• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പെരിങ്ങര ജിഎച്ച്എസ് ക്യാമ്പിലെ കുട്ടികള്‍ക്കൊപ്പം മന്ത്രിയുടെ മാത്യൂ ടി തോമസിന്റെ തിരുവോണം

  • By desk

പത്തനംതിട്ട: പ്രളയം കനത്ത നാശം വിതച്ച അപ്പര്‍കുട്ടനാട്ടിലെ പെരിങ്ങര ജിഎച്ച്എസിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്കൊപ്പം ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസിന്റെ തിരുവോണം. ശനിയാഴ്ച ഉച്ചയ്ക്ക് മന്ത്രി എത്തിയതോടെ ക്യാമ്പ് ഉണര്‍ന്നു. മുതിര്‍ന്നവരും കുട്ടികളും ഒന്നിച്ച് അണിനിരന്നു വിശിഷ്ടാതിഥിയെ ഓണഘോഷത്തിലേക്കു സ്വാഗതം ചെയ്തു. 42 കുടുംബങ്ങളിലെ 154 പേരാണ് ഈ ക്യാമ്പില്‍ കഴിയുന്നത്. കുട്ടികള്‍ തയാറാക്കിയ മനോഹരമായ അത്തപ്പൂക്കളം മന്ത്രി സന്ദര്‍ശിച്ചു. അത്തപ്പൂക്കളം തയാറാക്കിയ കുട്ടികള്‍ ഓരോരുത്തരെയും മന്ത്രി അഭിനന്ദിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്കൊപ്പമിരുന്ന് അദ്ദേഹം ഓണസദ്യ കഴിച്ചു.

പ്രളയക്കെടുതിക്കിരയായവര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു. ഓണസദ്യ ഒരുക്കാന്‍ അതത് സ്ഥലത്തെ ജനപ്രതിനിധികളും ക്യാമ്പ് നടത്തുന്നവരും പരിശ്രമിച്ചു. വില്ലേജ് ഓഫീസില്‍ നിന്നും ലഭ്യമാക്കിയ അരിക്കു പുറമേ തദ്ദേശീയമായി പച്ചക്കറി ഉള്‍പ്പെടെ സംഘടിപ്പിച്ചു. വിഷമഘട്ടത്തിലും ഓണസദ്യ ഇല്ലാത്ത സ്ഥിതി വരാതിരിക്കാന്‍ എല്ലാവരും ശ്രമിച്ചു. ഇതിനായി മുന്‍കൈയെടുത്ത എല്ലാവരേയും അഭിനന്ദിക്കുന്നു. ആഹ്‌ളാദതിമിര്‍പ്പ് ഇല്ലെങ്കിലും ഓണസദ്യ എന്ന പരമ്പരാഗത ആചാരം എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. ക്യാമ്പിന്റെ പ്രവര്‍ത്തനം മന്ത്രി വിലയിരുത്തി. ക്യാമ്പില്‍ കഴിയുന്നവരോട് നേരിട്ടു ചോദിച്ച് അദ്ദേഹം കാര്യങ്ങള്‍ പരിശോധിച്ചു. തുടര്‍ന്ന് വിഷമങ്ങള്‍ ഒരു നിമിഷം മറന്ന് ക്യാമ്പിലെ കുട്ടികള്‍ താരക പെണ്ണാളേ... എന്ന ഗാനം ആലപിച്ചു. മന്ത്രിയും ക്യാമ്പിലെ മറ്റുള്ളവരും ശ്രോതാക്കളായി. പെരിങ്ങര പഞ്ചായത്ത് 12-ാം വാര്‍ഡ് മെമ്പര്‍ സിബിച്ചന്‍, പ്രമോദ് ഇളമണ്‍, ഗീത പ്രസാദ്, അശോക് കുമാര്‍, കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

