പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവല്ലയുടെ കുടിവെള്ള പ്രശ്‌​നത്തിന് പരിഹാരമാകുമെന്ന് മന്ത്രി മാത്യു ടി തോമസ്

  • By Desk
Google Oneindia Malayalam News

പ​ത്ത​നം​തിട്ട: ഏതാനും മാസങ്ങൾക്കുള്ളിൽ തിരുവല്ലയിലെ കുടിവെള്ള പ്രശ്‌​നം പരിപൂർണമായും പരിഹരിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. തിരുവല്ല വാട്ടർ അതോറിറ്റി അങ്കണത്തിൽ നിർമിക്കുന്ന ജലഭവന്റെ ശിലാസ്ഥാപനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കല്ലിടാൻ വേണ്ടി നിർമാണം താമസിപ്പിക്കരുതെന്ന് വാട്ടർ അതോറിറ്റിയുടെ എല്ലാ പ്രവൃത്തികളുമായും ബന്ധപ്പെട്ട് നിർദേശം നൽകിയിട്ടുണ്ട്. അതേപോലെ നിർമാണം തീർന്നാലും മന്ത്രിയുടെ ഉദ്ഘാടനത്തിനു കാത്തിരുന്ന് വെള്ളം കൊടുക്കാൻ താമസിക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. പണി തീർന്നാൽ എത്രയും പെട്ടെന്നു വെള്ളം കൊടുക്കുകയെന്നതാണ് നയം. ഉദ്ഘാടനമൊക്കെ സൗകര്യമുള്ളപ്പോൾ നടത്താം. പക്ഷേ, ജനങ്ങൾക്ക് കിട്ടേണ്ടുന്ന സേവനങ്ങൾക്ക് ഒരു ദിവസം പോലും കാലതാമസം ഉണ്ടാകരുതെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

mathewtthomas

തിരുവല്ല​ചങ്ങനാശേരി കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടത്തിന് തിരുവല്ല നഗരസഭയുടെ വലിയ സഹകരണം ഉണ്ടായി. തിരുമൂലപുരത്ത് 15 ലക്ഷം ലിറ്ററിന്റെ ഉപരിതല ടാങ്ക് നിർമിക്കുന്നതിനുള്ള സ്ഥലം നഗരസഭ സൗജന്യമായി നൽകി. ഇതുമൂലം ഉയർന്ന പ്രദേശത്തുള്ള എല്ലാവർക്കും വെള്ളം കിട്ടുന്ന സാഹചര്യമുണ്ടാകും. കുറ്റൂർ പഞ്ചായത്തിലും സ്ഥലം ലഭ്യമായി ടാങ്ക് നിർമിച്ചാൽ അവിടുത്തെയും കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും. ഏറ്റവും മികച്ച രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. തിരുവൻവണ്ടൂർ ഒഴിച്ച് എല്ലാ പാക്കേജിന്റെയും നിർമാണം ആരംഭിച്ചിട്ടുണ്ട്. കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കിഫ്ബിയിൽ 2016​17 സാമ്പത്തിക വർഷം 1251 കോടി രൂപയുടെ 35 പദ്ധതികളാണ് വാട്ടർ അതോറിറ്റി ഏറ്റെടുത്തിരിക്കുന്നത്. ഇതിൽ 34 പദ്ധതികളുടെയും നിർമാണം ആരംഭിച്ചു. പഴയ സംഖ്യാബലം വച്ച് നേരേ ഇരട്ടി ജോലിയാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ചെയ്യുന്നത്. രണ്ടാമത്തെ വർഷം 1431 കോടി രൂപയുടെ പദ്ധതികളാണ് ഏറ്റെടുത്തിരിക്കുന്നത്. പണം ഇല്ല എന്നതിന്റെ പേരിൽ പകച്ചു നിൽക്കുകയല്ല.

1987ൽ നിലവിലുള്ള കുട്ടനാട് പദ്ധതി അപര്യാപ്തമായതു കൊണ്ട് അതിനൊരു വിപുലീകരണമെന്ന നിലയിൽ തിരുവല്ലയ്ക്കും ചങ്ങനാശേരിക്കുമായി 15.16 കോടി രൂപയ്ക്കുള്ള പദ്ധതി തയാറാക്കിയിരുന്നു. അന്ന് കണക്കു കൂട്ടിയത് 2020 വരെ ജലത്തിന് ക്ഷാമം ഉണ്ടാകില്ല എന്നാണ്. പക്ഷേ, അതിനിടയിൽ കുറ്റൂർ പഞ്ചായത്തിലേക്കും തിരുവൻവണ്ടൂർ പഞ്ചായത്തിലേക്കും 700 എംഎം പൈപ്പിൽ നിന്നും ജലം നൽകേണ്ടി വന്നു. ഇതോടെ തിരുവല്ല​ചങ്ങനാശേരി പദ്ധതിയിൽ ജലത്തിന് ക്ഷാമം ഉണ്ടായി. ഇതു പരിഹരിക്കാൻ വേണ്ടിയുള്ള പദ്ധതിയാണ് ഇപ്പോൾ ആവിഷ്​കരിച്ചു നടപ്പാക്കുന്നത്. ഈ പദ്ധതിക്ക് 58 കോടി രൂപ ആദ്യ വർഷം തന്നെ അനുവദിച്ചു നൽകിയിട്ടുണ്ട്. ഇതിനു പല ഘട്ടങ്ങളുണ്ട്. ഒന്ന്, നിലവിലിരിക്കുന്ന തിരുവല്ലയിലെ പഴയ കുട്ടനാട് പദ്ധതിയുടെ 33 എംഎൽഡി പ്രതിദിനം ശുദ്ധീകരിക്കുന്ന ശാല കൂടുതൽ മെച്ചപ്പെടുത്തും. രണ്ട് കല്ലിശേരിയിൽ ഇപ്പോൾ ഉള്ള 25 എംഎൽഡി ശാല 35 എംഎൽഡിയാക്കി വർധിപ്പിക്കും. തിരുവല്ലയിൽ 22 ദശലക്ഷം ലിറ്ററിന്റെ ശേഷിയുള്ള ഒരു ടാങ്ക് നിർമിക്കും. ടാങ്ക് നിർമിക്കുമ്പോൾ താഴെയുള്ള സ്ഥലം ഓഫീസിനായി ഉപയോഗിക്കുന്ന രൂപത്തിലാണ് നിർമാണം നടത്തുക. ഇതു പൂർത്തിയാകുമ്പോൾ വാട്ടർ അതോറിറ്റിയിലെ ഉദ്യോഗസ്ഥർക്ക് മാന്യമായ ഓഫീസും ലഭിക്കും അതോടൊപ്പം വിതരണം ചെയ്യാൻ ജലവും ആകും.

പദ്ധതിയുടെ ഭാഗമായി കുറ്റൂരിൽ ഏറ്റവും ഉയർന്ന സ്ഥലത്ത് ടാങ്ക് നിർമിക്കും. ഇതിനുള്ള സ്ഥലം ലഭ്യമാക്കാനുള്ള നടപടികൾ നടന്നു വരുകയാണ്. സ്ഥലം ലഭ്യമായി കഴിഞ്ഞാൽ കുറ്റൂർ പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌​നം പൂർണമായി പരിഹരിക്കപ്പെടും. തിരുവൻവണ്ടൂർ പഞ്ചായത്തിലെയും സ്ഥലം ലഭ്യമായി കഴിഞ്ഞാൽ അവിടുത്തെ ജലക്ഷാമവും പരിഹരിക്കപ്പെടും. തിരുവല്ല നഗരസഭയിൽ തിരുമൂലപുരത്തെ ടാങ്കിൽ നിന്ന് ഉയർന്ന പ്രദേശങ്ങളിൽ ജലം എത്തിക്കുന്നതോടെ മുൻസിപ്പാലിറ്റിയിൽ എല്ലാ ദിവസവും ജലം ലഭ്യമാകും. ഇത്തരത്തിൽ വളരെ ബ്രഹത്തായ പദ്ധതിയാണ് 58 കോടി രൂപയ്ക്ക് അഞ്ചു പായ്‌​ക്കേജുകളിലായി നിർമാണം നടന്നു വരുന്നത്. പ്രധാന പദ്ധതിയുടെ ഉദ്ഘാടനം ഏതാനും മാസം മുൻപ് തിരുമൂലപുരത്ത് വച്ച് നടത്തിയിരുന്നു. തിരുവല്ലയിൽ നിർമിക്കുന്ന 22 ദശലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്ക് ഉൾപ്പെടുന്ന ജലഭവൻ എന്ന ഓഫീസ് സമുച്ചയത്തിന്റെയും നിർമാണം ആരംഭിച്ചു കഴിഞ്ഞു. പഴയ കെട്ടിടം പൊളിച്ചു മാറ്റിയാണ് ഇതു നിർമിക്കുന്നത്. വാട്ടർ അതോറിറ്റിയുടെ സ്ഥലം തന്നെയാണ് ഇതിനായി വിനിയോഗിക്കുന്നത്.

പുറമറ്റം ഉൾപ്പെടെ പഞ്ചായത്തുകൾക്കായി 60 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. അവിടെയും സ്ഥലത്തിന്റെ ലഭ്യത പ്രശ്‌​നമാണ്. സ്ഥലം ഏറ്റെടുക്കൽ നടപടികളിലേക്കു നീങ്ങുകയാണ്. ഇതു പൂർത്തിയാകുന്നതോടെ പുറമറ്റം, കല്ലൂപ്പാറ, കോയിപ്രം പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്‌​നത്തിന് ശാശ്വത പരിഹാരമാകും. മല്ലപ്പള്ളി​ആനിക്കാട്‌​കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തുകൾക്ക് നിലവിലുള്ള പദ്ധതിയിൽ പണം പോരായിരുന്നു. ഇതിനാവശ്യമായ അധിക പണം 24 കോടി രൂപ അനുവദിച്ചു നൽകിയിട്ടുണ്ട്. പുളിക്കീഴ് പദ്ധതിയുടെ പൈപ്പ് ലൈൻ നിരണം, കടപ്ര പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുന്നതിന് 20 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തിരുവല്ല നഗരസഭ ചെയർമാൻ കെ.വി. വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജല അതോറിറ്റി ബോർഡ് അംഗം അലക്‌​സ് കണ്ണമല, വാർഡ് കൗൺസിലർ ഷാജി തിരുവല്ല, വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനിയർ എം. മധു, എക്‌​സിക്യുട്ടീവ് എൻജിനിയർ സി. സജീവ്, ഫ്രാൻസിസ് വി.ആന്റണി, പ്രൊഫ. അലക്‌​സാണ്ടർ കെ.ശാമുവേൽ, വർഗീസ് ജോൺ, ബാബു പറയത്തുകാട്ടിൽ, പ്രസന്നകുമാർ, ജിജി വട്ടശേരിൽ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

English summary
Pathanamthitta Local News drinking water problem.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X