ശരണമന്ത്ര മുഖരിതമായി പൊന്നമ്പലമേട്: മകരജ്യോതി ദർശിച്ച് ഭക്ത ലക്ഷങ്ങൾ
ശബരിമല: ശരണംവിളികളാല്‍ മുഖരിതമായ പൊന്നമ്പലമേട്ടില്‍ മകരജ്യോതി ദർശിച്ച് ഒരു ലക്ഷത്തോളം വരുന്ന അയപ്പ ഭക്തർ. ശമ്പരിമല സന്നിധാനത്തും ഇലവുങ്കല്‍, അയ്യന്‍മല, നെല്ലിമല, അട്ടത്തോട് പടിഞ്ഞാറ് കോളനി, അട്ടത്തോട്, പഞ്ഞിപ്പാറ, പമ്പ ഹില്‍ ടോപ്, നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ വ്യൂ പോയിന്റുകളുമായി നിന്ന് ഭക്തർ മകരജ്യോതി കണ്‍കുളിർക്കെ ദർശിച്ചു.
ദീപാരാധനയ്ക്ക് ശേഷം ആറരയോടെ നടതുറന്നു. തുടർന്ന് എല്ലാവരുടെ കണ്ണും മകരജ്യോതി ദർശനത്തിനായി കാത്തിരുന്നു. ഉച്ചത്തില്‍ മുഴങ്ങിയ ശരണംവിളികളുടെ അകമ്പടിയില്‍ ഭക്തര്‍ മൂന്നുതവണ മകരജ്യോതി ദര്‍ശിച്ചു. മകരസക്രമ ദിനമായ തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് നടതുറന്നത്. കഴിഞ്ഞ ദിവസം പന്തളത്ത് നിന്നും ആരംഭിച്ച തിരുവാഭരണ ഘോഷയാത്രയെ ശരംകുത്തിയില്‍ ദേവസ്വം അധികൃതര്‍ സ്വീകരിച്ചു.

തിരുവാഭരണ പേടകത്തെ കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗങ്ങളായ എ. അജികുമാർ, ജി സുന്ദരേശൻ എന്നിവർ ചേർന്നായിരുന്നു സ്വീകരിച്ചത്. അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണം ദേവസ്വം അധികൃതര്‍ ഏറ്റുവാങ്ങിയശേഷം ഘോഷയാത്ര സന്നിധാനത്തേക്ക് നീങ്ങി. തുടർന്ന് പതിനെട്ടാം പടി കയറി ഘോഷയാത്ര സോപാനത്തിലെത്തിയപ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി.
ഭക്തരുടെ വലിയ തിരക്കായിരുന്നു ഇന്ന് സന്നിധാനത്ത് അനുഭവപ്പെട്ടത്. വ്യൂപോയിന്റുകളിലെല്ലാം നേരത്തെ തന്നെ ദേവസ്വം വകുപ്പും പൊലീസും സജ്ജീകരണങ്ങള്‍ തയ്യാറാക്കിയിരുന്നു. എട്ട് ഡി വൈ എസ് പിമാരുടെ നേതൃത്വത്തില്‍ 1400-പേരെ സുരക്ഷയ്ക്കായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിരുന്നു. ഡ്രോണ്‍ ഉള്‍പ്പെടേയുള്ള സജ്ജീകരണങ്ങളോടെയായിരുന്നു പൊലീസിന്റെ പ്രവർത്തനം.
അതേസമയം, തിരുവാഭരണം ചാർത്തി 18 ാം തീയതി വരെ അയ്യപ്പനെ ദർശിക്കാം. നെയ്യഭിഷേകം 19-ാം തിയതി വരെയാണ്. 19 ന് മണിമണ്ഡപത്തിൽനിന്നു ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത് നടക്കും. 20 ന് രാത്രി 10 ന് മാളികപ്പുറത്ത് വലിയ ഗുരുതി. അന്നേദിവസം നട അടയ്ക്കുന്നത് വരെ ദർശനമുണ്ടാകും. 21ന് പുലർച്ചെ തിരുവാഭരണ പേടകം പന്തളത്തേക്കുള്ള മടക്കയാത്ര ആരംഭിക്കും. ഇതിന് ശേഷം പേടകത്തെ യാത്രയാക്കിയ ശേഷം അയ്യപ്പ വിഗ്രഹത്തിൽ ഭസ്മാഭിഷേകം നടത്തി യോഗദണ്ഡും രുദ്രാക്ഷമാലയും ധരിപ്പിച്ച് നടയടയ്ക്കും. തുടർന്ന് അടുത്ത മലയാള മാസം ഒന്നാം തിയതി നട വീണ്ടും തുറക്കും.












Click it and Unblock the Notifications