നിയമനത്തട്ടിപ്പ്; അഖില്‍ സജീവ് അറസ്റ്റില്‍, പിടിയിലായത് തേനിയില്‍ നിന്ന്
പത്തനംതിട്ട: ആരോഗ്യ വകുപ്പിലെ നിയമന തട്ടിപ്പ് സംബന്ധിച്ച കേസിലെ പ്രതി അഖില്‍ സജീവ് അറസ്റ്റില്‍. തേനിയില്‍ നിന്നുമാണ് അഖില്‍ സജീവിനെ പത്തനംതിട്ട പൊലീസ് പിടികൂടിയത്. പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. അഖില്‍ സജീവിനെ പത്തനംതിട്ടയില്‍ എത്തിച്ചിട്ടുണ്ട്. പത്തനംതിട്ട സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലാ് അറസ്റ്റ്.
ഹോമിയോ ഡോക്ടറായി താല്‍ക്കാലിക ജോലി വാഗ്ദാനം ചെയ്ത് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സനല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യു, പത്തനംതിട്ട സി ഐ ടി യു ഓഫിസ് മുന്‍ സെക്രട്ടറി അഖില്‍ സജീവ് എന്നിവര്‍ ചേര്‍ന്ന് 1.75 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്നാണ് പരാതി. റിട്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ മലപ്പുറം സാജു റോഡിലെ കാവില്‍ അധികാരക്കുന്നത്ത് ഹരിദാസന്‍ കുമ്മോളിയാണ് പരാതിക്കാരന്‍.

ഹരിദാസന്റെ മകന്റെ ഭാര്യ ഡോ ആര്‍ ജി നിത രാജിന് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു എന്നാണ് ഹരിദാസന്‍ പറയുന്നത്. നേരത്തെ അഖില്‍ സജീവും ഹരിദാസനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത് വന്നിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ നിയമനം ശരിയാക്കും എന്നാണ് ഫോണ്‍ സംഭാഷണത്തില്‍ അഖില്‍ സജീവ് ഉറപ്പ് പറയുന്നത്.
ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് നിതരാജ് അപേക്ഷിച്ചതിന് പിന്നാലെ അഖില്‍ സജീവ് ജോലി വാഗ്ദാനം ചെയ്ത് ഇങ്ങോട്ട് സമീപിച്ചെന്നാണ് ഹരിദാസന്‍ ആരോപിക്കുന്നത്. അഞ്ച് ലക്ഷം നല്‍കിയാല്‍ ജോലി ഉറപ്പാണെന്ന് അഖില്‍ സജീവ് പറഞ്ഞെന്നും ഇത് പ്രകാരം 25000 രൂപ അഡ്വാന്‍സായി അഖില്‍ സജീവിന് മാര്‍ച്ച് 24ന് ഗൂഗിള്‍ പേ ചെയ്തു എന്നും ഹരിദാസന്‍ല പറയുന്നു.
ഒരു ലക്ഷം രൂപ പിന്നീട് തിരുവനന്തപുരത്തെത്തി അഖില്‍ സജീവ് അയച്ച ആരോഗ്യമന്ത്രിയുടെ ഓഫീസിലുള്ള അഖില്‍ മാത്യുവെന്ന് പരിചയപ്പെടുത്തിയ ആള്‍ക്ക് കൈമാറി എന്നാണ് ഹരിദാസന്‍ പറയുന്നത്. എന്നാല്‍ ഹരിദാസന്‍ പണം കൈമാറി എന്ന് പറയുന്ന സമയം അഖില്‍ മാത്യു പത്തനംതിട്ടയില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കുകയായിരുന്നു എന്ന് വ്യക്തമായിരുന്നു. അഖില്‍ മാത്യുവെന്ന പേരില്‍ അഖില്‍ സജീവയച്ച മറ്റൊരാള്‍ക്കാകും പണം കൈമാറിയതെന്നാണ് പൊലീസ് നിഗമനം.
അഖില്‍ സജീവിനെ ചോദ്യം ചെയ്താല്‍ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കും എന്ന പ്രതീക്ഷയിലാണ് പൊലീസ്. നേരത്തെ അഖില്‍ സജീവിന്റെ കൂട്ടാളി റഹീസിനെ അറസ്റ്റ് ചെയ്തിരുന്നു. ഹരിദാസന്റെ മരുമകള്‍ക്ക് വ്യാജ നിയമന ഉത്തരവ് തയ്യാറാക്കി ഇ-മെയില്‍ അയച്ചത് റഹീസാണെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം ഈ കേസില്‍ തിരുവനന്തപുരം കണ്ടോന്‍മെന്റ് പൊലീസാണ് അന്വേഷണം നടത്തുന്നത്. പത്തനംതിട്ടയിലെ കേസില്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം തിരുവനന്തപുരം കണ്ടോന്‍മെന്റ് പൊലീസ് അഖില്‍ സജീവിനെ കസ്റ്റഡിയില്‍ വാങ്ങാനാണ് സാധ്യത.












Click it and Unblock the Notifications