പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജില്ലാ സ്റ്റേഡിയത്തിലെ സ്‌പോർട്‌സ് കോംപ്ലക്‌സിന് മാസ്റ്റർ പ്ലാൻ തയാറാക്കണം : സ്റ്റേഡിയത്തിന്റെ സ്ഥലം കായിക ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കാൻ ശുപാർശ ചെയ്യും നിയമസഭാ സമിതി

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ജില്ലാ സ്റ്റേഡിയത്തിന്റെ വികസനത്തിന് കിഫ്ബിയിൽപ്പെടുത്തി സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുള്ള 50 കോടി രൂപയ്ക്ക് പുറമേ കേന്ദ്ര സർക്കാരിൽ നിന്നും ആറ് കോടി രൂപ കൂടി ലഭിച്ചിട്ടുള്ളതിനാൽ ഇതും കൂടി ചേർത്ത് ലോകോത്തര നിലവാരമുള്ള സ്‌പോർട്‌സ് കോംപ്ലക്‌സ് സ്ഥാപിക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ തയാറാക്കണമെന്ന് നിയമസഭയുടെ കായികവും യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി പറഞ്ഞു.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സമിതി ചെയർമാൻ റ്റി.വി.രാജേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ അംഗങ്ങളായ എം.സ്വരാജ് എംഎൽഎ, എൽദോ എബ്രഹാം എംഎൽഎ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് സമിതി ഈ അഭിപ്രായം ഉന്നയിച്ചത്. കേന്ദ്ര സർക്കാർ ഇൻഡോർ സ്റ്റേഡിയം നിർമിക്കുന്നതിന് 15 കോടി രൂപ അനുവദിക്കാമെന്നാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ ആറ് കോടി രൂപ ലഭ്യമായിട്ടുണ്ട്. ഇതിന് പുറമേയാണ് എംപി ഫണ്ട് ഉപയോഗിച്ച് പൂന്തോട്ടം നിർമിക്കുന്നതിന് ശുപാർശയുള്ളത്.

TV Rajesh MLA

15 ഏക്കറാണ് ജില്ലാ സ്റ്റേഡിയത്തിന് ലഭ്യമായിട്ടുള്ളത്. ഇതിൽ മൂന്ന് ഏക്കറാണ് എംപി ഫണ്ട് ഉപയോഗിച്ച് പൂന്തോട്ടം നിർമിക്കുന്നതിന് ശുപാർശ ചെയ്തിട്ടുള്ളത്. കായിക ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കണമെന്ന വ്യവസ്ഥയോടെയാണ് ജില്ലാ സ്റ്റേഡിയത്തിന് സ്ഥലം ഏറ്റെടുത്തിരുന്നത്. ഇതിൽ നിന്ന് വ്യത്യസ്തമായി സ്റ്റേഡിയത്തിന്റെ സ്ഥലം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് കായിക രംഗത്തോടുള്ള വെല്ലുവിളിയാണ്.

സർക്കാർ കായിക വികസനത്തിന് മുന്തിയ പരിഗണന നൽകുന്ന സാഹചര്യത്തിൽ കായിക ആവശ്യങ്ങൾക്ക് മാറ്റിവച്ചിട്ടുള്ള സ്റ്റേഡിയങ്ങളിൽ മറ്റ് നിർമാണ പ്രവർത്തനങ്ങൾ നടത്താൻ പാടില്ല എന്ന ശുപാർശ സമിതി നിയമസഭയിൽ സമർപ്പിക്കുമെന്ന് സമിതി ചെയർമാൻ പറഞ്ഞു. പത്തനംതിട്ട നഗരസഭയുടെ ഉടമസ്ഥതയിലാണ് ജില്ലാ സ്റ്റേഡിയം. നഗരസഭ വിട്ടുനൽകാമെന്ന് സമ്മതിച്ചിട്ടുള്ള 13 ഏക്കർ സ്ഥലത്ത് സ്‌പോർട്‌സ് കോംപ്ലക്‌സ് നിർമിക്കുന്നതിനുള്ള മാസ്റ്റർ പ്ലാനാണ് ഇപ്പോൾ തയാറാക്കിവരുന്നത്.

15 ഏക്കറിനുള്ള മാസ്റ്റർ പ്ലാൻ തയാറാക്കുന്നതായിരിക്കും ദീർഘകാല അടിസ്ഥാനത്തിൽ കായിക വികസനത്തിന് സഹായകമാകുക. വിവിധ ഏജൻസികൾ തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ സ്റ്റേഡിയത്തിന്റെ സ്ഥലം ഭാഗംവച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത് അന്താരാഷ്ട്ര നിലവാരമുള്ള ഒരു സ്‌പോർട്‌സ് കോംപ്ലക്‌സ് എന്ന പത്തനംതിട്ടയുടെ ചിരകാല സ്വപ്നത്തിന് വിലങ്ങുതടിയാകും.

