ജെസ്ന കേസ് പ്രത്യേക അന്വേഷണ സംഘത്തിന് തടസം നിൽക്കുന്ന ശക്തി ആര് : പി സി വിഷ്ണുനാഥ്
പത്തനംതിട്ട: ജെസ്ന കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് തടസം നിൽകുന്ന ശക്തി ആരാണെന്ന് കണ്ടെത്തെണമെന്ന് എ ഐ സി സി സെക്രട്ടറി പി സി വിഷ്ണുനാഥ് ആവശ്യപ്പെട്ടു. റാന്നി കൊല്ലമുളയിലെ ജെസ്ന എന്ന പെൺകുട്ടിയെ കാണാതായിട്ട് നൂറ് ദിവസം തികഞ്ഞ ഇന്നലെ ഇട്ടിയപ്പാറ ജംഗ്ഷനിൽ നടന്ന പ്രതിക്ഷേധസമ്മേളനവും റോഡ് ഉപരോധവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഐ ജി മനോജ് എബ്രഹാമിന്റെ നേത്യത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചിട്ട് ഇത്രയും ദിവസം കഴിഞ്ഞിട്ടും ജെസ്നയെ കണ്ടെത്താൻ കഴിയാത്തത് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ശക്തികളുടെ പ്രവർത്തനം മൂലമാണ്. ഒന്നുകിൽ പൊലീസ് ഈ സംഭവത്തിൽ ഇരുട്ടിൽ തപ്പുകയാണ്. അല്ലെങ്കിൽ പൊലീസിനെ നിർജ്ജീവമാക്കിയിരിക്കയാണ്. ശാസ്ത്രീയമായ അന്വേഷണം പോലെയുള്ള പല ഘടകങ്ങളും നമ്മുടെ പൊലീസ് സേനയിൽ ഉണ്ടായിട്ടും അതൊന്നും ഈ കേസിൽ വിനിയോഗിക്കാത്തത് ദുരുഹത ഉയർത്തുകയാണെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.

ജെസ്ന കേസ് സംബന്ധിച്ച് ഒരു തെളിവും ഇതുവരെ ലഭിച്ചില്ലെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് ഇത് വെളിവാക്കുന്നത്. പല സ്ഥലങ്ങളിലും പെട്ടിവെച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് പൊലീസ് പറയുന്നു. ഇത് കേട്ടപ്പോൾ അത്ഭുതമാണ് തോന്നിയത്. തെറ്റ് ധരിപ്പിക്കാനുള്ള അന്വേഷണത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. സമാന്തര പൊലീസ് യോഗം ചേരുന്ന കാലമാണിത്. ഡിജിപിയുടെ നേത്യത്വത്തിൽ ഒരു യോഗം ചേർന്നാൽ അടുത്ത നിമിഷം എ ഡി ജി പി യുടെ നേത്യത്വത്തിൽ യോഗം ചേരും. ഇതാണ് ഇപ്പോഴത്തെ അവസ്ഥ. പൊലിസിന്റെ മനോവീര്യം പോയ സമയമാണിത്. ജെസ്ന കേസ് അന്വേഷിക്കണമോ അതോ മേൽ ഉദ്യോഗസ്ഥന്റെ പട്ടിയെ കളിപ്പിക്കണമോ എന്ന അവസ്ഥയിലാണ് പൊലീസ് എന്നും വിഷ്ണുനാഥ് പറഞ്ഞു.
ജെസ്നയുടെ തിരോധാനം സംബന്ധിച്ച് കാര്യക്ഷമമായി അന്വേഷണം ഇനിയുമെങ്കിലും ആരംഭിച്ചില്ലെങ്കിൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിന് മുന്നിൽ റിലേ സത്യാഗ്രഹം ഇരിക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ഡിസിസി പ്രസിഡന്റ് ബാബു ജോർജ് പറഞ്ഞു. ജെസ്ന സംഭവത്തിൽ ഹർത്താൽ ഉൾപ്പെടെയുള്ള സമരപരിപാടികൾ കോൺഗ്രസ് നടത്തിയാൽ അതിന് ഉത്തരവാദി എസ്പിയും കേസ് അന്വേഷണ ചുമതലയുള്ള ഐജിയ്ക്കുമായിരിക്കുമെന്ന് ബാബു ജോർജ് പറഞ്ഞു.
യോഗത്തിൽ ഡിസിസി വൈസ് പ്രസിഡന്റുമാരായ റിങ്കു ചെറിയാൻ, ടി കെ ഷാജു, ജനറൽ സെക്രട്ടറിമാരായ കാട്ടൂർ അബ്ദുൾ സലാം, സാമുവേൽ കിഴക്കുംപുറം, സതീഷ് പണിക്കർ, എബ്രഹാം മാത്യു പനച്ചമൂട്ടിൽ, സജി കൊട്ടയ്ക്കാട്, എം എസ് പ്രകാശ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ജില്ലാ പ്രസിഡന്റ് റോബിൻ പരുമല, കെ എസ് യു ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ തോമസ് അലക്സ്, പ്രകാശ് കുമാർ ചരളേൽ എന്നിവർ പ്രസംഗിച്ചു.












Click it and Unblock the Notifications