എംഎല്‍എയുടെ തിരുവോണം എഴിക്കാട് കോളനി നിവാസികള്‍ക്കൊപ്പം

വേദനകള്‍ക്ക് ആശ്വാസം പകര്‍ന്ന് വീണാ ജോര്‍ജ് എംഎല്‍എ

പ്രളയക്കെടുതിക്കിരയായ ആറന്മുളയിലെ എഴിക്കാട് കോളനി നിവാസികള്‍ക്ക് ആശ്വാസം പകര്‍ന്ന് തിരുവോണ ദിനത്തില്‍ വീണാജോര്‍ജ് എംഎല്‍എ. കിടങ്ങന്നൂര്‍ സെന്റ് മേരീസ് എംടിഎല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന എഴിക്കാട് കോളനിയിലെ പ്രളയബാധിതര്‍ക്കൊപ്പം എംഎല്‍എ ഓണസദ്യ കഴിച്ചു. പ്രളയത്തില്‍ കൈവിട്ടുപോയ ജീവിതം കരുപ്പിടിപ്പിക്കുന്നതിന് എല്ലാ പിന്തുണയും സഹായവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് എംഎല്‍എ ഉറപ്പു നല്‍കി. ക്യാമ്പില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങളില്‍ തങ്ങള്‍ തൃപ്തരാണെന്ന് ക്യാമ്പ് നിവാസികള്‍ എംഎല്‍എയോടു പറഞ്ഞു. ക്യാമ്പില്‍ കഴിയുന്നവര്‍ ഓരോരുത്തരോടും എംഎല്‍എ അഭിപ്രായങ്ങള്‍ ചോദിച്ചറിഞ്ഞു. ഇതുപ്രകാരം അപ്പപ്പോള്‍ നടപടി സ്വീകരിക്കുന്നതിന് കോഴഞ്ചേരി തഹസീല്‍ദാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി.

കേരളീയര്‍ക്ക് ഇത്തവണത്തേതു പോലെ വിഷമകരമായ ഒരു ഓണം ഉണ്ടായിട്ടില്ലെന്ന് എംഎല്‍എ പറഞ്ഞു. തിരുവോണമായിട്ടു പോലും ആഘോഷങ്ങള്‍ ഒന്നുമില്ലാതെ, വെള്ളപ്പൊക്ക ദുരിതം ബാധിക്കാത്ത സ്ഥലങ്ങളില്‍ പോലും നിശബ്ദമായ സ്ഥിതിയാണുള്ളത്. അമ്മമാരും കുഞ്ഞുങ്ങളും ഉള്‍പ്പെടെ നിരവധിപ്പേര്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. എല്ലാ ക്യാമ്പുകളിലും ചെറിയ രീതിയില്‍ സാമ്പാര്‍, അവിയല്‍, പപ്പടം തുടങ്ങിയ വിഭവങ്ങളുള്‍പ്പെടുത്തി സദ്യ ഒരുക്കിയിരുന്നു. എല്ലാവരും പ്രളയദുരിതത്തിന്റെയും നഷ്ടത്തിന്റെയും വേദന മറന്ന് ഒന്നിച്ചു ചേര്‍ന്ന് ആഹാരം പാചകം ചെയ്യുകയും ഒന്നിച്ച് ആഹാരം കഴിക്കുകയും ചെയ്തു. നമുക്ക് പ്രളയ ദുരന്തത്തെ അതിജീവിച്ചേ മതിയാകുകയുള്ളു. കൂടുതല്‍ കരുത്തോടെ മുന്നോട്ടു പോകുവാന്‍ സര്‍ക്കാരും സുമനസുകളായ ഒരുപാടുപേരും സംഘടനകളും എല്ലാം ചേര്‍ന്നു പരിശ്രമിക്കുകയാണ്. തീര്‍ച്ചയായും നമ്മള്‍ ഇതിനെ അതിജീവിക്കുമെന്നും എംഎല്‍എ പറഞ്ഞു.

