കെ സുരേന്ദ്രന് ലഭിച്ച വോട്ടുപോലുമില്ല: പത്തനംതിട്ടയില്‍ നിറംമങ്ങി അനില്‍, ഡല്‍ഹിക്ക് വിമാനം കയറി
പത്തനംതിട്ട: ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് സംസ്ഥാനത്ത് പ്രതീക്ഷിച്ച മുന്നേറ്റം നടത്താന്‍ കഴിയാതെ പോയ ചുരുക്കം മണ്ഡലങ്ങളില്‍ ഒന്ന് പത്തംതിട്ടയാണ്. അനില്‍ ആന്റണിയെ ഇറക്കിയതിലൂടെ പത്തനംത്തിട്ടയില്‍ വലിയ മുന്നേറ്റം നടത്താന്‍ കഴിയുമെന്ന് ബി ജെ പി ഉറച്ച് വിശ്വസിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ മൂന്നാം സ്ഥാനമാണ് ലഭിച്ചതെന്ന് മാത്രമല്ല, കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് കുറയുകയും ചെയ്തു. ഇതോടെ കടുത്ത അതൃപ്തിയിലാണ് കേന്ദ്രം നേരിട്ട് കളത്തിലിറക്കിയ അനിൽ ആന്റണി.
2019 ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാർത്ഥിയായിരുന്ന കെ സുരേന്ദ്രന് മൂന്ന് ലക്ഷത്തിന് അടുത്ത് (297396) വോട്ട് പത്തനംതിട്ടയില്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ അനില്‍ ആന്റണിയുടെ പെട്ടിയില്‍ വീണതാകട്ടെ 234406 വോട്ടുകള്‍. കെ സുരേന്ദ്രന്‍ കഴിഞ്ഞ തവണ 13 ശതമാനം വോട്ട് ഉയർത്തിയെങ്കില്‍ ഇത്തവണ നാല് ശതമാനത്തിന് അടുത്ത് കുറഞ്ഞു.

പത്തനംതിട്ട ബി ജെ പി ജില്ലാ ഘടകത്തേയാണ് തോൽവിക്ക് അനിൽ കുറ്റം പറയുന്നതെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്. കോൺഗ്രസ് വോട്ടുകളിൽ അടക്കം വിള്ളലുണ്ടാക്കാമെന്ന പ്രതീക്ഷ അനിലിനും ബി ജെ പി കേന്ദ്ര നേതൃത്വത്തിനും ഉണ്ടായിരുന്നു. എന്നാല്‍ കാര്യമായ ചലനമുണ്ടായില്ല. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ മാധ്യമങ്ങളോട് ഒരുപ്രതികരണവും നടത്താതെ അനിൽ ഡൽഹിക്കു മടങ്ങുകയും ചെയ്തു. ആകെ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പ് മാത്രമാണ് പ്രതികരണമാണ് വന്നിട്ടുള്ളത്. അതിലാകട്ടെ മോദിക്കും ദേശീയ നേതൃത്വത്തിനുമാാണ് നന്ദി അർപ്പിച്ചിരിക്കുന്നതും. അനില്‍ ആന്റണിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
പ്രിയപെട്ട സുഹൃത്തുക്കളെ,
നിങ്ങളുടെ വിലയേറിയ 2.34 ലക്ഷം വോട്ടുകൾ ബി.ജെ.പിക്ക് നൽകിയ പത്തനംതിട്ടയിലെ സ്നേഹം നിറഞ്ഞ ജനങ്ങൾക്ക് ഒരായിരം നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ജനാധിപത്യത്തിൻ്റെ മഹോത്സവത്തിൽ പങ്കാളിയാവാൻ എനിക്ക് അവസരം തന്ന ഭാരതത്തിൻ്റെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിജി ക്കും , ഭാരതിയ ജനതാ പാർട്ടി ദേശീയ നേതൃത്വത്തിനും ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നു.
ഈ പാർട്ടിയെ നെഞ്ചിലേറ്റി പാർട്ടിയുടെ ആദർശങ്ങൾ ലോകമത്രയും പ്രചരിപ്പിക്കുകയും വികസിത ഭാരതം യാഥാർത്ഥ്യമായി കാണാൻ അഹോരാത്രം യത്‌നിക്കുകയും ചെയ്യുന്ന ഓരോ പാർട്ടി പ്രവർത്തകനും ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തിക്കൊള്ളട്ടെ. പത്തനംതിട്ടയ്ക്കായി ഇനിയും നമ്മുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.
നിങ്ങളുടെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലും, പത്തനംതിട്ടയുടെ മുഖച്ഛായ മാറ്റാൻ തുടർന്നും ഞാൻ നിങ്ങളോടൊപ്പം നിങ്ങളിലൊരാളായി പ്രവർത്തിക്കും. കേന്ദ്ര സർക്കാരിൻ്റെ ഓരോ ക്ഷേമ പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് എത്തിക്കാൻ ഞാൻ അശ്രാന്ത പരിശ്രമം നടത്തും. നമ്മുടെ ജനങ്ങളുടെ ക്ഷേമത്തിനായി ഇന്നും, എന്നെന്നും നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം .നിങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുകയും എന്നെ ഒരുപാട് പ്രോത്സാഹിപ്പിക്കുകയും ചെയ്തതിന് ഒരിക്കൽ കൂടി ഒരായിരം നന്ദി.












Click it and Unblock the Notifications