ഇത് ഒഴിവാക്കുന്നതിന് നഗരസഭയും സ്‌പോർട്‌സ് കൗൺസിലും സർക്കാരും ഒത്തുചേർന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിഹിതവും ജനപ്രതിനിധികളുടെ ആസ്തിവികസന ഫണ്ടുകൾ ഉൾപ്പെടെയുള്ളവയും ഏകോപിപ്പിച്ച് ഒരു സമഗ്ര മാസ്റ്റർപ്ലാൻ തയാറാക്കി നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് പൂത്തിയാക്കുന്നതിന് എല്ലാവരും ഒറ്റക്കെട്ടായി ശ്രമിക്കണമെന്ന് സമിതി അഭിപ്രായപ്പെട്ടു. തിരുവല്ലയിലെ സ്വിമ്മിംഗ് പൂളിൽ ചോർച്ചയുള്ളതിനാൽ കാര്യക്ഷമമായ ഉപയോഗം നടക്കുന്നില്ലായെന്ന പരാതി സമിതി മുമ്പാകെ ലഭിച്ചു.

സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വിദഗ്ദ്ധരെക്കൊണ്ട് പരിശോധിപ്പിച്ചതിൽ ചെറിയ തുക ചെലവാക്കി അറ്റകുറ്റപ്പണികൾ നടത്തിയാൽ ചോർച്ച അടയ്ക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. നീന്തൽ താരങ്ങളെ പരിശീലിപ്പിക്കുന്നതിന് സ്വകാര്യ സ്വിമ്മിംഗ് പൂളുകളിൽ കൊണ്ടുപോകേണ്ട അവസ്ഥയാണുള്ളത്. ഇത് ഒഴിവാക്കുന്നതിന് സ്വിമ്മിംഗ് പൂളിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഉപയോഗയോഗ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവർക്ക് സമിതി നിർദേശം നൽകി.

ജില്ലാ സ്റ്റേഡിയത്തിന്റെ റീസർവെ നടപടികൾ ഉടൻ പൂർത്തിയാക്കാൻ സമിതി ശുപാർശ നൽകും. സ്‌പോർട്‌സ് പാഠ്യവിഷയമാക്കുക, എല്ലാ സ്കൂളുകളിലും കായിക അധ്യാപകരെ നിയമിക്കുക എന്നീ ശുപാർശകൾ സമിതി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. കായിക അധ്യാപകരുടെ വേതനം വെട്ടിക്കുറച്ചത് സംബന്ധിച്ച പരാതിയിൽ സമിതി അന്വേഷണം നടത്തും. യൂത്ത് വെൽഫെയർ ബോർഡ് കോഓർഡിനേറ്റർമാരുടെ ഓണറേറിയം അപര്യാപ്തമാണെന്ന പരാതികൾ സമിതി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും.

കെഎസ്ആർടിസി റാങ്ക് ലിസ്റ്റിൽ നിന്നും അഡൈ്വസ് ലഭിച്ച 4051 പേർക്ക് കഴിഞ്ഞ രണ്ട് വർഷത്തിലധികമായി നിയമനം നൽകാത്തത് സംബന്ധിച്ച വിഷയം റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ സമിതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യത്തിൽ കെഎസ്ആർടിസി എംഡിയെ വിളിച്ചുവരുത്തി സമിതി തെളിവെടുത്തിരുന്നതായും ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ നിയമന ശുപാർശ നൽകിയിട്ടുള്ള 4051 പേർക്ക് ഒഴിവുവരുന്ന മുറയ്ക്ക് മാത്രമേ നിയമനം നൽകുവാൻ കഴിയൂ എന്ന് അറിയിച്ചിട്ടുള്ളതായും സമിതി പറഞ്ഞു.

യോഗത്തിൽ എഡിഎം പി.റ്റി.എബ്രഹാം, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ, നിയമസഭാ സമിതി ഉദ്യോഗസ്ഥൻ ഡി.പ്രസാദ്, കായിക സംഘടനാ ഭാരവാഹികളായ രഞ്ജി ജേക്കബ്, പ്രൊഫ.ഉമ്മൻ ജേക്കബ്, പ്രസന്നകുമാർ, വിവിധ കായിക സംഘടനാ പ്രതിനിധികൾ, കായിക പരിശീലകർ, കായികതാരങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

English summary
Pathanamthitta Local News about sports complex
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X