വീടുകളില്‍ പലകുടുംബങ്ങള്‍ ഒന്നിച്ചു കഴിഞ്ഞ സ്ഥലത്തെ ക്യാമ്പായി പരിഗണിച്ച് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് കോഴഞ്ചേരി തഹസീല്‍ദാര്‍ക്ക് എംഎല്‍എ നിര്‍ദേശം നല്‍കി. ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ എല്ലാം അവര്‍ക്കും നല്‍കണമെന്നത് സര്‍ക്കാര്‍ തീരുമാനമാണ്. ഇപ്പോഴും ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഒരുപാട് വീടുകള്‍ ഉണ്ട്. അവയെ കൂടി കണ്ടെത്തി ക്യാമ്പുകളായി രജിസ്റ്റര്‍ ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കണം. ക്യാമ്പുകള്‍ അടയ്ക്കുമ്പോള്‍, വീടുകള്‍ പൂര്‍ണമായി തകര്‍ന്നവരെ പാര്‍പ്പിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേക ക്യാമ്പ് ഏര്‍പ്പെടുത്തണം. കിണറുകള്‍ മലിനമായിരിക്കുന്നതിനാല്‍ കുടിവെള്ളമില്ല എന്ന വലിയ പ്രശ്‌നമുണ്ട്. ഒരു വാര്‍ഡില്‍ തന്നെ 300 മുതല്‍ 400 വരെ കിണറുകള്‍ ഉണ്ട്. വെള്ളം മാറ്റുമ്പോള്‍ അതേ ശക്തിയോടെ വെള്ളം തിരിച്ചു വരുന്ന സ്ഥിതിയുണ്ട്. വൈദ്യുതി ഇല്ലാത്തതും പ്രശ്‌നമാണ്. ഇതിനു പരിഹാരമായി ജനറേറ്റര്‍ ഉപയോഗിച്ച് വലിയ ശക്തിയുള്ള മോട്ടോര്‍ മുഖേന കിണറുകളിലെ മലിന ജലം ടാങ്കറുകളിലേക്ക് മാറ്റി ശുദ്ധീകരിക്കുന്നതിനാണ് ശ്രമിക്കുന്നത്. അഞ്ച് വീടുകള്‍ക്ക് ഒരു കിണര്‍ എന്ന നിലയില്‍ ശുചീകരണം നടത്തും. ഇതിന്റെ തുടര്‍ച്ചയായി ക്ലോറിനേഷനും നടത്തുമെന്നും എംഎല്‍എ പറഞ്ഞു.

ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ എന്നിവരും സെന്റ് മേരീസ് എംടിഎല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്കൊപ്പം ഓണസദ്യ കഴിച്ചു. 35 കുടുംബങ്ങളിലെ നൂറ്റമ്പതോളം പേരാണ് ഈ ക്യാമ്പിലുള്ളത്. നവ്യ റജി, അശ്വതി, മേഘാലക്ഷ്മി, സാധിക, അതിഥി അഭിലാഷ്, ലക്ഷ്മി രാജേഷ്, അരുണിമ, ആദിത്യന്‍ പ്രവീണ്‍, ദേവനന്ദന്‍ തുടങ്ങിയ കൊച്ചു കൂട്ടുകാര്‍ ചേര്‍ന്ന് ക്യാമ്പിനു മുന്‍പില്‍ മനോഹരമായ പൂക്കളം തയാറാക്കിയിരുന്നു. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐഷാ പുരുഷോത്തമന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബി. സതീഷ് കുമാര്‍, അംഗങ്ങളായ സൂസന്‍, സോമവല്ലി, ബ്ലോക്ക് പഞ്ചായത്തംഗം ശാന്തമ്മ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കോഴഞ്ചേരി തഹസീല്‍ദാര്‍ ബി. ജ്യോതി, ഡെപ്യുട്ടി തഹസീല്‍ദാര്‍ സി. ഗംഗാധരന്‍ തമ്പി, കിടങ്ങന്നൂര്‍ വില്ലേജ് ഓഫീസര്‍ എ.സീന, ക്യാമ്പ് ഇന്‍ ചാര്‍ജുമാരായ അനില്‍കുമാര്‍, സുകുകുമാര്‍, ഗായത്രി, ക്യാമ്പ് ലീഡര്‍ കെ. രാജേഷ് തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

