പത്തനംതിട്ട നഗരസഭ; എസ്‌ഡിപിഐയുമായുള്ള ധാരണയില്‍ വിശദീകരണത്തിനൊരുങ്ങി സിപിഎം
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ എല്‍ഡിഎഫ് എസ്‌ഡിപിഐ ധാരണയില്‍ വിശദീകരണത്തിനൊരുങ്ങി സിപിഎം. എസ്‌ഡിപിഐ പിന്തുണയുള്ള സ്വതന്ത്രയെ വൈസ് ചെയര്‍ പേഴ്സണ് ആക്കി ഭരണം പിടിച്ചതും എസ്‌ഡിപിഐ അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നതും വിവാദമായ പശ്ചാത്തലത്തിലാണ് തീരുമാനം. അതേസമയം പത്തനംതിട്ടയിലടക്കം തങ്ങള്‍ക്ക് എസ്‌ഡിപിഐയുമായി ബന്ധമില്ലന്നും വിഷയത്തില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും സിപിഎം സംസ്ഥാന കമ്മറ്റി അംഗം രാജു എബ്രഹാം എംഎല്‍ എ പറഞ്ഞു.
എസ്.ഡി.പി ഐ പിന്തുണയോടെ മത്സരിച്ച് ജയിച്ച ആമിന ഹൈദ്രാലിഎല്‍ഡിഎഫ് ഭരണ സമിതിയുടെ വൈസ് ചെയര്‍ പേഴ്സണായതും എസ്‌ഡിപിഐ അംഗങ്ങള്‍ നഗരസഭാ വോട്ട് എടുപ്പില്‍ നിന്ന് വിട്ടു നിന്നതുമാണ് സിപിഎമ്മിന് തലവേദനയായിരിക്കുന്നത്. ജില്ലാ കമ്മറ്റി അംഗത്തെ ചെയര്‍മാനാക്കുന്നതിനും നഗരസഭാ ഭരണം പിടിക്കുന്നതിനും രാഷ്ട്രീയ ബന്ധം വിച്ഛേദിച്ച എസ്.ഡി.പി.ഐയുമായി ധാരണയിലെത്തി എന്ന വിമര്ശനമാണ് പാര്ട്ടിക്കെതിരെ ഉയരുന്നത്. ഈ സാഹചര്യത്തിലാണ് സിപിഎം നേതൃത്വം വിശദീകരണത്തിന് തയ്യാറെടുക്കുന്നത്. എന്നാല് എസ്‌ഡിപിഐയുമായി തങ്ങള്‍ക്ക് ബന്ധമില്ലന്നും വിഷയത്തില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും സിപിഎം സംസ്ഥാന കമ്മറ്റി അംഗം രാജു എബ്രഹാം എംഎല്‍ എ വ്യക്തമാക്കി.

2017 ഉപതെരഞ്ഞെടുപ്പില് പത്തനംതിട്ട നഗരസഭയിലെ 21 ആം വാർഡില്‍ എസ്ഡിപി ഐ മത്സരിച്ചിരുന്നെങ്കിലും സ്ഥാനാർത്ഥി ഷംസുദ്ദീന് 117 വോട്ട് നേടി മൂന്നാമതെത്തിയിരുന്നു. അതേ വാര്ഡില്‍ ഇത്തവണ അവര്‍ സ്ഥാനാർത്ഥിയെ നിര്‍ത്തിയില്ലെങ്കിലും സ്വതന്ത്രയായി മത്സരിച്ച ആമിന ഹൈദ്രാലിക്ക് പിന്തുണ നല്കുകയും പ്രചാരണം നടത്തുകയും ചെയ്തു. എന്നാല്‍ ആമിന സ്വതന്ത്ര സ്ഥാനാർത്ഥിയാണെന്ന് എസ്ഡിപിഐ നേതാക്കള് പരസ്യമായി പറയുമ്പോളും ഇതേ നേതാക്കള്‍തന്നെ ആമിനക്കൊപ്പം വിജയാഹ്ലാദം പങ്കിടുന്നതും റാലി നടത്തുന്നതുമായ ചിത്രങ്ങളും പ്രചരിപ്പിക്കുന്നുണ്ട്.
പത്തനംതിട്ട നഗരസഭയിലെ ധാരണ പുറത്ത് വന്നതോടെ തിരുവല്ല നഗരസഭയില്‍ എസ്ഡിപിഐ - യുഡിഎഫിന് പിന്തുണ നല്കിയത് ഉയര്ത്തിയാണ് സിപിഎം കേന്ദ്രങ്ങള്‍ പ്രതിരോധിക്കാ ശ്രമിക്കുന്നത്. എന്നാല്‍ തിരുവല്ലയില്‍ യുഡിഎഫിനെ പിന്തുണച്ചെങ്കിലും ബിജെപിയും സിപിഎമ്മും തുല്യനിലയിലുള്ള കോട്ടാങ്ങല്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ്ന് തന്നെ ആയിരിക്കും പിന്തുണയെന്നും എസ്.ഡി.പി.ഐ കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications