പത്തനംതിട്ടയിലെ മാലിന്യപ്രശ്‌നത്തിന് പരിഹാരം; എംഎൽഎയുടെ നേതൃത്വത്തിൽ കർമ്മ പദ്ധതി!
പത്തനംതിട്ട: നഗരസഭ പ്രദേശത്തെ മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിന് ആറന്മുള എം.എൽ.എ വീണാജോർജിന്റെ നേതൃത്വത്തിൽ പുതിയ കർമപരിപാടിക്ക് തുടക്കമാകുന്നു. ജനകീയ പങ്കാളിത്തത്തോടെ വിവിധ സർക്കാർ ഏജൻസികളെ ഒന്നിപ്പിച്ചാണ് പരിപാടി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. നഗരസഭയുടെ സജീവപങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.
നഗരസഭയ്ക്കുള്ളിൽ അടിഞ്ഞുകൂടുന്ന മാലിന്യം ദിനംതോറും വർധിക്കുകയും മാലിന്യസംസ്‌കരണം നടക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നഗരസഭയുടെ അനുവാദത്തോടെ എം.എൽ.എ ഇടപെടൽ നടത്തുന്നത്. കർമപരിപാടികളുടെ ഭാഗമായ ആദ്യ വർക്‌ഷോപ്പ് ആറിന് ഉച്ച കഴിഞ്ഞ് 2.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ക്ലീൻ, ഗ്രീൻ പത്തനംതിട്ട എന്ന് പേരിട്ടിരിക്കുന്ന കർമ പരിപാടി ശുചിത്വമിഷനെയും ഹരിതകേരളമിഷനേയും വിവിധ സർക്കാർ വകുപ്പുകളേയും ഏകോപിപ്പിച്ചാണ് നടക്കുക.

ശുചിത്വമിഷൻ ഡയറക്ടർ ഡോ.ആർ. അജയകുമാർ വർമ്മ, കില ഡയറക്ടർ ഡോ.ജോയ് ഇളമൺ, ഹരിതകേരളം, ശുചിത്വമിഷൻ ജില്ലാ കോഓർഡിനേറ്റർമാർ തുടങ്ങിയവർ വർക്‌ഷോപ്പിന് നേതൃത്വം നൽകും. നിലവിൽ എത്ര ടൺ മാലിന്യം പത്തനംതിട്ട നഗരസഭ പ്രദേശത്ത് വരുന്നുണ്ടെന്നും, ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഉണ്ടാകുന്ന മാലിന്യങ്ങൾ എത്രയെന്ന് കണ്ടെത്തുകയും അവയുടെ നിർമാർജനം ഫലപ്രദമായ രീതിയിൽ എങ്ങനെ സാധ്യമാക്കാം എന്നത് സംബന്ധിച്ച ആശയ രൂപീകരണവുമാണ് വർക്‌ഷോപ്പിന്റെ ലക്ഷ്യം.
ആശുപത്രിമാലിന്യങ്ങൾ, ഇലക്‌ട്രോണിക് മാലിന്യങ്ങൾ തുടങ്ങിയവ എത്ര അളവിൽ ജില്ലയിൽ ഉൽപാദിപ്പിക്കുന്നുണ്ടെന്ന് കണ്ടെത്തേണ്ടതും അനിവാര്യമാണ്. മാലിന്യസംസ്‌കരണത്തിനായി നഗരസഭയിൽ ബയോഗ്യാസ് പ്ലാന്റുകളും കമ്പോസ്റ്റ് യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവയുടെ അവസ്ഥയും ശോചനീയമാണ്. 2008 ൽ സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് വർഷങ്ങളായി നിശ്ചലമായിരുന്നു. 600 ടൺ ശേഷിയുള്ള ബയോഗ്യാസ് പ്ലാന്റ് ഇപ്പോൾ പ്രവർത്തനക്ഷമമായെങ്കിലും പ്ലാന്റിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ബയോഗ്യാസ് ഇതുവരെ ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. ഇത് കത്തിച്ച് കളയുകയാണ് ചെയ്യുന്നത്.
നഗരസഭയിൽ ഒരു ടൺ ജൈവമാലിന്യം കമ്പോസ്റ്റ് ചെയ്യുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ, മഴക്കാലത്ത് ഈ കമ്പോസ്റ്റ് യൂണിറ്റുകളുടെ അവസ്ഥയും ഫലപ്രദമല്ല. നഗരത്തിൽ കുന്നുകൂടുന്ന ഖരമാലിന്യങ്ങളുടെ എണ്ണവും ദിനംപ്രതി കൂടുകയാണ്. നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുകയും വിലയിരുത്തുകയും ഇതിനുള്ള പരിഹാരങ്ങളും നിർദേശങ്ങളും കണ്ടെത്തുകയും ചെയ്യുകയും പദ്ധതിക്ക് അന്തിമ രൂപം നൽശുകയുമാണ് വർക്‌ഷോപ്പിന്റെ ലക്ഷ്യം. ജില്ലയിലെ വിവിധ റസിഡൻസ് അസോസിയേഷൻ പ്രതിനിധികളും വർക്‌ഷോപ്പിൽ പങ്കെടുക്കും.












Click it and Unblock the Notifications