പ്രളയത്തില്‍ വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ടതിന്റെ ഹൃദയനൊമ്പരത്തിലാണ് സംസ്ഥാനത്തെ വലിയ കോളനികളില്‍ ഒന്നായ ആറന്മുളയിലെ എഴിക്കാട് കോളനി നിവാസികള്‍. വെള്ളം കയറി നശിച്ചു പോയ വിലപ്പെട്ട രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും എല്ലാം ഇവിടുത്തെ ഓരോ വീടിന്റെയും മുറ്റത്ത് നിരത്തിയിട്ടിരിക്കുന്നു. നിരവധി വര്‍ഷത്തെ കഠിന പ്രയത്‌നത്തിലൂടെ പടുത്തുയര്‍ത്തിയ ജീവിത സാഹചര്യങ്ങളാണ് പ്രകൃതി ക്ഷോഭത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നത്. ഉടുതുണിയല്ലാതെ മറ്റൊന്നുമില്ലെന്ന് എഴികാട് പുത്തന്‍ വീട്ടിലെ ഗോപി (62) പറഞ്ഞു. ഇതുപോലൊരു വെള്ളപ്പൊക്കം ഓര്‍മയില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

430 കുടുംബങ്ങളാണ് എഴിക്കാട് കോളനിയിലുള്ളത്. ഈ കുടുംബങ്ങളിലെ 1600 ഓളം പേരെ ഓഗസ്റ്റ് 15ന് പുലര്‍ച്ചെ 2.30 മുതല്‍ റവന്യു ഉദ്യോഗസ്ഥര്‍ എത്തി പ്രളയം സംബന്ധിച്ച് മുന്നറിയിപ്പു നല്‍കി സുരക്ഷിത സ്ഥലങ്ങളിലെ ക്യാമ്പുകളിലേക്ക് മാറ്റുകയായിരുന്നു. ക്യാമ്പുകളിലേക്കു പോകാത്ത കുടുംബങ്ങള്‍ വെള്ളം കയറാത്ത സ്ഥലങ്ങളിലെ ബന്ധുക്കളുടെയും പരിചയമുള്ളവരുടെയും വീടുകളിലേക്ക് താമസം മാറിയിരുന്നു. കോളനിയിലെ വീടുകള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിപ്പോയത് ഇവിടുത്തെ കെട്ടിടങ്ങളുടെ ഭിത്തികള്‍ നോക്കിയാല്‍ അറിയാം. വെള്ളം കയറിയതും ഇറങ്ങിയതും ഭിത്തികളില്‍ തെളിഞ്ഞു കാണാം. അടുപ്പിച്ച് രണ്ട് വെള്ളപ്പൊക്കങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നവരാണ് എഴിക്കാട് കോളനി നിവാസികള്‍. കഴിഞ്ഞ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജൂലൈ 16ന് ആരംഭിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും എഴിക്കാട് കോളനി നിവാസികള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ടാണ് വീടുകളിലേക്ക് മടങ്ങി എത്തിയത്. ഓഗസ്റ്റ് ഒന്‍പതിനു കനത്ത മഴ പെയ്തു വെള്ളം കയറി തുടങ്ങിയതോടെ 10ന് വീണ്ടും പല കുടുംബങ്ങള്‍ക്കും ക്യാമ്പുകളിലേക്കു മടങ്ങേണ്ടി വന്നു. അവശേഷിച്ചിരുന്നവരെയാണ് 15ന് പുലര്‍ച്ചെ അടിയന്തിര സാഹചര്യം അറിയിച്ച് ഒഴിപ്പിച്ചത്.

