നഴ്സിങ് വിദ്യാർത്ഥി അമ്മുവിന്റെ മരണം: അടിമുടി ദുരൂഹത, ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
പത്തനംതിട്ട: നഴ്സിംഗ് വിദ്യാർത്ഥി അമ്മു എ സജീവന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. മകള്‍ ഒരു കാരണവശാലും ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തില്‍ കോളേജ് അധികൃതർ യാഥാർത്ഥ്യങ്ങള്‍ മറച്ച് വെക്കാന്‍ ശ്രമിക്കുന്നുവെന്നാണ് കുടുംബം പറയുന്നത്. കെട്ടിടത്തിനു മുകളിൽ നിന്ന് വീണ അമ്മുവിനെ ആശുപത്രിയിൽ എത്തിച്ചത് അരമണിക്കൂറിൽ അധികം വൈകിയാണെന്നതാണ് പ്രധാന ആരോപണം.
ഗുരുതരമായി പരിക്കേറ്റ അമ്മുവിനെ അടുത്തുള്ള കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കാതെ തിരുവനന്തപുരത്തേക്കാണ് അയച്ചത്. അമ്മു താമസിച്ച ഹോസ്റ്റലിൽ നിന്നും ജനറൽ ആശുപത്രിയിലേക്ക് 2.6 കിലോമീറ്റർ ദൂരം മാത്രമാണുള്ളത്. ഇവിടേക്ക് എത്തിക്കാനാണ് അരമണിക്കൂറില്‍ അധികം സമയമെടുത്തത്. 60 കിലോമീറ്റർ ദൂരമുള്ള കോട്ടയം മെഡിക്കൽ കോളേജിലേജിലേക്ക് റഫർ ചെയ്യാതെ നൂറു കിലോമീറ്റർ അകലേയുള്ള തിരുവനന്തപരും മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയ ആംബുലന്‍സില്‍ ആവശ്യത്തിന് സജ്ജീകരണങ്ങളും ഉണ്ടായിരുന്നില്ല.

പതിനഞ്ചാം തീയതി വൈകിട്ട് നാലരയോടെയാണ് അമ്മു എൻ എസ് എസ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോർട്ട്. ഹോസ്റ്റലിലെ ചില കുട്ടികളുമായി അമ്മുവിന് നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നു. ആരോപണ വിധേയരായ മൂന്ന് കുട്ടികളിൽ ഒരാളും അമ്മുവിനൊപ്പം ഹോസ്പിറ്റലിൽ എത്തിയതും കുടുംബത്തിന് സംശയങ്ങള്‍ വർധിപ്പിക്കുന്നു. എന്നാല്‍ തങ്ങളുടെ ഭാഗത്ത് നിന്ന് യാതൊരു തരത്തിലുള്ള വീഴ്ചയും സംഭവിച്ചിട്ടില്ലെന്നാണ് എന്‍ എസ് എസ് ഹോസ്റ്റല്‍ അധികൃതർ വ്യക്തമാക്കുന്നത്.
അതേസമയം, അമ്മുവിന്റെ മരണത്തിൽ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സി-പാസ്സ് കോളേജിലേക്ക് കെ എസ് യു പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണത്തിൽ ശരിയായ പോലീസ് അന്വേഷണവും, അറസ്റ്റും ഉണ്ടാവണം. ചുട്ടിപ്പാറ നഴ്സിംഗ് കോളേജിലെ നാലാം വർഷ വിദ്യാർത്ഥിനി അമ്മുവിന്റെ ജീവൻ നഷ്ടപ്പെടുവാനിടയായത് അധികാരികളുടെ ഗുരുതരമായ വീഴ്ച മൂലമാണെന്നും കെ എസ് യു ആരോപിക്കുന്നു.
ആവശ്യമായ ചികിത്സ പത്തനംതിട്ട ജനറൽ ആശുപത്രി അധികൃതർ നൽകിയില്ല. സംഭവ ദിവസം 5 മണിക്ക് ആശുപത്രിയിൽ എത്തിച്ചിട്ട് കാര്യമായി ഒന്നും ചെയ്യാതെ 2 മണിക്കൂർ കഴിഞ്ഞു തിരുവനന്തപുരത്തേക്ക് റെഫർ ചെയ്യുക മാത്രമാണ് ആശുപത്രി അധികൃതർ ചെയ്തത്. സംഭവം മുതൽ മരണം വരെയുള്ള മുഴുവൻ കാര്യങ്ങളും ദുരുഹമാണ്. പലതും മറയ്ക്കാൻ ശ്രമിക്കുന്നു. അമ്മുവിന്റെ കുടുംബം ഉന്നയിച്ച പരാതികൾ കൃത്യമായി അന്വേഷിക്കണം. മരണത്തിന് ഉത്തരവാദികളായ ആളുകളെ പിടികൂടണം.
വിദ്യാർത്ഥിനിയുടെ പിതാവ് നൽകിയ പരാതി പോലും കോളേജ് മാനേജ്മെന്റ് ഗൗരവമായി എടുത്തില്ല. മാനേജ്മെന്റും ഉത്തരം പറയണം. നിങ്ങളും ഉത്തരവാദികളാണ്. മരണത്തിന് കാരണക്കാരായവർ, മാനേജ്മെന്റ്, ആശുപത്രി അധികൃതർ എന്നിവർക്കെതിരെ നടപടി ഉണ്ടായേ മതിയാവുമെന്നും കെ എസ് യു ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.












Click it and Unblock the Notifications