പത്തനംതിട്ടയില്‍ നേതാക്കളുടെ കയ്യാങ്കളിയോ? വ്യാജ വാർത്തയെന്ന് സിപിഎം, കേസുകൊടുക്കും
പത്തനംതിട്ട: പത്തനംതിട്ടയില്‍ സി പി എമ്മിനെ പ്രതിരോധത്തിലാക്കി നേതാക്കള്‍ തമ്മിലുള്ള ഭിന്നത. ലോക്സഭ തിരഞ്ഞെടുപ്പിലെ പ്രചാരണം കാര്യക്ഷമമല്ലെന്ന പേരില്‍ പത്തനംതിട്ട ജില്ലാസെക്രട്ടേറിയറ്റ് യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ ബഹളമുണ്ടായെന്നാണ് റിപ്പോർട്ട്. ഇടത് സ്ഥാനാർത്ഥി തോമസ് ഐസക്കിന്റെ പ്രചരണത്തില്‍ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും സജീവമല്ലെന്നാണ് ആരോപണം.
മന്ത്രി വാസവന്റെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ ദിവസം ജില്ലാസെക്രട്ടറിയേറ്റ് യോഗം നടന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പോരായ്മകളുണ്ടായെന്ന് ഒരംഗം വിമര്‍ശനമായി ഉന്നയിച്ചു. ഇതോടെ ഉടന്‍ തന്നെ മറ്റൊരു അംഗം അതിരൂക്ഷമായി പ്രതികരിച്ചതോടെ ബഹളമുണ്ടാവുകയായിരുന്നു. മറ്റുള്ളവര്‍ ഇടപെട്ട് സ്ഥിതി ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും അല്പനേരം ബഹളം നീണ്ടുനിന്നു. ബഹളവും കയ്യാങ്കളിയും ഉണ്ടായെന്നായിരുന്നു പുറത്ത് വന്ന വാർത്ത.

എന്നാല്‍ ഇത്തരത്തില്‍ യാതൊരു സംഭവങ്ങളും യോഗത്തിലുണ്ടായിട്ടില്ലെന്നാണ് മന്ത്രി വി വാസവനും സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും വ്യക്തമാക്കുന്നത്. ചില നേതാക്കള്‍ ശബ്ദമുയർത്തി സംസാരിച്ചെങ്കിലും കയ്യാങ്കളിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് മന്ത്രി പറഞ്ഞത്.
'പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എവിടെയൊക്കെ മന്ത്രിയുടെ യോഗം സംഘടിപ്പിക്കണം എന്നതില്‍ ചര്‍ച്ച നടന്നിരുന്നു. ചിലര്‍ അല്പം ശബ്ദമുയര്‍ത്തി സംസാരിച്ചുവെന്ന് മാത്രമേയുള്ളു. അതൊക്കെ സ്വഭാവികമാണ്. അല്ലാതെ തര്‍ക്കമുണ്ടായിട്ടില്ല. അത്തരം വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്നും സ്ഥാനാര്‍ത്ഥി തോമസ് ഐസക്ക് ബഹുദൂരം മുന്നിലാണ്' വിഎന്‍ വാസവന്‍ പറഞ്ഞു.
സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിനെതിരായുള്ള വാർത്ത അടിസ്ഥാന രഹിതമാണെന്നും ഇടതുപക്ഷ മുന്നേറ്റത്തെ ദുർബലപെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് മാധ്യമങ്ങൾ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് പാർട്ടി ജില്ലാസെക്രട്ടറി കെ പി ഉദയഭാനുവും വ്യക്തമാക്കി. വ്യാജവാർത്തക്കെതിരെ നിയമനടപടി സ്വീകരിക്കും. ഇടതു സ്ഥാനാർഥി ഡോ. ടി എം തോമസ് ഐസകിന്റെ ജനകീയത തകർക്കാനാണ് മാധ്യമങ്ങളുടെ ശ്രമമെന്നും സെക്രട്ടറി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications