പത്തനംതിട്ടയിലും മോക് പോളില്‍ പിഴവ്, പരാതിയുമായി യുഡിഎഫ്: വിശദീകരണം നല്‍കി കളക്ടർ
പത്തനംതിട്ട: കാസർകോടിന് പിന്നാലെ പത്തനംതിട്ടയിലും മോക് പോളില്‍ പിഴവ് കണ്ടെത്തിയതായി പരാതി. ഇവിഎമ്മില്‍ 9 വോട്ടുകള്‍ രേഖപ്പെടുത്തിയപ്പോള്‍ വിവി പാറ്റിൽ പത്ത് സ്ലിപ്പുകൾ വന്നുവെന്നാണ് ആരോപണം. ബി ജെ പിയുടെ താമരചിഹ്നത്തില്‍ അധികമായി ഒരു വോട്ട് രേഖപ്പെടുത്തി എന്ന തരത്തിലുള്ള സ്ലിപ്പാണ് അധികമായി വന്നത്. സംഭവത്തില്‍ യു ഡി എഫ് പ്രവർത്തകർ ജില്ലാ വരണാധികാരിയായ കളക്ടർക്ക് പരാതി നല്‍കി.
സാങ്കേതിക തകരാറാണുണ്ടായതെന്നും പരിഹരിച്ച് മോക് പോൾ നടത്തി ഉറപ്പുവരുത്തിയെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. അതേസമയം, കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ നടന്ന മോക് പോളിൽ ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന ആരോപണം അടിസ്ഥാന രഹതിമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ ജില്ലാ കളക്ടറും റിട്ടേണിംഗ് ഓഫീസർ റിപ്പോർട്ട് നൽകിയതായും തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയില്‍ അറിയിച്ചു.

വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് പൂര്‍ത്തിയായി
ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പത്തനംതിട്ട മണ്ഡലത്തില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെയും വിവിപാറ്റിന്റെയും കമ്മീഷനിംഗിന് പൂര്‍ത്തിയായി. കമ്മീഷനിംഗിന്റെ ഭാഗമായി ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് എന്നിവ വോട്ട് ചെയ്യുന്നതിന് സജ്ജമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയായത്. തരംതിരിക്കലിനു ശേഷം അതത് മണ്ഡലങ്ങളിലെ സ്ട്രോംഗ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഉറപ്പുവരുത്തിയതിനു ശേഷമാണ് കമ്മീഷനിംഗിനായി കൗണ്ടറുകളിലേക്ക് എത്തിച്ചത്.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് (കാഞ്ഞിരപ്പള്ളി-പൂഞ്ഞാര്‍ നിയോജകമണ്ഡലങ്ങള്‍), കുറ്റപ്പുഴ മാര്‍ത്തോമ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ (തിരുവല്ല), റാന്നി സെന്റ് തോമസ് കോളജ് (റാന്നി), മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (ആറന്മുള), എലിയറയ്ക്കല്‍ അമൃത വിഎച്ച്എസ്എസ് (കോന്നി), അടൂര്‍ ബിഎഡ് സെന്റര്‍ (അടൂര്‍) എന്നീ സ്‌ട്രോംഗ് റൂമുകളിലാണ് കമ്മീഷനിംഗ് നടന്നത്.
ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും ബൂത്തുകളിലേക്ക് ലഭ്യമാക്കേണ്ട വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റും ഏതൊക്കെയെന്ന് നിശ്ചയിച്ച് ബാലറ്റ് യൂണിറ്റില്‍ ബാലറ്റ് പേപ്പര്‍ സെറ്റ് ചെയ്ത് കണ്‍ട്രോള്‍ യൂണിറ്റും സജ്ജമാക്കി. തുടര്‍ന്ന് മോക് പോള്‍ നടത്തി കൃത്യതയും ഉറപ്പാക്കി. ശേഷം സ്ട്രോംഗ് റൂമുകളിലേക്ക് മാറ്റി. ഏതെങ്കിലും മെഷീന്‍ തകരാറിലായാല്‍, പകരം ഉപയോഗിക്കുന്നതിനായി റിസര്‍വ് എന്ന നിലയില്‍ കൂടുതല്‍ മെഷീനുകള്‍ ഓരോ നിയോജകമണ്ലങ്ങളിലേക്കും കരുതിയിട്ടുണ്ട്.












Click it and Unblock the Notifications