പ്രതിസന്ധികൾക്കിടയിലും കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിച്ചു: സര്‍വീസ് മുടങ്ങിയത് നാല് ദിവസം!
പത്തനംതിട്ട: പ്രളയം വിതച്ചപ്രതിസന്ധികൾക്കിടയിലും കെ.എസ്.ആർ.ടി.സി സർവീസുകൾ പുനരാരംഭിച്ചു. പത്തനംതിട്ടയിൽ നിന്ന് ആരംഭിക്കുന്ന എല്ലാ സർവീസുകളും ഇന്നലെ മുതൽ പുനസ്ഥാപിച്ചു. ജീവനക്കാരുടെ അപര്യാപ്തതയും, ബസുകൾക്കുണ്ടായ നാശനഷ്ടങ്ങൾക്കുമിടയിലാണ് സർവീസ് പൂർവ സ്ഥിതിയിലാക്കിയിരിക്കുന്നത്. പതിനഞ്ചാം തീയതി മുതൽ പതിനെട്ടാം തീയതി വരെയുള്ള നാല് ദിവസങ്ങളിലാണ് സർവീസ് മുടങ്ങിയത്.
പ്രളയം രൂക്ഷമായത് രാത്രിയിലാതിനാൽ സർവീസുകൾ പലയിടത്തും ഇടയ്ക്ക് വച്ച് നിർത്തേണ്ടി വന്നു. പിന്നീട് വെള്ളം ഇറങ്ങിയതിന് ശേഷമാണ് ബസുകളൊക്കെ തിരിച്ച് പത്തനംതിട്ട ഡിപ്പോയിലെത്തിയത്. വയനാട്ടിലേക്കും പെരുമ്പാവൂരേക്കും സർവീസുകൾ നടത്തിയ വണ്ടികൾ ബ്ലോക്കാകുകയും പത്തനംതിട്ടയിൽ നിന്ന് മംഗലാപുരം, തിരുനെൽവേലി, മൈസൂർ പോയ വണ്ടികളുടെ സർവീസ് മുടങ്ങുകയും ചെയ്തിരുന്നു.

പ്രളയം മൂലം കെ.എസ്.ആർ.ടി.സിക്ക് ജില്ലയിൽ മാത്രം ഒരു കോടിയോളം രൂപയുടെ നഷ്ടമാണുണ്ടായത്. പത്തനംതിട്ട ഡിപ്പോയിൽ വെള്ളം കയറിയില്ലെങ്കിലും ജില്ലയിൽ പലയിടത്തും റോഡുകൾ വെള്ളത്തിനടിയിലായതിനാൽ സർവീസുകൾക്ക് മുടക്കം വരുകയായിരുന്നു. റാന്നി ഡിപ്പോയിലാണ് പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ചത്. ഡിപ്പോ പൂർണമായും വെള്ളത്തിനടിയിലായത് മൂലമുണ്ടായ നാശനഷ്ടങ്ങൾ ചെറുതല്ല.
ഇത് പൂർവസ്ഥിതിയിലെത്തിക്കാൻ കാലതാമസം നേരിടുന്നതിനാൽ റാന്നി ഡിപ്പോയിലെ സർവീസുകളുൾപ്പെടെ പത്തനംതിട്ട ഡിപ്പോയിൽ നിന്നാണ് ഏകോപിപ്പിക്കുന്നത്. പന്തളം ഡിപ്പോയിൽ വെള്ളം കയറിയിരുന്നുവെങ്കിലും ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്ന് ഡ്രൈവർമാർ, കണ്ടക്ടർമാർ, ടെക്‌നീഷ്യൻമാർ ഉൾപ്പെടെയുള്ള ജീവനക്കാരെത്തിയാണ് പ്രളയസമയത്ത് ജില്ലയിൽ ജോലി ചെയ്തിരുന്നത്. കൂടാതെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഡിപ്പോയിൽ നിന്ന് ആവശ്യനുസരണം ബസുകൾ വിട്ടുകൊടുത്തിരുന്നു, ബസുകളിൽ അവശ്യസാധനങ്ങൾ ശേഖരിച്ച് ക്യാമ്പുകളിലെത്തിക്കുകയും ചെയ്തിരുന്നുവെന്ന് ഡി.ടി.ഒ ആർ. മനേഷ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications