പത്തനംതിട്ടയില്‍ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ശരാശരി 28 മില്ലിമീറ്റർ മഴ
പത്തനംതിട്ട: ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ശരാശരി 28 മില്ലിമീറ്റർ മഴ. ജില്ലയിലെ നദികളിൽ ചെറിയ തോതിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യം നിലവിലുണ്ടെന്ന് ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ ഐ എ എസ് അറിയിച്ചു. എന്നാൽ നദികളിലെ ജലനിരപ്പ് മുന്നറിയിപ്പ് ലെവലിൽ നിന്ന് താഴെയാണുള്ളത്. ജില്ലയിലെ ഡാമുകളിൽ വലിയ ഡാമുകളായ കക്കിയിൽ പരമാവധി ശേഷിയുടെ 31.25 % ,പമ്പയിൽ പരമാവധി ശേഷിയുടെ 4.54 % വെള്ളം മാത്രമാണ് നിലവിലുള്ളത്. ചെറിയ ഡാമുകളായ മുഴിയാറിലേയും, മണിയാറിലേയും ജലനിരപ്പ് നിയന്ത്രണ വിധേയമാണ് . അപകട സൂചകമായ സാഹചര്യം ജില്ലയിൽ നിലവിലില്ലെന്നും കളക്ടർ വ്യക്തമാക്കുന്നു.
ജില്ലയിൽ ഓറഞ്ച് അലെർട്ടിന്റെ പശ്ചാതലത്തിൽ ഏവരും ജാഗ്രത പാലിക്കേണ്ടതാണ്.ജില്ലയിലെ നദികളുടെ ഇരു കരകളില്‍ താമസിക്കുന്നവർ പ്രത്യേകമായി ശ്രദ്ധിക്കണം. പൊതുജനങ്ങൾ നദികൾ, തോടുകൾ, ജലാശയങ്ങൾ, മറ്റു വെള്ളക്കെട്ടുകൾ എന്നിവയിൽ ഇറങ്ങുന്ന ഏതു സാഹചര്യവും ഒഴിവാക്കേണ്ടതുമാണ്. മലയോര മേഖലയിലൂടെയുള്ള രാത്രി യാത്ര പൂർണമായും ഒഴിവാക്കേണ്ടതാണ്. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകൾ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കുവാൻ തയ്യാറാകേണ്ടതാണ്. ജില്ലയിലെ നദികളിലെയും മറ്റ് കൈതോടുകളിലെയും ചെളിയും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ഏവരും സർക്കാർ നിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണെന്നും കളക്ടർ കൂട്ടിച്ചേർത്തു.

അതേസമയം, രണ്ട് ദിവസമായി തുടർന്ന മഴയ്ക്ക് ഇന്ന് വൈകീട്ട് മുതല്‍ നേരിയ ശമനമുണ്ടായി. രാവിലെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ മഴ ശക്തമായിരുന്നെങ്കിലും ഉച്ചയോടെ വിട്ടുനില്‍ക്കുകയായിരുന്നു. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും ഓറഞ്ച് അലർട്ട് പിന്‍വലിച്ചു. ചില ജില്ലകളില്‍ യെല്ലോ അലർട്ട് നിലനില്‍ക്കുന്നുണ്ട്. നാളെയും ഒരു ജില്ലയിലും ഓറഞ്ച് ജാഗത പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം , സംസ്ഥാനത്ത് ശക്തമായ മഴ തുടർന്ന പശ്ചാത്തലത്തില്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ സ്‌പില്‍വേ ഷട്ടറുകളിലൊന്ന് രാവിലെ തുറന്നിരുന്നു. ഡാമിന് താഴെ ചാലക്കുടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ അറിയിച്ചു. കാര്യങ്കോട് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് കാസര്‍കോട് നീലേശ്വരം പാലായി ഷട്ടര്‍ കം ബ്രിഡ്ജിന്റെ എല്ലാ ഷട്ടറുകളും തുറന്നിരുന്നു. പുഴയിലെ തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്












Click it and Unblock the Notifications