അറസ്റ്റ് ചെയ്യാനെത്തിയ വനിത എസ് ഐയെ മർദ്ദിച്ച് പ്രതി; മുടിക്ക് കുത്തിപ്പിടിച്ച് വട്ടംകറക്കി
പത്തനംതിട്ട്: വനിത എസ് ഐക്ക് നേരെ പ്രതിയുടെ അക്രമം. അറസ്റ്റ് ചെയ്യാനെത്തിയ എസ് ഐ ശാന്തി കെ ബാബുവിനെ ആണ് വാറന്റ് പ്രതി എലിവാലിക്കര കീച്ചേരിയിൽ ശ്രീധരൻ ( 72 ) ആക്രമിച്ചത്. വീടിനുള്ളിൽ കയറി കതകടച്ച പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് ആക്രമണം. ശനിയാഴ്ചയാണ് സംഭവം.
പ്രതിക്ക് എതിരെ 5 കേസുകൾ ആണ് കോടതിയിലുള്ളത് എന്നാണ് പോലീസ് പറയുന്നത്. 2013 ൽ വഴി വെട്ടുമായി ബന്ധപ്പെട്ട് അയൽവാസികളുമായി സംഘർഷം ഉണ്ടായ സംഭവത്തിൽ പ്രതിക്ക് എതിരെ വാറന്റ് നടപ്പാക്കാനാണ് എസ് ഐയും 3 പോലീസുകാരും സ്ഥലത്ത് എത്തിയത്.

പക്ഷേ പോലീസിനൊപ്പം പോകാൻ പ്രതി തയ്യാറായില്ല. പോലീസിനോട് ഇയാൾ തർക്കിച്ചു. അസഭ്യം പറയുകയും ചെയ്തു. ഇയാളെ അനുനയിപ്പിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും വീടുനുള്ളിൽ കയറി കതകടച്ചുവെന്നാണ് പോലീസ് പറയുന്നത്.
തുടർന്ന് പോലീസ് ബലമായി കതക് തള്ളിത്തുറന്ന് ഇയാളെ പിടികൂടുന്നതിനിടെയാണ് എസ് ഐക്ക് നേരെ ആക്രമണം നടത്തിയത്. എസ് ഐയുടെ മുടിക്ക് കുത്തിപ്പിടിച്ച് വട്ടംകറക്കുകയും പുറത്ത് അടിക്കുകയും ചെയ്തു. തുടർന്ന് പോലീസുകാർ ഇയാളെ ബലമായി കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു.












Click it and Unblock the Notifications