• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ശബരിമല തീര്‍ഥാടനം; എല്ലാ പ്രവര്‍ത്തനങ്ങളും നവംബര്‍ 10ന് മുന്‍പ് പൂര്‍ത്തിയാക്കണം, തീര്‍ഥാടകര്‍ക്ക് മികച്ച സേവനങ്ങളും സഹായവും സമയബന്ധിതമായി ലഭ്യമാക്കണമെന്ന് ജില്ല കലക്‌ടർ

  • By Desk

പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വകുപ്പുകളും സന്നദ്ധ സംഘടനകളും ചെയ്യേണ്ട എല്ലാ പ്രവര്‍ത്തനങ്ങളും നവംബര്‍ 10ന് മുന്‍പ് പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിര്‍ദേശിച്ചു. ശബരിമല മണ്ഡല - മകരവിളക്ക് തീര്‍ഥാടനത്തിനു മുന്നോടിയായി വിവിധ വകുപ്പുകളും സന്നദ്ധ സംഘടനകളും പൂര്‍ത്തീകരിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.

മറ്റന്നാൾ മുതൽ സംസ്ഥാനത്ത് മഴ ശക്തമായേക്കും; 4 ജില്ലകളിൽ റെഡ് അലേർട്ട്, ശക്തമായ കാറ്റിനും സാധ്യത

തീര്‍ഥാടകര്‍ക്ക് മികച്ച സേവനങ്ങളും സഹായവും സമയബന്ധിതമായി ലഭ്യമാക്കുന്നതിന് എല്ലാവരും യോജിച്ച് പ്രവര്‍ത്തിക്കണം. നിലയ്ക്കല്‍ കേന്ദ്രീകരിച്ച് ദുരന്തനിവാരണത്തിനായി പൂര്‍ണസജ്ജമായ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണം. ഇതിനായി പദ്ധതി തയാറാക്കി ശബരിമല ഉന്നതാധികാര സമിതിക്ക് നല്‍കിയിട്ടുണ്ട്. പമ്പയിലെ ആശുപത്രിയിലെ സെപ്ടിക് ടാങ്കിന്റെ അപാകത പരിഹരിക്കുന്നതിന്റെ ഭാഗമായി കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി ചുമതല പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് ഉടന്‍ കൈമാറണം. തീര്‍ഥാടന പാതയിലെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യം തീര്‍ഥാടനം തുടങ്ങുന്നതിന് മുന്‍പ് തന്നെ ദേവസ്വം ബോര്‍ഡ് സജ്ജമാക്കണം.

പമ്പയിലെയും നിലയ്ക്കലെയും അപകടസാധ്യതകള്‍ കണ്ടെത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ ഉടന്‍ തന്നെ പരിശോധന നടത്തണം. അഗ്നിശമനികളുടെയും ഹൈഡ്രന്റുകളുടെയും പ്രവര്‍ത്തനക്ഷമത ഉറപ്പാക്കണം. പമ്പയില്‍ ഹൈഡ്രന്റുകളുടെ എണ്ണം കൂട്ടണം. സന്നിധാനത്തേക്കുള്ള തീര്‍ഥാടന പാതയിലെ ബാരിക്കേടുകള്‍ നവംബര്‍ ഒന്നിന് മുന്‍പായി സ്ഥാപിക്കണം. കുടിവെള്ളം, ശുചിമുറി എന്നിവ മികച്ച നിലയില്‍ ലഭ്യമാക്കുന്നതിന് ശ്രദ്ധപുലര്‍ത്തണം. ശബരിമലയിലെ മാലിന്യ പ്ലാന്റിന്റെ അപാകത പരിഹരിച്ചതിനു ശേഷമുള്ള സ്ഥിതി സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കണം. വാട്ടര്‍ കിയോസ്‌കുകള്‍ ശുദ്ധിയായി സൂക്ഷിക്കുന്നതിന് വാട്ടര്‍ അതോറിറ്റി നടപടിയെടുക്കണം.

വാട്ടര്‍ കിയോസ്‌കുകള്‍ക്കു താഴെ വെള്ളക്കെട്ട് ഉണ്ടാകാതെ ശ്രദ്ധിക്കണം. നിലവിലുള്ള മീഡിയാ സെന്റര്‍ പൊളിക്കുന്ന സാഹചര്യത്തില്‍ മാധ്യമങ്ങള്‍ക്കായി സജ്ജീകരിക്കുന്ന പുതിയ സ്ഥലത്തേക്ക് ബ്രോഡ്ബാന്‍ഡ് കേബിള്‍ മാറ്റി സ്ഥാപിക്കണമെന്ന് ബിഎസ്എന്‍എല്ലിനെ ദേവസ്വം ബോര്‍ഡ് അറിയിക്കണം. തീര്‍ഥാടന പാതയില്‍ മൊബൈല്‍ കവറേജ് മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടി ബിഎസ്എന്‍എല്‍ ഏര്‍പ്പെടുത്തണം. റാന്നിയില്‍ തിരുവാഭരണപാതയിലെ സ്ഥലത്തിന് സ്വകാര്യ വ്യക്തിയില്‍ നിന്നും നികുതി ഈടാക്കിയ നടപടി സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് റാന്നി തഹസീല്‍ദാര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.

ഇക്കോഷോപ്പ് അനുവദിക്കുന്നതു സംബന്ധിച്ച വ്യവസ്ഥകളും വ്യാപാരം ചെയ്യുന്നതു സംബന്ധിച്ച വിവരങ്ങളും അടങ്ങിയ റിപ്പോര്‍ട്ട് വനം വകുപ്പ് നല്‍കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. പന്തളം-കുളനട പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തൂക്കുപാലം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറിയെന്ന പരാതി അന്വേഷിക്കുന്നതിന് കളക്ടര്‍ പോലീസിന് നിര്‍ദേശം നല്‍കി. തൂക്കുപാലത്തിന്റെ മോശം സ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് അടൂര്‍ ആര്‍ഡിഒയ്ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.

ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ള ഏഴു ശബരിമല റോഡുകള്‍ നവീകരിക്കുന്നതിന് 36.29 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതായി പൊതുമരാമത്ത് വിഭാഗം അറിയിച്ചു. 15.4 കിലോമീറ്റര്‍ വരുന്ന മറ്റ് പ്രധാനപ്പെട്ട നാല് റോഡുകള്‍ നവീകരിക്കുന്നതിന് 12.35 കോടി രൂപയും അനുവദിച്ചു. ഈ പ്രവര്‍ത്തികളുടെ ടെന്‍ഡര്‍ നടപടി തുടങ്ങി. ഗ്യാസ് സിലിണ്ടറുകള്‍ കൂടിയിരിക്കുന്നതു മൂലമുള്ള അപകട സാധ്യത ഒഴിവാക്കുന്നതിന് ഇത്തവണ കടകള്‍ ലേലം ചെയ്യുന്നത് നിബന്ധനയോടയാകുമെന്ന് ദേവസ്വം ബോര്‍ഡ് എന്‍ജിനിയറിംഗ് വിഭാഗം യോഗത്തില്‍ അറിയിച്ചു. ഇതുപ്രകാരം കടകള്‍ക്ക് പുറത്തു വച്ച ഗ്യാസ് സിലിണ്ടറില്‍ നിന്നും പൈപ്പ് മുഖേനയാകും ഉള്ളിലേക്ക് പാചകവാതകം കൊണ്ടുവരുക. സുരക്ഷാപരിശോധനയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അഗ്നിശമിനികള്‍ സ്ഥാപിക്കും. സന്നിധാനത്ത് 280 ടാപ്പുകള്‍ മുഖേന ദേവസ്വം ബോര്‍ഡ് കുടിവെള്ള വിതരണം നടത്തുന്നുണ്ട്. 40 പോയിന്റുകളില്‍ തീര്‍ഥാടകര്‍ക്കായി ദേവസ്വം ബോര്‍ഡ് ചുക്കുവെള്ള വിതരണവും നടത്തുന്നുണ്ട്. സന്നിധാനത്ത് തീര്‍ഥാടകര്‍ക്കായി സജ്ജീകരിച്ചിട്ടുള്ള എല്ലാ ശുചിമുറികളിലും ടാപ്പ് മുഖേന വെള്ളം ലഭ്യമാക്കും. ശുചിമുറികള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനും ഇതു സഹായകമാകും. പമ്പയില്‍ നിലവില്‍ 268 ശുചിമുറികള്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. ഇതിനു പുറമേ 68 സ്ഥിരം ശുചിമുറികള്‍ കൂടി ഒക്ടോബര്‍ 31ന് അകം സജ്ജമാക്കും. 200 താല്‍ക്കാലിക ശുചിമുറികളും പമ്പയില്‍ സജ്ജമാക്കും. നിലയ്ക്കല്‍ 970 ശുചിമുറികള്‍ സജ്ജമാക്കിയിട്ടുണ്ട്. 120 സ്ഥിരം ശുചിമുറികള്‍ നിര്‍മിച്ചു വരുകയാണ്. മാസ്റ്റര്‍ പ്ലാന്‍ സമിതിയുടെ പരിഗണനയ്ക്കായി ഫയര്‍ ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കും. പമ്പയില്‍ അഞ്ച് എംഎല്‍ഡി ശേഷിയുള്ള മാലിന്യ സംസ്‌കരണ പ്ലാന്റ് രണ്ടുവര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കും. ഇതിന്റെ ടെന്‍ഡര്‍ നടപടി തുടങ്ങി. നിലയ്ക്കല്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതു സംബന്ധിച്ച് പഠനം നടന്നു വരുകയാണ്.

ചന്ദ്രാനന്ദന്‍ റോഡിലെ പൈപ്പ് മാറ്റി വരുകയാണെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ തവണ വച്ച 12 ഹോട്ട് വാട്ടര്‍ ഡിസ്‌പെന്‍സറിനൊപ്പം പുതുതായി എട്ട് എണ്ണം കൂടി ഇത്തവണ വയ്ക്കും. നിലയ്ക്കലേക്ക് കുടിവെള്ളം എത്തിക്കാന്‍ 120 കോടി രൂപയുടെ കുടിവെള്ള പദ്ധതി നടപ്പാക്കും. ഇത് ടെന്‍ഡര്‍ ഘട്ടത്തിലാണ്. വരുന്ന തീര്‍ഥാടന കാലത്തും നിലയ്ക്കലേക്ക് കുടിവെള്ളം എത്തിക്കുന്നതിന് ടാങ്കറുകള്‍ ഉപയോഗിക്കേണ്ടി വരും.

പമ്പയില്‍ നിന്നു സന്നിധാനത്തേക്ക് വൈദ്യുതി എത്തിക്കുന്നത് എബിസി കേബിള്‍ മുഖേന ആക്കിയെന്ന് കെഎസ്ഇബി അറിയിച്ചു. ഇറിഗേഷന്‍ വകുപ്പിന്റെ ആറ് ചെക്ക് ഡാമുകള്‍ പ്രളയത്തെ തുടര്‍ന്ന് പമ്പയില്‍ മണ്ണിനടിയിലാണ്. ളാഹ-മുതല്‍ പമ്പ വരെ തീര്‍ഥാടന കാലത്ത് ശുചീകരണത്തിനായി വനം വകുപ്പ് ഇക്കോ ഗാര്‍ഡുകളെ വിന്യസിക്കും. ആന ശല്യം ഒഴിവാക്കുന്നതിന് എലിഫന്റ് സ്‌ക്വാഡിനെയും നിയോഗിക്കും. വനമേഖലയില്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കൊണ്ടു വരാതെ തീര്‍ഥാടകര്‍ സഹകരിക്കണമെന്നും വനം വകുപ്പ് അറിയിച്ചു.

