ശബരിമലയിൽ 10ാം തീയതി മുതൽ സ്പോട്ട് ബുക്കിംഗ് ഇല്ല; മകര വിളക്കിന് 40,000 പേർക്ക് മാത്രം വെർച്വൽ ക്യൂ
ശബരിമല: മകരവിളക്കിന് മുന്നോടിയായി ശബരിമലയിൽ ഭക്തർക്ക് നിയന്ത്രണം. ജനുവരി 10 മുതൽ സ്പോട്ട് ബുക്കിംഗ് ഉണ്ടാവില്ല. മകരവിളക്ക് ദിവസത്തിൽ 40,000 പേർക്ക് മാത്രമേ വെർച്വൽ ക്യൂ അനുവദിക്കുകയുള്ളൂ. പോലീസിന്റെ നിർദ്ദേശം കൂടി പരിഗണിച്ചാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.
14ാം തീയതി വെർച്വൽ ക്യൂ ബുക്കിംഗ് പരിധി 50,000 ആണ്. മകരവിളക്ക് ദിനമായ ജനുവരി 15 ന് 40000 പേർക്ക് മാത്രമെ വെർച്വൽ ക്യൂ ബുക്ക് ചെയ്യാൻ കഴിയൂ. 14, 15 എന്നീ തീയതികളിൽ ശബരിമലയിൽ വലിയ ഭക്തജന തിരക്ക് ഉണ്ടാകുമെന്നതിനാൽ മാളിക്കപ്പുറങ്ങളും കുട്ടികളും അന്നേ ദിവസങ്ങളിൽ ശബരിമല ദർശനം ഒഴിവാക്കുന്നത് അഭികാമ്യമായിരിക്കും എന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അഭ്യർത്ഥിച്ചു.

16 മുതൽ 20 വരെയുള്ള തീയതികളിൽ കൂടുതൽ ഭക്തർക്ക് ദർശനത്തിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ സൗകര്യം ഭക്തർ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ മകരവിളക്ക് ദിവസവും വെർച്വൽ ക്യൂ പരിമിതപ്പെടുത്തണമെന്ന് പോലീസ് തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു.
ഇക്കൊല്ലം മുൻ വർഷങ്ങളെ അപേക്ഷിച്ച് തിരക്ക് നിയന്ത്രണാതീതമായി വർധിച്ചതിനാൽ മകരവിളക്ക് സമയത്ത് ഭക്തരുടെ സുരക്ഷ കണക്കിലെടുത്താണ് നീക്കം. ഭക്തരുടെ തിരക്ക് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ തിരക്ക് നിയന്ത്രിക്കാൻ ദേവസ്വം വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ആപ്തമിത്ര പദ്ധതിയിലൂടെ 100 വളണ്ടിയർമാരെ നിലയ്ക്കൽസ പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ നിയോഗിച്ചതായി ശബരിമല ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എച്ച് കൃഷ്ണകുമാർ പറഞ്ഞു.
ഇതിന് പുറണെ ജില്ലാ കളകട്റുടെ നിർദ്ദേശ പ്രകാരം 36 ഇടങ്ങളിൽ ക്രമീകരണങ്ങൾ പരിശോധന നടത്തി ഉറപ്പ് വരുത്തുന്നതിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ആപ്തമിത്ര വളണ്ടിയർമാരുടെ സേവനം ജനുവരി 30 വരെ ഉണ്ടാകുമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു.












Click it and Unblock the Notifications