പത്തനംതിട്ടയില്‍ മൂന്ന് ഡിവൈഎസ്പി ഓഫീസുകള്‍ കൂടി: പോലീസ് സ്റ്റേഷനുകള്‍ വിപുലീകരിക്കും!!
പത്തനംതിട്ട: പോലീസ് സേനയിലെ നവീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന നൂറ് ഡിവൈഎസ്പി സ്റ്റേഷനുകളുടെ പട്ടികയിൽ കോന്നി, റാന്നി, പന്പ എന്നിവിടങ്ങളും ഉൾപ്പെടും. ജില്ലയിൽ നിലവിലുള്ള തിരുവല്ല, അടൂർ, പത്തനംതിട്ട ഡിവൈഎസ്പി ഓഫീസുകൾ വിഭജിച്ചാണ് പുതിയ സബ് ഡിവിഷനുകൾ രൂപീകരിക്കുന്നത്.
21 പോലീസ് സ്റ്റേഷനുകളുടെ നിയന്ത്രണമാണ് നിലവിൽ മൂന്ന് ഡിവൈഎസ്പിമാർക്കുള്ളത്. പ്രധാന പോലീസ് സ്റ്റേഷനുകളുടെ ചുമതല സർക്കിൾ ഇൻസ്പെക്ടർമാരിലേക്ക് മാറ്റപ്പെട്ടതോടെ സിഐയുടെ പരിധിയിലുള്ള സ്റ്റേഷനുകളുടെ പരിശോധനകൾ ഡിവൈഎസ്പിമാർ നേരിട്ടു നടത്തണം. ഒരു ഡിവൈഎസ്പിയുടെ നിയന്ത്രണത്തിലുള്ള പോലീസ് സ്റ്റേഷനുകളുടെ എണ്ണം ഇരട്ടിയിലധികമായതോടെ ഭരണ നിർവഹണം സാധ്യമല്ലാതായതോടെയാണ് പുതിയ ഡിവൈഎസ്പി സ്റ്റേഷനുകൾക്ക് സർക്കാർ തീരുമാനിച്ചത്. താലൂക്ക് കേന്ദ്രങ്ങൾ, ജനസാന്ദ്രത എന്നിവയെല്ലാം പരിശോധിച്ചാണ് പുതിയ ഡിവൈഎസ്പി ഓഫീസുകളുടെ സാധ്യത സർക്കാർ പരിഗണിക്കുന്നത്.

ശബരിമല ഉൾപ്പെടുന്ന പന്പ പ്രദേശം നിലവിൽ പത്തനംതിട്ട ഡിവൈഎസ്പിയുടെ പരിധിയിലാണ്. മണ്ഡല, മകരവിളക്കു കാലത്ത് പ്രത്യേക പോലീസ് സേനയ്ക്കാണ് ചുമതലയെങ്കിലും മറ്റു സമയങ്ങളിൽ ചുമതല പത്തനംതിട്ട ഡിവൈഎസ്പിക്കാണ്. പന്പയ്ക്കു മാത്രമായി ഒരു ഡിവൈഎസ്പി ഉണ്ടാകുന്നതോടെ ഭരണനിർവഹണത്തിലടക്കം പ്രയോജനപ്പെടും. റാന്നി, കോന്നി സിഐമാർക്ക് ഒന്നിലധികം സ്റ്റേഷനുകളുടെ ചുമതലയാണ് ഉണ്ടായിരുന്നത്. ഇതേ പ്രദേശങ്ങളിൽ പോലീസ് സേനയിലെ അംഗബലവും കുറവാണ്.
അടൂർ ഡിവൈഎസ്പിയുടെ പരിധയിലുള്ള കോന്നി സിഐ ഓഫീസിനു കീഴിൽ തണ്ണിത്തോട്, കൂടൽ പോലീസ് സ്റ്റേഷനുകളാണ് ഉള്ളത്. റാന്നി സിഐ തിരുവല്ല ഡിവൈഎസ്പിയുടെ പരിധയിലുമാണ്. പന്പ സ്റ്റേഷൻ കൂടാതെ ചിറ്റാർ, മൂഴിയാർ, സ്റ്റേഷനുകളും പ്രവർത്തിക്കുന്നുണ്ട്. കോന്നിയിൽ മെഡിക്കൽ കോളജു കൂടി പ്രവർത്തനമാകുന്നതോടെ ഇവിടെയും പുതിയ സ്റ്റേഷൻ നിലവിൽ വരും.
വനിതാ പോലീസിന്റെ കുറവും കോന്നി, റാന്നി സ്റ്റേഷനുകൾക്കുണ്ട്. ട്രാഫിക് പോലീസ് സ്റ്റേഷനുകളും ഇവിടങ്ങളിലില്ല. വാഹന പരിശോധനയും ഗതാഗതനിയന്ത്രണവും ഉൾപ്പടെയുള്ള ജോലികൾ നിലവിലുള്ള പോലീസുകാരാണ് നിർവഹിക്കുന്നത്. ആവശ്യമായ ഘട്ടത്തിൽ വനിതാ പോലീസുകാരെ പത്തനംതിട്ടയൽ നിന്നും എത്തിക്കുകയാണ് പതിവ്. റാന്നി, കോന്നി കേന്ദ്രീകരിച്ച് വനിത, ട്രാഫിക് സ്റ്റേഷനുകളും തുടങ്ങേണ്ടതുണ്ട്. സർക്കാരിന്റെ നവീകരണ പദ്ധതിയിൽ ഇവയെല്ലാം ഉൾപ്പെടുമെന്നാണ് സൂചന. പോലീസ് സ്റ്റേഷനുകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനും നടപടികൾ ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications