ശബരിമല: തിരക്ക് നിയന്ത്രിക്കാന്‍ എല്ലാം ചെയ്യുന്നു, വിവാദങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി
ശബരിമലയിലെ ഭക്തജന തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ നടപടി ക്രമങ്ങളെല്ലാം സർക്കാർ ചെയ്തിട്ടുണ്ടെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. ഒരു ദിവസത്തെ മാത്രം പ്രതിസന്ധി വെച്ച് ആളുകള്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും അദ്ദേഹം ഇടുക്കിയില്‍ പറഞ്ഞു. പരിഹരിക്കാൻ പറ്റാത്ത രീതിയിലുള്ള ഒരു പ്രതിസന്ധിയും നിലവിൽ സന്നിധാനത്തില്ലെന്നും മന്ത്രി വ്യക്തമാക്കി.
'ഒരു ലക്ഷത്തിലധികം ഭക്തര്‍ ഒന്നിച്ചെത്തിയ ദിവസം ശബരിമലയില്‍ പ്രതിസന്ധി രൂക്ഷമായി. ഇത് ചിലർ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണ്. അനിയന്ത്രിതമായ രീതിയില്‍ തീർത്ഥാടന കേന്ദ്രത്തിലേക്ക് ഭക്തരെത്തുമ്പോള്‍ പ്രശ്‌നങ്ങള്‍ സ്വാഭാവികമാണ്', മന്ത്രി പറഞ്ഞു. തിരക്ക് കൂടിയതില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായിട്ടില്ല. പതിനെട്ടാം പടിയില്‍ തിരക്ക് വര്‍ധിച്ചതിനാലാണ് ഭക്തര്‍ കൂടുതല്‍ സമയം നില്‍ക്കേണ്ടി വന്നത്. ഈ സാഹചര്യത്തില്‍ പടി കയറ്റുന്ന കാര്യം കുറച്ചുകൂടെ വേഗത്തിലാക്കണമെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പതിനേഴ് മണിക്കൂറായിരുന്നു ദര്‍ശനം. ഇത് തന്ത്രിയുമായി ചര്‍ച്ച ചെയ്ത് 18 മണിക്കൂറായി വര്‍ധിപ്പിച്ചു. അതുപോലെ വെര്‍ച്വല്‍ ക്യൂവില്‍ 90,000 ആളുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇത് നിലവില്‍ 80,000-മായി ചുരുക്കിയിട്ടുണ്ട്. ഇതിനുപുറമെ സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യവുമുണ്ട്. 70000 മുതൽ 80000 ആളുകള്‍ വരുമ്പോള്‍ നമുക്കത് കൈകാര്യം ചെയ്യാന്‍ സാധിക്കും. അതില്‍ കൂടുതല്‍ ആളുകള്‍ എത്തുമ്പോഴാണ് പ്രയാസമുണ്ടാകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ശബരിമലയിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. തിരക്ക് നിയന്ത്രിക്കാന് അടിയന്തര ഇടപെടല്‍. അയ്യപ്പ ഭക്തമാർ വന്ന് പത്തും ഇരുപതും മണിക്കൂർ കുഞ്ഞുങ്ങളുമായി ക്യൂവില്‍ നിന്ന് കഷ്ടപ്പെടുകയാണ്. ഭക്ഷണം പോലും കിട്ടുന്നില്ല. ഇവരോടെ അല്‍പമെങ്കിലും കരുണ സർക്കാർ കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ നട്ടംതിരിയുകയാണ് ശബരിമല സന്നിധാനവും ഇടത്താവളങ്ങളുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കുറ്റപ്പെടുത്തി. പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് 10 മുതല്‍ 15 മണിക്കൂര്‍ വരെ ക്യൂവാണ്. ഭക്തര്‍ക്ക് കുടിവെള്ളം പോലും ലഭിക്കുന്നില്ല. സ്ത്രീകളുടേയും കുട്ടികളുടേയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് ഹൈക്കോടതി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ അനങ്ങുന്നില്ല. അവലോകന യോഗങ്ങളില്ല. ദേവസ്വം ബോർഡും മന്ത്രിയും നോക്കുകുത്തിയായി നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സുരക്ഷ ഒരുക്കുന്നതില്‍ കാണിക്കുന്നതിന്റെ പത്തിലൊന്ന് ശ്രദ്ധ ശബരിമലയുടെ കാര്യത്തില്‍ പോലീസ് കാണിക്കുന്നില്ലെന്നത് ദുഃഖകരമാണ്. പോലീസും ദേവസ്വം ബോര്‍ഡും തമ്മിലുള്ള തര്‍ക്കങ്ങളും തീര്‍ഥാടകരെ ദുരിതത്തിലാക്കുന്നു. ഇക്കാര്യത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇന്നലെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് പ്രതിനിധി സംഘം ഇന്ന് പമ്പ സന്ദർശിക്കുന്നുണ്ട്.












Click it and Unblock the Notifications