പത്തനംതിട്ട പിടിക്കാന്‍ ബിജെപിക്ക് വജ്രായുധം: പിസി ജോർജിനെ പൊതു സ്വതന്ത്രനായി ഇറക്കുന്നു?
പത്തനംതിട്ട: ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി ജെ പി ലക്ഷ്യം വെക്കുന്ന സീറ്റുകളില്‍ ഒന്നാണ് പത്തനംതിട്ട. 2019 ലെ തിരഞ്ഞെടുപ്പില്‍ കെ സുരേന്ദന് ശക്തമായ മത്സരം കാഴ്ചവെക്കാന്‍ സാധിച്ചതാണ് പത്തനംതിട്ടയിലെ ബി ജെ പിയുടെ പ്രതീക്ഷികള്‍ വർധിപ്പിക്കുന്നത്. കഴിഞ്ഞതവണ 297396 വോട്ടുകളായിരുന്നു പത്തനംതിട്ടയില്‍ ബി ജെ പി നേടിയത്.
2014 ലെ തിരഞ്ഞെടുപ്പില്‍ എംടി രമേശ് നേടിയ 138954 എന്ന വോട്ടാണ് അഞ്ച് വർഷത്തിനിപ്പുറം ബി ജെ പി ഇരട്ടിയിലേറെയായി വർധിപ്പിച്ചത്. ഇത്തവണ മികച്ച സ്ഥാനാർത്തിയെ നിർത്തിയാല്‍ മണ്ഡലം പിടിച്ചെടുക്കാമെന്ന് തന്നെയാണ് പാർട്ടിയുടെ പ്രതീക്ഷ. പാർട്ടി സ്ഥാനാർത്ഥിയെക്കാള്‍ ക്രിസ്തീയ വിഭാഗത്തിലുള്ള പൊതു സ്വതന്ത്രനെയാണ് ബി ജെ പി തേടുന്നതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോർട്ട്.

ക്രീസ്തീയ വിഭാഗത്തിലെ സ്ഥാനാർത്ഥിയെ ഇറക്കിയാല്‍ കോണ്‍ഗ്രസിലെ ഭിന്നത മുതലെടുക്കാന്‍ സാധിക്കുമെന്നും ബി ജെ പി പ്രതീക്ഷിക്കുന്നു. ഇതിനിടയിലാണ് ബി ജെ പി പിന്തുണയിൽ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായാൽ വിജയം ഉറപ്പെന്ന അവകാശ വാദവുമായി പി സി ജോർജും മുന്നോട്ട് വരുന്നത്. ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് 70 ശതമാനം വോട്ടുകളുള്ള മണ്ഡലത്തിൽ പി സി ജോർജ് വരികയാണെങ്കില്‍ അത് ശക്തമായ ത്രികോണ മത്സരത്തിന് വഴിയൊരുക്കും എന്നതില്‍ സംശയമില്ല.
കോണ്‍ഗ്രസ് എംപിമാരില്‍ ജനപ്രീതി ഇടിഞ്ഞവരുടെ പട്ടികയില്‍ ആന്റോ ആന്റണിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വലിയൊരു വിഭാഗം പാർട്ടി പ്രവർത്തകരും എംപി എതിരാണ്. പുതിയ സ്ഥാനാർത്ഥി വേണമെന്ന ആവശ്യവും പാർട്ടിയില്‍ ശക്തമാണ്. ഈ സാഹചര്യത്തിലാണ് പിസി ജോർജിനെപ്പോലെയുള്ള ഒരാളെ ഇറക്കി ഭിന്നത മുതലെടുക്കാനുള്ള ബി ജെ പി ശ്രമം.
ബി ജെ പി സ്ഥാനാർത്ഥിയായാല്‍ ജയിക്കാന്‍ കഴിയുമെന്നതില്‍ പിസി ജോർജിനും സംശയമൊന്നുമില്ല. 'പത്തനംതിട്ടയിൽ വിജയസാധ്യതയുണ്ട്. മികച്ച മത്സരമാണ് നടക്കുക. ബി ജെ പി പിന്തുണയിൽ ജയിക്കും' പിസി ജോർജ് പറയുന്നു. പിസി ജോർജിനെ മത്സരിപ്പിക്കുന്നതില്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാകള്‍ക്കും താല്‍പര്യമുണ്ട്. അതേസമയം തന്നെ, ദേശീയ ന്യൂനപക്ഷ മോർച്ച വൈസ് പ്രസിഡൻ്റ് അഡ്വ നോബിൾ മാത്യുവും എൻ എസ് എസ് സഹയാത്രികനും മുതിർന്ന നേതാവുമായ ബി രാധാകൃഷ്ണമേനോനും സ്ഥാനാർത്ഥിത്വം ലക്ഷ്യം വെക്കുന്നവരുടെ പട്ടികയിലുണ്ട്.












Click it and Unblock the Notifications