മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികം: പത്തനംതിട്ടയില്‍ മന്ത്രിമാര്‍ നേതൃത്വം നല്‍കും
പത്തനംതിട്ട: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് മേയ് മാസം പത്തനംതിട്ട ജില്ലയിലെ ആറ് താലൂക്കുകളിലും കരുതലും കൈത്താങ്ങും എന്ന പേരില്‍ പരാതി പരിഹാര അദാലത്ത് നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അദാലത്തിന്റെ ക്രമീകരണങ്ങള്‍ നിശ്ചയിക്കുന്നതിന് ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
മേയ് രണ്ടിന് കോഴഞ്ചേരി, മേയ് നാലിന് മല്ലപ്പള്ളി, മേയ് ആറിന് അടൂര്‍, മേയ് എട്ടിന് റാന്നി, മേയ് ഒന്‍പതിന് തിരുവല്ല, മേയ് 11ന് കോന്നി എന്നിവിടങ്ങളില്‍ താലൂക്ക്തല അദാലത്ത് നടക്കും. മന്ത്രിമാരായ വീണാ ജോര്‍ജ്, പി. രാജീവ്, ജി.ആര്‍. അനില്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്ത് പരാതികള്‍ക്ക് പരിഹാരം കാണും.

അദാലത്തില്‍ പരിഗണിക്കുന്നതിനുള്ള പരാതികള്‍ ഏപ്രില്‍ ഒന്നു മുതല്‍ 10 വരെ സ്വീകരിക്കും. ജനങ്ങള്‍ക്ക് ഓണ്‍ലൈനായും നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകളിലും പരാതികള്‍ സമര്‍പ്പിക്കാം. പരാതികള്‍ ഓണ്‍ലൈനായി തന്നെ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ പരമാവധി ശ്രദ്ധിക്കണം. അദാലത്തിനുള്ള മുന്നൊരുക്കങ്ങള്‍ കൃത്യമായി നടത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു. നല്ല രീതിയില്‍ അദാലത്ത് സംഘടിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം.
വകുപ്പ് തലത്തില്‍ ലഭിക്കുന്ന പരാതികള്‍ ജില്ലാതല ഓഫീസര്‍മാര്‍ തന്നെ പരിശോധിച്ച് പരിഹാരം കാണണം. പരാതികള്‍ ജനങ്ങളില്‍ നിന്നും നേരിട്ട് സ്വീകരിക്കുന്നതിനായി താലൂക്ക് തലത്തില്‍ താലൂക്ക് അദാലത്ത് സെല്ലും ലഭിക്കുന്ന പരാതികള്‍ പരിശോധിക്കാനായി വകുപ്പ് തലത്തില്‍ ജില്ലാതല അദാലത്ത് സെല്ലും പരാതികളിന്മേലുള്ള നടപടികള്‍ നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജില്ലാതല അദാലത്ത് മോണിറ്ററിംഗ് സെല്ലും രൂപീകരിച്ചു.
അദാലത്ത് ദിവസം നേരിട്ടു ലഭിക്കുന്ന പരാതികള്‍ സ്വീകരിക്കുന്നതിനും പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുന്നതിനും അദാലത്ത് വേദിയില്‍ പ്രത്യേക സംവിധാനം ഒരുക്കും. ഇങ്ങനെ ലഭിക്കുന്ന പരാതികളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. അദാലത്തുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ കൃത്യമായി പരിശോധിച്ച് സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.












Click it and Unblock the Notifications