ക്രിസ്മ്‌സ് ആഘോഷത്തില്‍ മദ്യപിച്ച് ജീവനക്കാര്‍ തമ്മിലടി; കല്ലട ബസിന്റെ യാത്ര റദ്ദാക്കി
പത്തനംതിട്ട: ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ജീവനക്കാര്‍ മദ്യപിച്ച് തമ്മില്‍ അടിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ബസിന്റെ യാത്ര റദ്ദാക്കി. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന കല്ലട ബസിലെ ജീവനക്കാരാണ് മദ്യപിച്ച് തമ്മില്‍ അടിച്ച് സ്വന്തം ബസിന്റെ ട്രിപ്പ് മുടക്കിയത്.
പത്തനംതിട്ട സ്റ്റേഡിയം ജംഗ്ഷന് സമീപമുള്ള പെട്രോള്‍ പമ്പിലായിരുന്നു സംഭവം. പത്തനംതിട്ടയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകേണ്ടിയിരുന്നതാണ് കല്ലട ബസ്. പത്തനംതിട്ട സ്റ്റേഡിയം ജംഗ്ഷന് സമീപമുള്ള പെട്രോള്‍ പമ്പില്‍ ആയിരുന്നു കല്ലട ബസ് പാര്‍ക്ക് ചെയ്തിരുന്നത്.

അഞ്ച് മണിക്കായിരുന്നു ബസ് പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ പുറപ്പെടുന്നതിന് മുന്‍പ് ബസിലെ ജീവനക്കാര്‍ മൂന്ന് പേരും ചേര്‍ന്ന് ക്രിസ്മസ് ആഘോഷം നടത്തുകയും മദ്യപിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ആണ് ഇവര്‍ തമ്മില്‍ തര്‍ക്കവും ഉടലെടുത്തത്. കല്ലട ബസിന്റെ ക്ലീനര്‍ കണ്ണൂര്‍ സ്വദേശിയാണ്.
മറ്റ് രണ്ട് ജീവനക്കാരും ഇതര സംസ്ഥാന സ്വദേശികളും ആണ് എന്നാണ് അറിയാന്‍ കഴിയുന്നത്. ബസ് ജീവനക്കാര്‍ തമ്മിലെ തര്‍ക്കം ശ്രദ്ധയില്‍പ്പെട്ട ആള്‍ക്കാര്‍ പൊലീസിനെ വിവരം അറിയിച്ചു. ഇതോടെ സംഭവ സ്ഥലത്ത് എത്തിയ പൊലീസ് ജീവനക്കാര്‍ മദ്യപിച്ചതായി കണ്ടെത്തി.
ഇതോടെ യാത്ര റദ്ദാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. കല്ലട ബസിലെ മൂന്ന് ജീവനക്കാരേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മൂന്ന് പേരേയും വൈദ്യപരിശോധനയ്ക്ക് ഹാജരാക്കും. ബസില്‍ ബെംഗളൂരുവിലേക്ക് പോകേണ്ടിയിരുന്ന യാത്രക്കാര്‍ക്ക് വേണ്ടി കമ്പനി ബദല്‍ സംവിധാനം ഏര്‍പ്പെടുത്തും എന്ന് അറിയിച്ചു.












Click it and Unblock the Notifications