ശബരിമല ഇനി സ്വച്ഛ് ഐക്കോണിക് പ്ലേസ്: അന്തർദേശീയ നിലവാരമുള്ള ശുചിത്വ മാലിന്യ സംസ്കരണ സംവിധാനങ്ങൾ!!
പത്തനംതിട്ട: സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി കേന്ദ്രസർക്കാർ സ്വച്ഛ് ഐക്കോണിക് പ്ലേയ്സായി ശബരിമലയെ തെരഞ്ഞെടുത്തതായി ജില്ലാ കളക്ടർ പി.ബി.നൂഹ് അറിയിച്ചു. ശബരിമല തിർഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.
മൂന്ന് ഘട്ടങ്ങളായി ഇൻഡ്യയിലെ 30 കേന്ദ്രങ്ങളെ യാണ് സ്വച്ഛ് ഐക്കോണിക് പ്ലേയ്സുകളായി മാറ്റുന്നത്. ഇതിൽ 10 കേന്ദ്രങ്ങൾ വീതമുള്ള ഒന്നും രണ്ടും ഘട്ടങ്ങൾ പൂർത്തിയായി. മൂന്നാം ഘട്ടത്തിൽ തെരഞ്ഞെടുത്തിട്ടുള്ള കേരളത്തിലെ ഏക കേന്ദ്രമാണ് ശബരിമല. അന്തർദേശീയ നിലവാരമുള്ള ശുചിത്വ മാലിന്യസംസ്കരണ സംവിധാനങ്ങൾ നടപ്പിലാക്കി ശബരിമലയെ സ്വച്ഛ് ഐക്കോണിക് പ്ലേയ്സാക്കുന്നതിനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഇതുസംബന്ധിച്ച പ്രാഥമിക യോഗം 25,26 തീയതികളിൽ ഹൈദരാബാദിൽ നടന്നു. 100 കോടി രൂപയുടെ പ്രാഥമിക എസ്റ്റിമേറ്റ് തയാറാക്കി ജില്ലാ കളക്ടർ ഹൈദരാബാദിൽ നടന്ന യോഗത്തിൽ അവതരിപ്പിക്കുകയും കേന്ദ്ര കുടിവെള്ള ശുചിത്വമന്ത്രാലയത്തിന് കൈമാറുകയും ചെയ്തു. വിശദമായ എസ്റ്റിമേറ്റ് ജൂലൈ രണ്ടിന് കളക്ടറേറ്റിൽ ചേരുന്ന ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ യോഗത്തിൽ ചർച്ച ചെയ്ത ശേഷം തയാറാക്കി കേന്ദ്ര സർക്കാരിന് നൽകുമെന്നും കളക്ടർ അറിയിച്ചു.












Click it and Unblock the Notifications