സേഫ് സോണ്‍ പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ തയാറെടുപ്പുകള്‍ തുടങ്ങിയതായി മോട്ടര്‍ വാഹന വകുപ്പ് അറിയിച്ചു. കുടുംബശ്രീ ഇത്തവണ മുതല്‍ തീര്‍ഥാടകര്‍ക്കായി ചുക്കുവെള്ള വിതരണം ആരംഭിക്കും. പ്ലാസ്റ്റിക് സഞ്ചികള്‍ക്കു പകരം വിതരണം ചെയ്യുന്നതിന് ഒരു ലക്ഷം തുണി സഞ്ചികള്‍ ലഭ്യമാക്കും.

തിരുവാഭരണപാതയില്‍ ഉള്‍പ്പെട്ട സ്ഥലത്തിന് റാന്നിയില്‍ സ്വകാര്യ വ്യക്തിയില്‍ നിന്നും നികുതി ഈടാക്കിയ നടപടി പുനപരിശോധിക്കണമെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സമിതി അംഗം പി ജി ശശികുമാര്‍ വര്‍മ്മ ആവശ്യപ്പെട്ടു. പന്തളം ക്ഷേത്രത്തിനു സമീപം പ്രളയത്തെ തുടര്‍ന്ന് ഉണ്ടായിട്ടുള്ള അപകടാവസ്ഥ പരിഹരിക്കണം. എല്ലാ മാസവും തിരുവാഭരണ പാതവഴി അയ്യപ്പന്‍മാര്‍ക്ക് ശബരിമലയിലേക്ക് നടന്നു പോകുന്നതിന് പദ്ധതി നടപ്പാക്കണം. പന്തള-കുളനട പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തൂക്കുപാലം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിശുദ്ധിസേനയുടെ പ്രവര്‍ത്തനം വിലയിരുത്തണമെന്ന് അയ്യപ്പസേവാ സംഘം ദേശീയ സെക്രട്ടറി എന്‍. വേലായുധന്‍ നായര്‍ പറഞ്ഞു. അയ്യപ്പസേവാ സംഘം നല്‍കി വരുന്ന സ്‌ട്രെച്ചര്‍ സര്‍വീസ്, ഓക്‌സിജന്‍ പാര്‍ലര്‍, ഭക്ഷണ വിതരണം, ശുചീകരണം, ആംബുലന്‍സ് സര്‍വീസ് തുടങ്ങിയ എല്ലാ സേവനങ്ങളും വരുന്ന തീര്‍ഥാടന കാലത്തും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, പന്തളം നഗരസഭ ചെയര്‍പേഴ്‌സന്‍ ടി കെ സതി, എ ഡി എം അലക്‌സ് പി തോമസ്, ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ബീന റാണി, അടൂര്‍ ആര്‍ഡിഒ പി റ്റി എബ്രഹാം, ഡിഎഫ്ഒ കോന്നി എ പി സുനില്‍ബേബി, ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി സുധീഷ്‌കുമാര്‍,പന്തളം കൊട്ടാരം നിര്‍വാഹക സമിതി അംഗം പി ജി ശശികുമാര്‍ വര്‍മ്മ, അയ്യപ്പസേവാ സംഘം ദേശീയ ജനറല്‍ സെക്രട്ടറി എന്‍. വേലായുധന്‍ നായര്‍, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍ അനില്‍കുമാര്‍, ശബരിമല എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ സുനില്‍കുമാര്‍, ദേവസ്വം ബോര്‍ഡ് പമ്പ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ ഹരീഷ്‌കുമാര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇറിഗേഷന്‍ ബിനു ബേബി, ജില്ലാ ഫയര്‍ ഓഫീസര്‍ എം ജി രാജേഷ്, റാന്നി തഹസില്‍ദാര്‍ സാജന്‍ വി കുരിയാക്കോസ്, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ റോയ് ജേക്കബ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എ എല്‍ ഷീജ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍( ഹോമിയോ) ഡോ.ഡി ബിജുകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആയുര്‍വേദം) ഡോ. റോബര്‍ട്ട് രാജ്, ഡിഡിപി എസ് സൈമ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലേക്ക് വൈദ്യുതി ലഭ്യമാക്കുന്നതിന് നാലു മെഗാവാട്ടിന്റെ സോളാര്‍ പദ്ധതി നടപ്പാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലയ്ക്കല്‍ ബേയ്‌സ് ക്യാമ്പിലായിരിക്കും സോളാര്‍ പാനലുകള്‍ സ്ഥാപിക്കുക. ഇതിനു താഴെ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഒരുക്കും. ദേവസ്വം ബോര്‍ഡിന്റെ ആവശ്യം കഴിഞ്ഞുള്ള വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്ക് നല്‍കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

