൈവർ അഞ്ചൽ ചെറുകുളം സ്വദേശി അരുൺകുമാർ (31), ജീപ്പ് യാത്രക്കാരിയായ അഞ്ചൽ സ്വദേശിനി ലതിക കുമാരി (55) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ആറ് പേർക്ക് പരിക്കേറ്റു. അഞ്ചൽ സ്വദേശികളായ രവീന്ദ്രൻ സുകുമാരൻ, സാജു, ബിജു, ഓമന, വിനോദ് എന്നിവർക്കാണ് പരിക്കേറ്റത്. എല്ലാവരും ജീപ്പ് യാത്രക്കാരാണ്.

ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ കുളനട മാന്തുക പെട്രോൾ പമ്പിന് സമീപമത്തുവെച്ചാണ് അപകടമുണ്ടായത്.. നിയന്ത്രണം വിട്ട ജീപ്പ് എതിർ ദിശയില്‍ വരികയായിരുന്നു കെ എസ് ആർ ടി സി ബസ്സില്‍ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അഞ്ചലില്‍ നിന്നും കോട്ടയത്തേക്ക് പോയ ജീപ്പ് തൃശ്ശൂരിൽ നിന്നും കളിയിക്കാവിളയിലേക്ക് പോയ ബസിലേക്ക് ജീപ്പ് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജീപ്പിന്റെ മുന്‍ വശം പൂർണ്ണമായും തകർന്നു.
പരിക്കേറ്റവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേർ മരണപ്പെടുകയായിരുന്നു. പരിക്കേറ്റ ശേഷിക്കുന്നവരെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീപ്പിലെ യാത്രക്കാരെല്ലാം ബന്ധുക്കൾ ആയിരുന്നു. കോട്ടയം കറുകച്ചാലിലെ മരണ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം.
നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മരണപ്പെട്ട അരുൺകുമാർ സ്വകാര്യ ബസ്സിലെ ഡ്രൈവറും ലതിക കുമാരി അംഗൻവാടിയിലെ ആയയും ആണ്.












Click it and Unblock the Notifications