എഴിക്കാട് കോളനി നിവാസികളെ വല്ലന ടികെഎംഎംആര്‍എം സ്‌കൂള്‍, ഗവ.എസ്എന്‍ഡിപി യുപിഎസ്, കിടങ്ങന്നൂര്‍ സെന്റ് മേരീസ് എംടിഎല്‍പി സ്‌കൂള്‍, സാല്‍വേഷന്‍ ആര്‍മി ഹാള്‍, ഇടയാറന്മുള കളരിക്കോട് ഗവ.എല്‍പിഎസ്, ആറന്മുള വനിതാ സംഘം ഹാള്‍, എലിമുക്ക് കാരിത്തോട്ട ഗവ.എംഡിഎല്‍പിഎസ്, മെഴുവേലി ജിഐഎസ് യുപിഎസ് എന്നിവിടങ്ങളിലെ ക്യാമ്പുകളിലാണ് താമസിപ്പിച്ചിരിക്കുന്നത്. ക്യാമ്പിലെ സൗകര്യങ്ങളില്‍ തൃപ്തനാണെന്ന് കിടങ്ങന്നൂര്‍ സെന്റ് മേരീസ് എംടിഎല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന എഴിക്കാട് കോളനി സ്വദേശിയായ റജി തെങ്ങുമോടിയില്‍ പറഞ്ഞു. വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെ റവന്യു ഉദ്യോഗസ്ഥര്‍ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനം മികച്ചതാണെന്ന് മണപ്പള്ളി വാര്‍ഡ് മെമ്പര്‍ ടി.ബി പ്രസന്നന്‍ പറഞ്ഞു.

കോഴഞ്ചേരി തഹസീല്‍ദാര്‍ ബി. ജ്യോതി, ഡെപ്യുട്ടി തഹസീല്‍ദാര്‍ സി. ഗംഗാധരന്‍ തമ്പി, കിടങ്ങന്നൂര്‍ വില്ലേജ് ഓഫീസര്‍ എ. സീന, വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരായ പ്രദീപ് കുമാര്‍, മോഹന്‍ നായര്‍, രഞ്ജിനി, സുബൈദ, വത്സല എന്നിവരാണ് ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഇതിനു പുറമേ എല്ലാ ക്യാമ്പുകളിലും പ്രവര്‍ത്തനം കാര്യക്ഷമമാണെന്ന് ഉറപ്പാക്കുന്നതിന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് മൂന്നു വെല്‍ഫെയര്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. ക്യാമ്പുകളിലേക്ക് ആവശ്യമായ ഭക്ഷണം മൂന്നു നേരവും അതത് ക്യാമ്പില്‍ അംഗങ്ങള്‍ എല്ലാവരും ചേര്‍ന്നു തയാറാക്കുകയാണ്.

വെള്ളം പൂര്‍ണമായും ഇറങ്ങാത്തതിനാല്‍ എഴിക്കാട് കോളനി നിവാസികള്‍ വീടുകളിലേക്കു മടങ്ങുന്നത് വൈകും. ക്യാമ്പുകളില്‍ നിന്നും ബന്ധുവീടുകളില്‍ നിന്നും മറ്റും മടങ്ങി എത്തിയവര്‍ വെള്ളം ഇറങ്ങിയ വീടുകളില്‍ അവശേഷിക്കുന്ന തങ്ങളുടെ വിലപ്പെട്ട രേഖകളും മറ്റും തിരയുകയാണ്. പലര്‍ക്കും റേഷന്‍ കാര്‍ഡും, ആധാറും, ജനന സര്‍ട്ടിഫിക്കറ്റും, ഡ്രൈവിംഗ് ലൈസന്‍സും മറ്റും നഷ്ടപ്പെട്ടിട്ടുണ്ട്. ചെളികയറി വീടുകള്‍ക്കകം മലിനമായിരിക്കുന്നു. തുണികളും, ഫര്‍ണിച്ചറുകളും, കിടക്കകളും, ടിവിയും ഫ്രിഡ്ജും, മോട്ടോറും ഉള്‍പ്പെടെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും നശിച്ചിരിക്കുന്നു. വെളളം കയറി വീടുകളുടെ വയറിംഗും നശിച്ചിട്ടുണ്ട്. ഇലക്ട്രീഷ്യന്‍മാരെ ഉപയോഗിച്ച് വീടുകളുടെ വയറിംഗ് പരിശോധിപ്പിക്കുന്നവരെയും ഇവിടെ കണ്ടു. ഇത്തരം പരിശോധനകള്‍ നടക്കുന്നതിനാലും നനവുമൂലം അപകടസ്ഥിതി നിലനില്‍ക്കുന്നതിനാലും വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിച്ചിട്ടില്ല. എഴിക്കാട് പുത്തന്‍വീട്ടില്‍ ഗോപാലകൃഷ്ണന്റെ വീടിന്റെ അടുക്കള വെള്ളം കയറി തകര്‍ന്നു വീണു. വീടിന്റെ പരിസരത്ത് അടുപ്പു കൂട്ടിയാണ് ഇപ്പോള്‍ കഞ്ഞി വയ്ക്കുന്നത്. എട്ടുവയസുള്ള മൂത്ത മകന്റെ പുസ്തകങ്ങള്‍ എല്ലാം നശിച്ചു.

അപ്രതീക്ഷിതമായുണ്ടായ പ്രളയത്തില്‍ ജീവിതമാര്‍ഗം ഇല്ലാതായതിന്റെ വിഷമത്തിലാണ് എഴിക്കാട് കോളനി നിവാസിയായ പ്രിയ. ഇവരുടെ ജീവിത മാര്‍ഗമായിരുന്ന രണ്ടു പശുക്കളില്‍ ഒന്ന് വെള്ളപ്പൊക്കത്തില്‍ ചത്തു. വെള്ളം പൊങ്ങി വരവേ ഒരു പശുവിനെ സുരക്ഷിത സ്ഥലത്ത് കെട്ടി പ്രിയ തിരികെ വരുമ്പോഴേക്ക് ഒരു പശു വെള്ളത്തില്‍ മുങ്ങി താണു. ക്യാമ്പില്‍ മടങ്ങി എത്തിയവര്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം കിണറുകളിലെ മലിന ജലമാണ്. കുടിക്കാന്‍ വെള്ളമില്ലാത്ത സ്ഥിതിയാണെന്ന് എഴിക്കാട് പുത്തന്‍വീട്ടില്‍ ഹരി പറഞ്ഞു. വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവിടുത്തെ വീടുകളുടെ ഭിത്തികള്‍ പൊട്ടല്‍ വീഴുകയും ബലക്ഷയം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്കമുണ്ടായപ്പോള്‍ സമീപത്തെ നാല് കുടുംബങ്ങളെയും കൂട്ടി കുറിച്ചിമുട്ടത്തുള്ള സഹോദരിയുടെ വീട്ടിലേക്ക് ഹരിയും കുടുംബവും മാറിയിരുന്നു. വെള്ളം കയറി നശിച്ച തുണികള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വലിയ പ്രശ്‌നമാണെന്ന് എഴിക്കാട് കോളനി ബ്ലോക്ക് എട്ടിലെ അനില്‍കുമാര്‍ പറഞ്ഞു.

കിടങ്ങന്നൂര്‍ വില്ലേജിന്റെ പരിധിയിലെ 90 ശതമാനത്തോളം പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നെന്ന് വില്ലേജ് ഓഫീസര്‍ എ. സീന പറഞ്ഞു. പേരങ്ങാട് നീര്‍വിളാകം ഭാഗം, പള്ളിമുക്കത്ത് നാല്‍ക്കാലിക്കല്‍ ഭാഗം, ഗുരുക്കന്‍ കുന്ന് ഭാഗം, നെല്ലിക്കുന്നത്ത് ഭാഗം എന്നിവിടങ്ങളിലും കനത്ത നാശനഷ്ടമാണ് പ്രളയം മൂലം ഉണ്ടായിട്ടുള്ളത്. കിടങ്ങന്നൂര്‍ വില്ലേജിലെ വിവിധ ക്യാമ്പുകളിലായി ആറായിരത്തോളം പേരാണ് കഴിയുന്നത്. കെട്ടിടങ്ങളും സ്‌കൂളുകളും കേന്ദ്രീകരിച്ചുള്ള 20 ക്യാമ്പുകളും വീടുകള്‍ കേന്ദ്രീകരിച്ചുള്ള നാല്‍പ്പതോളം ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

ജീവിതമാര്‍ഗം വഴിമുട്ടി 21 പേര്‍;