സ്‌നാനത്തിന് ഇറങ്ങുമ്പോള്‍ തീര്‍ഥാടകര്‍ക്ക് അപകടം ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാല്‍ പമ്പയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയും രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം. നിലയ്ക്കല്‍ ബേയ്‌സ് ക്യാമ്പില്‍ 20,000 പേര്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യവും വാഹന പാര്‍ക്കിംഗ് സൗകര്യവും ദേവസ്വം ബോര്‍ഡ് ഒരുക്കും. നിലയ്ക്കല്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥികള്‍ പദ്ധതി തയാറാക്കി വരുകയാണ്. ശബരിമലയിലെ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ അപാകത പരിഹരിച്ചു. ചരിവുള്ള പൈപ്പ് ലൈന്‍ മാറ്റി തിരശ്ചീനമായി സ്ഥാപിക്കണമെന്ന് പുതിയ കണ്‍സള്‍ട്ടന്റിന്റെ നിര്‍ദേശം നടപ്പാക്കിയതോടെയാണ് പ്ലാന്റിന്റെ അപാകത പരിഹരിക്കപ്പെട്ടത്. ളാഹയ്ക്കും ചാലക്കയത്തിനും മധ്യേ രണ്ടു സ്ഥലത്ത് റോഡ് താന്നിട്ടുണ്ട്. ഇക്കാര്യം പൊതുമരാമത്ത് വകുപ്പ് പരിശോധിച്ച് അറ്റകുറ്റപ്പണി നടത്തണം.

ദേവസ്വം ബോര്‍ഡിന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച മണല്‍ പമ്പയില്‍ നിന്നും എടുക്കാന്‍ വനം വകുപ്പ് അനുവാദം നല്‍കണം. ചാലക്കയത്ത് ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 28 അടി ഉയരമുള്ള പുലി വാഹനനായ അയ്യപ്പന്റെ പ്രതിമ സ്ഥാപിക്കും. ഈ സ്ഥലത്തിനു മുകളിലൂടെ കടന്നു പോകുന്ന കെഎസ്ഇബിയുടെ ലൈന്‍ മാറ്റി സ്ഥാപിക്കണം. പമ്പയില്‍ കര്‍ക്കിടകവാവ് ബലി തര്‍പ്പണത്തിന് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ശ്രീരാമപാദത്തിലെ മണല്‍ നീക്കുന്നതിന് ഇറിഗേഷന്‍ വകുപ്പ് നടപടിയെടുക്കണം.

ശബരിമലയുമായി ബന്ധപ്പെട്ട് വനം വകുപ്പ് വ്യവസ്ഥകള്‍ പാലിച്ചാണോ ഇക്കോഷോപ്പ് അനുവദിക്കുന്നതെന്ന് ജില്ലാഭരണകൂടം പരിശോധിക്കണം. പന്നി ശല്യം ഒഴിവാക്കുന്നതിന് വനം വകുപ്പ് നടപടിയെടുക്കണം. തിരുവാഭരണ പാതയില്‍ ഓരോ എട്ടു കിലോമീറ്ററിലും ഒരു വിശ്രമ കേന്ദ്രം വീതം നിര്‍മിക്കുന്നതിനുള്ള പദ്ധതി പരിഗണനയിലാണ്. ആകെ 82 കിലോമീറ്ററാണ് തിരുവാഭരണ പാത. തീര്‍ഥാടകര്‍ക്ക് ജന്മമാസം ശബരിമലയിലേക്ക് തിരുവാഭരണ പാത വഴി നടന്നു പോകുന്നതിന് പദ്ധതി നടപ്പാക്കുന്നകാര്യം പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

English summary
Sabarimala pilgrimage: All activities must be completed before the 10th November
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X