മാമോദീസ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും; ഭക്ഷ്യവിഷബാധയെന്ന് സംശയം
പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഭക്ഷ്യ വിഷബാധ. മല്ലപ്പള്ളിയില്‍ മാമോദീസ ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ചടങ്ങില്‍ പങ്കെടുത്ത നിരവധി പേര്‍ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ചികിത്സ തേടിയിരിക്കുകയാണ്. വ്യാഴാഴ്ച നടന്ന മാമോദീസാ ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യ വിഷബാധ ഏറ്റത്.
വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ് എന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച മല്ലപ്പള്ളി സെന്റ് തോമസ് പള്ളിയിലായിരുന്നു മാമോദീസ ചടങ്ങുകള്‍ നടന്നിരുന്നത്.

അന്ന് ഉച്ചയ്ക്ക് നടന്ന വിരുന്നില്‍ നോണ്‍ വെജ് വിഭവങ്ങളും ചോറുമായിരുന്നു കഴിക്കാനായി നല്‍കിയിരുന്നത്. ചെങ്ങന്നൂരില്‍ നിന്നുള്ള കാറ്ററിങ് സ്ഥാപനത്തിനായിരുന്നു ഭക്ഷണത്തിന്റെ ചുമതല. ഇവര്‍ പാകം ചെയ്ത് എത്തിച്ച ഭക്ഷണമാണ് ചടങ്ങില്‍ വിളമ്പിയത്.
ഏകദേശം 190 പേരാണ് മാമോദീസ ചടങ്ങിന്റെ ഭാഗമായി നടന്ന വിരുന്നില്‍ പങ്കെടുത്തത്. ഇവരില്‍ പലര്‍ക്കും വെള്ളിയാഴ്ച രാവിലെ മുതല്‍ വയറിളക്കവും ഛര്‍ദിയും പിടിപെട്ടു. വൈകാതെ വിരുന്നില്‍ പങ്കെടുത്ത എഴുപതോളം പേര്‍ കഴിഞ്ഞ രണ്ട് ദിവസങ്ങൡലായി അടൂര്‍, റാന്നി, കുമ്പനാട് തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികളില്‍ ചികിത്സ തേടി.
വിരുന്നില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്നാണ് വിഷബാധയേറ്റത് എന്നാണ് നിഗമനം. സംഭവത്തില്‍ അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് വിരുന്ന് സംഘടിപ്പിച്ചവര്‍ അറിയിച്ചു. എന്നാല്‍ മല്ലപ്പള്ളിയില്‍ വിളമ്പിയ അതേ വിഭവങ്ങള്‍ തന്നെ പരുമലയിലും മറ്റ് രണ്ടിടങ്ങളിലും അന്നേദിവസം വിതരണം ചെയ്തിട്ടുണ്ട് എന്നും അവിടയൊന്നും പ്രശ്‌നമുണ്ടായിട്ടില്ല എന്നും കാറ്ററിംഗ് സ്ഥാപനത്തിന്റെ പ്രതികരിച്ചു.












Click it and Unblock the Notifications