നൂല്‍ നൂല്‍പ്പ് തറികള്‍ നശിച്ചു

എഴിക്കാട് കോളനിയിലെ നൂല്‍ നൂല്‍പ്പ് കേന്ദ്രം വെള്ളം കയറി നശിച്ചു. ഇതോടെ ഇവിടെ ജോലി ചെയ്തിരുന്ന 21 പേര്‍ ജീവിതമാര്‍ഗമില്ലാതെയായി. നൂല്‍ നൂല്‍പ്പിന് ഉപയോഗിച്ചിരുന്ന 25 ഓളം തറികളും നൂലുകളും പഞ്ഞിയും നശിച്ചിട്ടുണ്ട്. എഴിക്കാട് കോളനിയിലെ നിര്‍ധനരായവരെ ശാക്തീകരിക്കുന്നതിന് സ്ഥാപിച്ചതാണ് നൂല്‍നൂല്‍പ്പ് കേന്ദ്രം. നശിച്ചു പോയ തറികളും നൂലും ചൂണ്ടിക്കാട്ടി ഇവിടുത്തെ ജീവനക്കാരിയായ രാധാവിലാസത്തില്‍ ശ്യാമള നിസഹായയായി പൊട്ടിക്കരഞ്ഞു. ശ്യാമളയുടെ മകന്റെ ജനന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ വെള്ളം കയറി നശിച്ചു. ഇതിനു പുറമേ ഇവരുടെ വീട്ടിലെ ഇലക്‌ട്രോണിക് ഉപകരണങ്ങളും കിടക്കളും ഫര്‍ണിച്ചറുകളും നശിച്ചു.

എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും ഓണസദ്യ ഒരുക്കി: ജില്ലാ കളക്ടര്‍

ജില്ലയിലെ എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും ഓണ സദ്യ ഒരുക്കിയതായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്കു മടങ്ങുന്നവര്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള കിറ്റ് തയാറാക്കുന്ന പ്രവര്‍ത്തനം പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ക്യാമ്പുകളിലും സദ്യ ഒരുക്കണമെന്ന് സര്‍ക്കാരിന്റെ നിര്‍ദേശം ഉണ്ട്.

ജില്ലയില്‍ വിതരണം ചെയ്യുന്നതിന് ആകെ 35,000 കിറ്റ് ആണ് വേണ്ടത്. 22 സാധനങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ ഭക്ഷണസാധനങ്ങളും അല്ലാത്ത അവശ്യവസ്തുക്കളും ഉണ്ട്. ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്കു പോയ ആളുകള്‍ക്ക് വില്ലേജ് ഓഫീസുകള്‍ വഴി കിറ്റ് എത്തിക്കും. വരും ദിവസങ്ങളില്‍ 35000 കുടുംബങ്ങള്‍ക്ക് കിറ്റ് നല്‍കാമെന്നാണ് പ്രതീക്ഷിക്കുന്നത്. 40 ടണ്‍ അരി പാലക്കാട് നിന്നും നാളെ (25) എത്തുന്നുണ്ട്. കിറ്റ് തയാറാക്കുന്നതിന് നൂറ്റി എഴുപത്തി ഏഴര ടണ്‍ അരിയാണ് വേണ്ടത്. ഇതു സംഭരിക്കുന്നതിനുള്ള പ്രവര്‍ത്തനം നടക്കുകയാണ്. ഹോര്‍ട്ടികോര്‍പ്പില്‍ നിന്ന് ഇന്നത്തേക്കുള്ള(24) പച്ചക്കറി സ്റ്റോക്ക് എടുത്തിട്ടുണ്ട്. 150 സന്നദ്ധ പ്രവര്‍ത്തകരാണ് പാക്കിംഗ് നടത്തുന്നത്. രാത്രിയോടെ 10,000 കിറ്റ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 7500 ബക്കറ്റും മഗും വന്നു കഴിഞ്ഞിട്ടുണ്ട്. കിറ്റ് പായ്ക്ക് ചെയ്യുന്നതിനായി 500 സന്നദ്ധ പ്രവര്‍ത്തകരെ കൂടി എത്തിക്കാന്‍ ശ്രമിക്കുകയാണെന്നും കളക്ടര്‍ പറഞ്ഞു.

English summary
pathanamthitta local news about onam celebration in relief camp.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more