ശബരിമല മകരവിളക്ക്: 14 വരേയുള്ള ബുക്കിങ് പൂർത്തിയായി, സന്നിധാനത്ത് ഭക്ഷണം പാകം ചെയ്യാന്‍ പാടില്ല
പത്തനംതിട്ട: മകരവിളക്ക് ഉൽസവത്തിൽ പങ്കെടുക്കാനും മകരജ്യോതി ദർശിക്കാനുമെത്തുന്ന തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങളൊരുക്കി ദേവസ്വംബോർഡും വിവിധവകുപ്പുകളും. തീർഥാടക സുരക്ഷ സംബന്ധിച്ച് ക്രമീകരണങ്ങൾക്കായി ജനുവരി 06ന് വെള്ളിയാഴ്ച രാവിലെ 11.30ന് തീരുവനന്തപുരത്ത് എ ഡി ജി പിയുടെ നേതൃത്വത്തിൽ ഇടുക്കി, പത്തനംതിട്ട, കോട്ടയം എസ്.പിമാരുടെ പ്രത്യേകയോഗം ചേരും. തീർഥാടകരുടെ സഞ്ചാരവഴികളിലും സന്നിധാനത്തും സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങൾക്ക് യോഗം രൂപം നൽകും. ഇതനുസരിച്ചാകും മകരവിളക്ക് സമയത്ത് സുരക്ഷാക്രമീകരണങ്ങളെന്ന് സ്‌പെഷ്യൽ ഓഫീസർ വി എസ് അജി പറഞ്ഞു. നിലവിൽ തിരക്ക് മാനിച്ച് പമ്പയിലും സന്നിധാനത്തും അധിക സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിരക്ക് ഒഴിവാക്കാൻ സമയം ക്രമീകരിച്ചാണ് പമ്പയിൽ നിന്ന് തീർഥാടകരെ സന്നിധാനത്തേക്ക് കയറ്റിവിടുന്നത്. ആർ എ എഫ്, എൻ ഡി ആർ എഫ് സേനാംഗങ്ങളും കർമനിരതരായി രംഗത്തുണ്ട്.

മകരവിളക്ക് ദിവസമായ ജനുവരി 14വരെയുള്ള വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി. പതിനെട്ടാംപടി കയറുന്നതിനുള്ള തീർഥാടകരുടെ വരി മരക്കൂട്ടത്തിന് താഴെ നീളാതിരിക്കാൻ പോലീസ് പരമാവധി പരിശ്രമിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ സന്നിധാനത്ത് തങ്ങുന്ന തീർഥാടകർ ഭക്ഷണം പാകം ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. തീപിടത്തം മൂലമുള്ള അപകടം ഒഴിവാക്കുന്നതിനാണിത്. പാചകപാത്രങ്ങൾ വിൽക്കാൻ പാടില്ലെന്ന് പാത്രകടകളിലും നിർദേശം നൽകിയിട്ടുണ്ട്. പാചകാവശ്യത്തിനുള്ള വലിയ പാത്രങ്ങൾ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കൊണ്ടുവരുന്നതിനും അനുവാദമില്ല. റവന്യൂ, പോലീസ്, അഗ്നിസുരക്ഷാസേനാ എന്നിവയുടെ സംയുക്ത പരിശോധനകളും സന്നിധാനത്ത് ശക്തമാണ്. മകരവിളക് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനുള്ള വിവിധ വകുപ്പുകളുടെ അവലോകനയോഗം ജനുവരി എഴ് ശനിയാഴ്ച സന്നിധാനത്ത് ചേരും.
അതേസമയം, മകരവിളക്ക് മഹോൽസവത്തിന് മുന്നോടിയായി സന്നിധാനത്തെ പ്രഭാപൂരിതമാക്കാനുള്ള തീവ്രശമത്തിലാണ് കെ.എസ്.ഇ.ബി ജീവനക്കാർ. കൂടുതൽ സ്ഥലങ്ങളിൽ വിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങിക്കഴിഞ്ഞു. പുതുതായി ഇരുന്നൂറ് തെരുവുവിളക്കുകളാണ് സന്നിധാനത്തും പരിസരത്തും സ്ഥാപിച്ചത്. പർണശാല കെട്ടാൻ അനുവദിക്കപ്പെട്ട പാണ്ടിത്താവളം ഭാഗത്ത് ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തി തുടരുകയാണ്. ദേവസ്വം ബോർഡ് മരാമത്ത് വിഭാഗം ആവശ്യപ്പെടുന്നത് അനുസരിച്ചാണ് വിളക്കുകൾ സ്ഥാപിക്കുന്നത്. ഇതുവരെ ആയിരത്തിലേറെ താൽക്കാലിക അധികവിളക്കുകൾ സ്ഥാപിച്ചതായി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ ജി പ്രദീപ്കുമാർ പറഞ്ഞു. 11 കെവിയുടെ നാല് ഫീഡറുകളാണ് സന്നിധാനത്ത് ക്രമീകരിച്ചിട്ടുള്ളത്. റിങ്‌ലൈൻ രീതിയിൽ ഒരുക്കിയതിനാൽ കറണ്ട് പോകുമെന്ന് ഭീതിവേണ്ടെന്ന് അദ്ദേഹം അറിയിച്ചു. കവേഡ് കണ്ടക്ടർ കണക്ഷൻ സംവിധാനം ആയതിനാൽ സുരക്ഷാഭീതി വേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എൽ ഇ ഡി, ട്യൂബ്, സോഡിയം ലൈറ്റുകളാണ് സ്ഥാപിച്ചത്. ഉരക്കുഴി, ഹെലിപ്പാഡ് എന്നിവിടങ്ങളിലും കൂടുതൽ വൈദ്യുത വിളക്കുകൾ സ്ഥാപിക്കും.
Hair Care: മൂന്ന് ഇന്തപ്പഴം മാത്രം മതി, മുടി സമൃദ്ധമായി വളരും: തടി കുറയുകയും ചെയ്യും
മകരവിളക്ക് മഹോൽസവത്തിന് മുന്നോടിയായി എക്‌സൈസ് വകുപ്പ് ലഹരി പരിശോധന ശക്തമാക്കിയിട്ടുണ്ട് ഇതുവരെ 738 കോപ്ടാ കേസുകളാണ് എക്‌സൈസ് വിഭാഗം രജിസ്റ്റർ ചെയ്ത്. ഇതുവഴി 1.47600 രൂപ പിഴയീടാക്കി. രണ്ട് മയക്കുമരുന്ന് കേസുകളും രജിസ്റ്റർ ചെയ്തു. പ്രതികളിൽ നിന്ന് എട്ട് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇവരെ തുടർ നടപടികൾക്കായി ചിറ്റാർ എക്‌സൈസ് റേയ്ഞ്ച് ഓഫീസർക്ക് കൈമാറി. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷ്ണറുടെ നേതൃത്വത്തിൽ നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ മൂന്ന് താൽക്കാലിക എക്‌സൈസ് റേയ്ഞ്ചുകളാണ് പ്രവർത്തിക്കുന്നത്. സി.ഐമാർക്കാണ് ഇതിന്റെ ചുമതല. ഓരോ റേയ്ഞ്ചിലും 27 ഓഫീസർമാരും ഡ്യൂട്ടിയിലുണ്ട്. എട്ടുമണിക്കൂർ ഇടവിട്ട് 24 മണിക്കൂറും പ്രവർത്തന സജ്ജമാണ് ഇവർ. ഒരു ടീം യൂണിഫോമിലും രണ്ട് ടീം മഫ്തിയിലുമായി പ്രത്യേക പരിശോധന സംവിധാനവും ശക്തമാണ്.












Click it and Unblock the Notifications