അപകട കാരണം കെഎസ്ആര്‍ടിസി ബസിന്റെ അമിത വേഗത; ജിപിഎസും സ്പീഡ് ഗവര്‍ണറുമില്ല
പത്തനാപുരം ഡിപ്പോയിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്നവര്‍ രണ്ട് പേരും ഇതരസംസ്ഥാനക്കാരാണ്.

പത്തനംതിട്ട: ഇന്ന് കോന്നിയില്‍ അപകടത്തില്‍പ്പെട്ട കെ എസ് ആര്‍ ടി സി ബസില്‍ ജി പി എസ് സംവിധാനം ഇല്ലെന്ന് കണ്ടെത്തല്‍. കെ എസ് ആര്‍ ടി സി ബസിലെ സ്പീഡ് ഗവര്‍ണര്‍ വയറുകളും വിച്ഛേദിച്ച നിലയിലാണ്. അപകത്തടത്തിന് പിന്നാലെ. മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.
ഇന്ന് ഉച്ചയോടെ ആണ് പത്തനംതിട്ടയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അമിത വേഗതയില്‍ എത്തിയ കെ എസ് ആര്‍ ടി സി ബസ് കാറിലിടിച്ച ശേഷം സമീപത്തെ ക്രിസ്ത്യന്‍ പള്ളിയുടെ കമാനവും തകര്‍ത്താണ് നിന്നത്.
അപകടത്തില്‍ 17 പേര്‍ക്ക് ആണ് പരിക്കേറ്റത്. ഇതില്‍ കെ എസ് ആര്‍ ടി സി ബസിന്റെയും കാറിന്റെയും ഡ്രൈവര്‍മാര്‍ അടക്കം മൂന്ന് പേരുടെ നില ഗുരുതരമാണ് എന്നാണ് വിവരം. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വെച്ചായിരുന്നു അപകടം. കാറിനെ മറികടന്ന് എത്തിയ കെ എസ് ആര്‍ ടി ബസ് റോംഗ് സൈഡിലൂടെ കടന്ന ശേഷം എതിരെ വന്ന കാറിലിടിക്കുകയായിരുന്നു.
കെ എസ് ആര്‍ ടി സി ബസ് കിഴവള്ളൂര്‍ ഓര്‍ത്തഡോക്‌സ് വലിയപള്ളിയുടെ മതിലില്‍ ഇടിച്ച് കമാനം തകര്‍ത്താണ് നിന്നത്. ബസില്‍ ഉണ്ടായിരുന്ന 15 യാത്രക്കാര്‍ക്കും കാറില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ക്കുമാണ് പരിക്കേറ്റിരിക്കുന്നത്. കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ പിറവന്തൂര്‍ സ്വദേശി അജയകുമാര്‍, മുന്‍ സീറ്റിലുണ്ടായിരുന്ന കോന്നി മാങ്ങാരം സ്വദേശി ഷൈലജ, കാര്‍ ഡ്രൈവര്‍ ജെറോം ചൗധരി എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റിരിക്കുന്നത്.
അജയകുമാറും, ജെറോം ചൗധരിയും കോട്ടയം മെഡിക്കല്‍ കോളേജിലും മറ്റുള്ളവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്. പത്തനാപുരം ഡിപ്പോയിലെ കെ എസ് ആര്‍ ടി സി ബസാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്നവര്‍ രണ്ട് പേരും ഇതരസംസ്ഥാനക്കാരാണ് എന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications