കാറുമായി കൂട്ടിയിടിച്ച് കെഎസ്ആര്‍ടിസി ബസ് പള്ളിയുടെ കമാനത്തിലേക്ക് ഇടിച്ചുകയറി; ദൃശ്യങ്ങൾ പുറത്ത്
ബസ് ഒരു കാറിൽ ഇടിച്ചതിന് ശേഷം നിയന്ത്രണം വിട്ട് സമീപത്തുള്ള പള്ളിയുടെ കമാനം ഇടിച്ച് പൊളിച്ചാണ് അപകടം ഉണ്ടായത്.

PC: ScreenGrab
കോന്നി ഇളകൊള്ളൂർ പള്ളിപ്പടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ചു കയറി നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ബസ് കാറിൽ ഇടിക്കുന്നതും നിയന്ത്രണം വിട്ട ബസ് കമാനത്തിലേക്ക് ഇടിച്ചു കയറുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നുണ്ട്. ബസ് ഒരു കാറിൽ ഇടിച്ചതിന് ശേഷം നിയന്ത്രണം വിട്ട് സമീപത്തുള്ള പള്ളിയുടെ കമാനം ഇടിച്ച് പൊളിച്ചാണ് അപകടം ഉണ്ടായത്.
ബസിന് മുകളിലേക്ക് കമാനം തകർന്ന് വീഴുകയായിരുന്നു. ബസിന്റെ മുൻവശം പൂർണമായും തകർന്നു. ബസിലുള്ള പരുക്കേറ്റ എട്ട് യാത്രക്കാരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബസിന്റെ ഡ്രൈവറുടേയും മുൻവശത്തിരുന്ന സ്ത്രീയുടേയും കാർ ഡ്രൈവറുടേയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.
കോന്നി-മുവാറ്റുപുഴ പാത പുതുക്കി പണിത ശേഷം അപകടങ്ങൾ കൂടുതലാണെന്നാണ് പറയുന്നത്. അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് പുറത്ത് വരുന്ന വിവരം. പരിക്കേറ്റ എട്ടുപേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റിയതായും ഒരാളെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയതായും റിപ്പോർട്ട് ഉണ്ട്.
പരിക്കേറ്റവരെ നാട്ടുകാരുടെ സഹായത്തോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. ഇരുവാഹനങ്ങളും വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.












Click it and Unblock the Notifications