പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആദിവാസി ഊരുകളിൽ റേഷൻ നേരിട്ട് എത്തിക്കും; പൈലറ്റ് പദ്ധതിക്ക് പത്തനംതിട്ടയിൽ തുടക്കമാകുന്നു

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ജില്ലയിലെ ആദിവാസി ഊരുകളിൽ റേഷൻ സാധനങ്ങൾ നേരിട്ട് എത്തിക്കുന്നതിനു ള്ള സിവിൽ സപ്ലൈസ് വകുപ്പിന്റെ പദ്ധതിക്ക് ഈ മാസം ജില്ലയിൽ തുടക്കമാകും. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. അട്ടത്തോട് പട്ടികവർഗ കോളനിയിലെ 191 കുടുംബങ്ങൾക്കാണ് റേഷൻ സാധനങ്ങൾ ഊരുകളിൽ നേരിട്ട് എത്തിച്ച് നൽകുന്നത്.

ചാലക്കുടിയിൽ മാത്രമാണ് സംസ്ഥാനത്ത് ഇത്തരത്തിലൊരു പദ്ധതി ഇപ്പോൾ നടന്നുവരുന്നത്. പട്ടികവർഗ കുടുംബങ്ങൾക്ക് റേഷൻ സാധനങ്ങൾ നേരിട്ട് ഊരുകളിലെത്തിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ സംരംഭമാണ് പത്തനംതിട്ടയിലെ അട്ടത്തോട് ആദിവാസി ഊരിൽ ആരംഭിക്കുന്നത്. റേഷൻ സാധനങ്ങൾ പട്ടികവർഗ സെറ്റിൽമെന്റുകളോട് ഏറ്റവും അടുത്തുള്ള റേഷൻ കടകളിൽ നിന്നും വാഹനത്തിൽ മാസത്തിൽ രണ്ട് തവണ ഊരുകളിലെത്തിക്കും.

Pathanamthitta

ഒരു റേഷനിംഗ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലാണ് വിതരണം നടത്തുക. ഇപോസ് മെഷീൻ ഉപയോഗിച്ച് ബയോമെട്രിക് സംവിധാനത്തിലൂടെ റേഷൻ വിതരണം നടക്കുന്നതിനാൽ അർഹരായവർക്ക് റേഷൻ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുവാൻ കഴിയും. റേഷൻ സാധനങ്ങൾ ഊരുകളിൽ എത്തിക്കുന്നതിന് വനവികസന ഏജൻസി വാഹനസൗകര്യം ഏർപ്പെടുത്തും. പട്ടിക വർഗക്കാരായ എല്ലാ കുടുംബങ്ങൾക്കും എഎവൈ

വിഭാഗത്തിൽപ്പെട്ട മഞ്ഞ കാർഡുകളാണ് നൽകിയിട്ടുള്ളത്. ഈ കാർഡുകൾക്ക് കാർഡൊന്നിന് 30 കിലോഗ്രാം അരിയും അഞ്ച് കിലോഗ്രാം ഗോതമ്പുമാണ് സൗജന്യമായി നൽകുന്നത്. ഇതിന് പുറമേ വൈദ്യുതീകരിച്ച വീടിന് അര ലിറ്ററും വൈദ്യുതീകരിക്കാത്ത വീടിന് നാല് ലിറ്ററും മണ്ണെണ്ണ ലിറ്ററിന് 25 രൂപ നിരക്കിലും നൽകുന്നുണ്ട്.

റാന്നി താലൂക്കിലെ പെരുനാട് പഞ്ചായത്തിൽ റാന്നി ഫോറസ്റ്റ് ഡിവിഷന്റെ പരിധിയിൽ വരുന്നതാണ് അട്ടത്തോട് ട്രൈബൽ സെറ്റിൽമെന്റ്. ഇവിടുത്തെ 191 കാർഡ് ഉടമകളിൽ 137 പേർ അട്ടത്തോട് കിഴക്ക് കോളനിയിലും 54 പേർ അട്ടത്തോട് പടിഞ്ഞാറ് കോളനിയിലുമാണ് താമസിക്കുന്നത്. നിലയ്ക്കൽ ഗോപുരത്തിന് അടുത്തുള്ള 123ാം നമ്പർ റേഷൻ കടയിൽനിന്നാണ് സാധനങ്ങൾ കോളനിയിലെത്തിക്കുന്നത്.

ജില്ലയിൽ ഒമ്പത് പട്ടികവർഗ കോളനികളാണുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ കുടുംബങ്ങൾ താമസിക്കുന്നത് അട്ടത്തോട് കോളനിയിലായതിനാലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടത്തിപ്പിനായി അട്ടത്തോട് കോളനിയെ സിവിൽ സപ്ലൈസ് വകുപ്പ് തെരഞ്ഞെടുത്തത്. 34 കുടുംബങ്ങൾ വീതമുള്ള സീതത്തോട് പഞ്ചായത്തിലെ മൂഴിയാർ, ഗുരുനാഥൻമണ്ണ്, അരുവാപ്പുലം പഞ്ചായത്തിലെ ആവണിപ്പാറ, 30 കുടുംബങ്ങളുള്ള അരുവാപ്പുലം പഞ്ചായത്തിലെ കാട്ടാത്തി, 20 കുടുംബങ്ങളുള്ള കോട്ടംപാറ, 23 കുടുംബങ്ങൾ വീതമുള്ള വടശേരിക്കര പഞ്ചായത്തിലെ ഒളികല്ല്, റാന്നി പെരുനാട് പഞ്ചായത്തിലെ വേലംപ്ലാവ്, 19 കുടുംബങ്ങളുള്ള റാന്നി പെരുനാട് പഞ്ചായത്തിലെ ചാലക്കയം എന്നിവയാണ് ജില്ലയിലെ മറ്റ് ആദിവാസി ഊരുകൾ. ജില്ലയിലെ ഒമ്പത് ആദിവാസി ഊരുകളിലായി 408 കുടുംബങ്ങളാണ് താമസിക്കുന്നത്. സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള പദ്ധതി വനം, പട്ടികവർഗ വികസന വകുപ്പുകളുടെ സഹകരണത്തോടു കൂടിയാണ് നടപ്പാക്കുന്നതെന്ന് ജില്ലാ സപ്ലൈ ഓഫീസർ എം.എസ്.ബീന അറിയിച്ചു.

English summary
Pathanamthitta Local News about Ration cards in adivasi areas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X