അരവണ നിറച്ചപ്പോള്‍ ഡപ്പി വളഞ്ഞു, ട്രയല്‍ റണ്‍ പരാജയം; കമ്പനിക്ക് ഒരവസരം കൂടി നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട: ശബരിമലയിലെ പ്രധാന പ്രസാദമായ അരവണ നിറക്കുന്ന കുപ്പിയ്ക്കായി കരാര്‍ നല്‍കാന്‍ നടത്തിയ ട്രയല്‍ റണ്‍ പരാജയം. ദല്‍ഹി ആസ്ഥാനമായുള്ള കമ്പനി കൊണ്ടുവന്ന ഡപ്പിക്ക് ബലമില്ലായിരുന്നു എന്ന് ദേവസ്വം അധികൃതര്‍ പറഞ്ഞു. അരവണ നിറക്കുന്ന കുപ്പിയ്ക്കായുള്ള ടെന്‍ഡറില്‍ ദല്‍ഹി നോയിഡയില്‍ നിന്നുള്ള കമ്പനിയും കൊല്ലത്തും ആലുവയിലും നിന്നുള്ള ഓരോ കമ്പനികളുമാണ് പങ്കെടുത്തിരുന്നത്.
ഇതില്‍ ദല്‍ഹി നോയിഡയില്‍ നിന്നുള്ള കമ്പനി 6.70 രൂപയാണ് ഒരു ഡപ്പിക്ക് എഴുതി കൊടുത്തത്. കൊല്ലത്തും ആലുവയിലും നിന്നുമുള്ള കമ്പനികള്‍ ഒരു ഡപ്പിക്ക് 7.80 രൂപയും എഴുതി കൊടുത്തു. കുറഞ്ഞ വില ആയതിനാല്‍ ദല്‍ഹി നോയിഡയില്‍ നിന്നുള്ള കമ്പനിയ്ക്കാണ് അവസരം നല്‍കിയത്. എന്നാല്‍ ഇതില്‍ അരവണ നിറച്ചപ്പോള്‍ ഡപ്പി വളഞ്ഞ് പോയി.

ഡല്‍ഹി കമ്പനി സാംപിള്‍ ആയി എത്തിച്ചത് കടലാസ് ഡപ്പിയായിരുന്നു. എന്നാല്‍ ഒരിക്കല്‍ കൂടി ഇതേ കരാറുകാരന് അവസരം നല്‍കാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനം. ഇത്തവണ അരവണയ്ക്ക് 2 കോടി ഡപ്പികളാണ് ആവശ്യമുള്ളത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്റെ സാന്നിധ്യത്തിലാണ് അരവണ നിറക്കാനുള്ള ഡപ്പികളുടെ ട്രയല്‍ റണ്‍ നടത്തിയത്.

കേരളത്തില്‍ നിന്നുള്ള മറ്റ് രണ്ട് കമ്പനികളും ഇവിടെ മുന്‍വര്‍ഷങ്ങളില്‍ അരവണ ഡപ്പികള്‍ നല്‍കിയ കരാറുകാര്‍ തന്നെയാണ്. എന്നാല്‍ ഇവരുടേതിനേക്കാള്‍ കനം കുറവാണ് ദല്‍ഹി നോയിഡയില്‍ നിന്നുള്ള കമ്പനിയുടെ ഡപ്പികള്‍ക്ക്. ശബരിമല തീര്‍ഥാടന കാലത്ത് രണ്ട് കോടി ഡപ്പികള്‍ക്കുള്ള കരാറാണ് നല്‍കി വരുന്നത്. നിലവില്‍ ഇവിടെയുള്ള യന്ത്ര സംവിധാനം ഉപയോഗിച്ച് കനം കുറഞ്ഞ ഡപ്പിയില്‍ അരവണ നിറയ്ക്കാനാകില്ല.

അതേസമയം ഗുണനിലവാരം കൂടിയ ഡപ്പി എത്തിക്കാന്‍ ദല്‍ഹി നോയിഡയില്‍ നിന്നുള്ള കമ്പനിയുടെ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. അതേസമയം ഇതില്‍ എന്തെങ്കിലും കാലതാമസം വന്നാല്‍ അരവണ വിതരണത്തെ ബാധിക്കും.

ഗുണനിലവാരമുള്ള ഡപ്പി കൊണ്ടുവന്നാല്‍ ദല്‍ഹി നോയിഡയില്‍ നിന്നുള്ള കമ്പനിക്ക് തന്നെ കരാര്‍ നല്‍കാമെന്നും അല്ലാത്ത പക്ഷം അടുത്ത ആളിനു കരാര്‍ ഉറപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട് എന്നാണ് ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപന്‍ പറയുന്നത്. തീര്‍ത്ഥാടനത്തെ ബാധിക്കുന്ന നടപടി ദേവസ്വം ബോര്‍ഡിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications