പത്തനംതിട്ടയിൽ കനത്ത മഴ; ഉരുൾപ്പൊട്ടിയതായി സംശയം; കുത്തിയൊലിച്ച് മല വെള്ളം; രണ്ട് ഡാമുകൾ തുറന്നു
സീതത്തോട് ( പത്തനംതിട്ട ): പത്തനംതിട്ട ജില്ലയിലെ കിഴക്കൻ മേഖലയിൽ അതിശക്തമായ മഴ. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മണിയാർ, മൂഴിയാർ ഡാമുകൾ തുറന്നു. വനത്തിനുള്ളിൽ ഉരുൾപ്പൊട്ടലുണ്ടായതായാണ് സൂചന. അധികജലം ഒഴുകി എത്തിയതിനെ തുടർന്നാണ് ഡാം തുറന്നത്.
മൂഴിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ 30 സെന്റി മീറ്റർ വീതം വെള്ളിയാഴ്ച വൈകിട്ട് 7 മണിയോടെ ഉയർത്തി. ഇതിൽ രണ്ടെണ്ണം പിന്നീട് അടച്ചു. നിലവിൽ രണ്ടാം നമ്പർ ഷട്ടർ മാത്രം 50 സെന്റി മീറ്റർ ഉയർത്തിയിട്ടുണ്ട്. രാത്രി വൈകിയും ശക്തമായ മഴ തുടരുകയാണ്.

മൂഴിയാർ സായിപ്പിൻകുഴി ഉൾവനത്തിൽ ഉരുൾപൊട്ടിയതിനെ തുടർന്നാണ് ജലനിരപ്പ് ഉയർന്നതെന്നാണ് സംശയം. സായിപ്പിൻകുഴി തോട്ടിൽ നിന്നുള്ള നീരൊഴുക്ക് അതിശക്തമായി തുടരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് മൂഴിയാർ മേഖലയിൽ മഴ ആരംഭിക്കുന്നത്. ആറു മണിയോടെ സായിപ്പിൻകുഴി തോട്ടിൽ അതിശക്തമായ നീരൊഴുക്കായി. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ഷട്ടറുകൾ ഉയർത്തുകയായിരുന്നു.
മൂഴിയാർ ഡാം തുറന്നുവിടുമെന്ന് നേരത്തെ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു, പരമാവധി സംഭരണ ശേഷിയായ 196. 23 മീറ്ററിലേക്ക് ജലനിരപ്പ് ഉയർന്നതോടെയാണ് മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നത്. ആറന്മുള്ള ജലമേളയുമായി ബന്ധപ്പെട്ട് ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മൂഴിയാർ മാണിയാർ ഡാമുകൾ തുറക്കുന്നത് സംബന്ധിച്ച് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
രാത്രി 12 മണിക്ക് ശേഷം തുറക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഷട്ടറുകളാണ് മഴ ശക്തമായതിനെ തുടർന്ന് തുറന്നത്. പമ്പയിലും മറ്റും ജല നിരപ്പ് ഉയരാൻ സാധ്യതയുണ്ട്. പമ്പ ത്രിവേണി ജലനിരപ്പ് വലിയ തോതിൽ ഉയർന്നിട്ടുണ്ട്.
ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യത ഉള്ളതിനാൽ കക്കാട്ടാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. ഗവിയിലേയ്ക്കു പോകുന്ന വഴിയിൽ കക്കിത്തും ആനത്തോടിനും സമീപം മണ്ണിടിഞ്ഞിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ ഭീഷണി ഉള്ളതിനാൽ ഗവിയിലേക്കുള്ള പ്രവേശനം താത്ക്കാലികമായി നിർത്തിയതായി ഗൂഡ്രിക്കൽ റേഞ്ച് ഓഫിസ് അധികൃതർ അറിയിച്ചു.












Click it and Unblock the Notifications