പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിലയ്ക്കൽ ബേസ് ക്യാമ്പാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട:ഹിൽ ടോപ്പിൽ നിന്ന് പമ്പ ഗണപതി ക്ഷേത്രത്തിലേക്ക് മേൽപ്പാലം പരിഗണനയിൽ. നവംബർ 17ന് ആരംഭിക്കുന്ന ശബരിമല മണ്ഡല മകരവിളക്ക് സീസണിൽ നിലയ്ക്കൽ ബേസ് ക്യാമ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ശബരിമല ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്.

തീർത്ഥാടകരുടെ വാഹനങ്ങൾ നിലയ്ക്കൽ വരെ മാത്രമേ അനുവദിക്കൂ. ഇവിടെ നിന്ന് പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി ബസിൽ തീർത്ഥാടകരെ എത്തിക്കും. ഇതിനായി 250 കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തും. നിലയ്ക്കലിൽ പരമാവധി പാർക്കിംഗ് സ്ഥലം കണ്ടെത്താൻ മന്ത്രി നിർദ്ദേശം നൽകി. ഇവിടെ ആവശ്യത്തിന് കുടിവെള്ളം വിതരണം ചെയ്യാൻ സംവിധാനം ഒരുക്കും. നിലയ്ക്കലിൽ പോലീസിനും കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും താമസത്തിനും പ്രാഥമികാവശ്യങ്ങൾക്കുമുള്ള സൗകര്യം ഒരുക്കും.

kadakampallisurendran-2

ഇവിടെ രണ്ടു മാസത്തിനകം ആയിരം ബയോ ടോയിലറ്റുകൾ സ്ഥാപിക്കും. ഇത്തവണ പമ്പയിൽ താത്കാലിക സംവിധാനങ്ങൾ മാത്രമേ ഒരുക്കൂ. പമ്പയിൽ മണ്ണുമാറ്റി വീണ്ടെടുത്ത പാലത്തിന്റെ ബലം പരിശോധിക്കും. പുനർനിർമാണ പ്രവൃത്തികൾക്ക് ചുമതലപ്പെടുത്തിയിരിക്കുന്ന ടാറ്റാ പ്രോജക്ട്‌സ് ലിമിറ്റഡിന്റെ ഉദ്യോഗസ്ഥർ ശബരിമലയിലെത്തിയിട്ടുണ്ട്. ഹിൽ ടോപ്പിൽ നിന്ന് പമ്പ ഗണപതി ക്ഷേത്രത്തിലേക്ക് പുതിയ പാലം നിർമ്മിക്കുന്നത് പരിഗണിക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ദേവസ്വം മന്ത്രിമാരുടെയും യോഗം ചേരും. കുന്നാർ ഡാമിലെ ചെളിയും മാലിന്യവും നീക്കം ചെയ്യാൻ ദേവസ്വം ബോർഡ് നടപടി സ്വീകരിക്കും. പമ്പയിലെ പ്രളയത്തെ തുടർന്ന് പത്തു മുതൽ 24 അടി വരെ മണ്ണ് ഉയർന്നിട്ടുണ്ട്. ഇതു മാറ്റുന്നതിലെ നിയമ തടസം ഒഴിവാക്കാൻ ഹൈക്കോടതിയെ സമീപിക്കും.

ശബരിമലയിലേക്കുള്ള തകർന്ന റോഡുകൾ നന്നാക്കാൻ 200 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. നിലയ്ക്കൽ, പമ്പ ഭാഗത്തെ റോഡുകളുടെ തകർച്ച പരിഹരിക്കുന്നതിനും മണ്ണിടിച്ചിലുള്ള സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തി കെട്ടുന്നതിനും ടാറ്റാ പ്രോജക്ട്‌സ് ലിമിറ്റഡു മായി ചർച്ച നടത്തുന്നുണ്ട്. ശബരിമല മാസ്റ്റർപ്ലാൻ അനുസരിച്ച് ശബരിമലയുമായി ബന്ധപ്പെട്ട പ്രവൃത്തികൾ നടത്തണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഈ മേഖലയിലെ വൈദ്യുതി പ്രശ്‌നം ഈ മാസം 12നകം പരിഹരിക്കും. വൈദ്യുതി പുനസ്ഥാപിച്ചാലുടൻ കുടിവെള്ള വിതരണം വാട്ടർ അതോറിറ്റി പുനരാരംഭിക്കും.

300 വാട്ടർ കിയോസ്കുകളാണ് ഇത്തവണ സ്ഥാപിക്കുക. പുൽമേടു വഴി കൂടുതൽ തീർത്ഥാടകർ എത്താനുള്ള സാധ്യത പരിഗണിച്ച് സൗകര്യം ഒരുക്കും. പമ്പയിൽ നടപ്പന്തൽ തകർന്ന സാഹചര്യത്തിൽ തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ താത്കാലിക നടപ്പന്തലും ബാരിക്കേഡും ഒരുക്കും. പമ്പയിലെ ആശുപത്രിയിൽ അടിഞ്ഞു കൂടിയ മണ്ണ് നീക്കം ചെയ്ത് പ്രവർത്തന സജ്ജമാക്കാൻ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കും. വിവിധ വകുപ്പുകൾ പരസ്പരസഹകരണത്തോടെ ശബരിമലയിലെ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടത്തണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

English summary
pathanamthitta local news on nilakkal base camp.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X