• search
 • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ശബരിമല: ഹൈക്കോടതിയുടെയും സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ക്ക് മുന്‍ഗണന: ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം സംബന്ധിച്ച കാര്യത്തില്‍ ഹൈക്കോടതിയുടെയും സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ക്കാണ് മുന്‍ഗണനയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസു പറഞ്ഞു. മണ്ഡല പൂജയോട് അനുബന്ധിച്ച് സന്നിധാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡല - മകര വിളക്ക് ഉത്സവങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

തീര്‍ഥാടനം മുടക്കുന്നത് ശരിയല്ല എന്ന ദേവസ്വം ബോര്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മണ്ഡകാലം ആരംഭിച്ചത്. ഈ തീരുമാനം ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തോടെ മാത്രമേ ശബരിമല മണ്ഡലകാല പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാവൂ. ദേവസ്വം ബോര്‍ഡ് തീരുമാനത്തോട് അനുകൂലമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിനായി മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടേയും നേതൃത്വത്തില്‍ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്ത് എല്ലാ വകുപ്പുകളുടേയും പങ്കാളിത്തം ഉറപ്പാക്കി. എന്നാല്‍, കോവിഡ് പശ്ചാത്തലത്തില്‍ ശബരിമലയില്‍ രോഗവ്യാപനം ഉണ്ടാകുമോയെന്ന ആശങ്ക ആരോഗ്യ വകുപ്പ് അധികൃതര്‍ പങ്ക് വച്ചു. ഇത് കണക്കിലെടുത്താണ് തീര്‍ഥാടകരുടെ എണ്ണം തുടക്കത്തില്‍ ആയിരമെന്ന നിലയില്‍ പരിമിതപ്പെടുത്തിയത്.

പിന്നീട് ബന്ധപ്പെട്ട കമ്മിറ്റികളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാമെന്ന തീരുമാനത്തിലേക്ക് ദേവസ്വം ബോര്‍ഡ് എത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടായിരമായും തുടര്‍ന്ന് മൂവായിരമായും ഭക്തരുടെ എണ്ണം വര്‍ധിപ്പിച്ചു. മണ്ഡല പൂജയ്ക്കും മകരവിളക്കിനും അയ്യായിരവുമാക്കി. ആളുകളുടെ എണ്ണം വര്‍ധിപ്പിച്ചതിനൊപ്പം കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതും ഉറപ്പാക്കി. എന്നാല്‍, ശബരിമല സേവനത്തിലേര്‍പ്പെട്ട വിവിധ വിഭാഗം ജീവനക്കാരില്‍ കോവിഡ് ബാധിച്ചതായി കണ്ടെത്തി. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി ഡിസംബര്‍ 24 വരെ 390 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇതില്‍ 96 ഭക്തരെ നിലയ്ക്കലില്‍ നിന്ന് തന്നെ തിരിച്ചയച്ചു. 289 ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ദേവസ്വം ബോര്‍ഡ്, പോലീസ്, ആരോഗ്യ വകുപ്പ്, കെഎസ്ഇബി, എക്സൈസ് തുടങ്ങി എല്ലാ വിഭാഗത്തിലേയും സ്ഥിരം ജീവനക്കാരും താല്‍ക്കാലിക തൊഴിലാളികളും ഇതില്‍ ഉള്‍പ്പെടും. ജീവനക്കാരിലെ കോവിഡ് രോഗം കണ്ടെത്തുന്നതിനായി സന്നിധാനത്ത് ആന്റിജന്‍ ടെസ്റ്റ് ക്യാമ്പും നടത്തി. രോഗം സ്ഥിരീകരിച്ചവരെയും പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരെയും സമയബന്ധിതമായി സന്നിധാനത്ത് നിന്നും നീക്കി. ജീവനക്കാരില്‍ രോഗബാധയുണ്ടായെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലാത്തതിനാല്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തി തീര്‍ഥാടനം മുന്നോട്ട് കൊണ്ട് പോകാനായി.

cmsvideo
  കേരളം; ശബരിമല; ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ

  മണ്ഡലകാലം ആരംഭിച്ച് 39 ദിവസം പിന്നിട്ടപ്പോള്‍ 71,706 ഭക്തരാണ് ദര്‍ശനം നടത്തിയത്. ഇക്കാലയളവില്‍ 9,09,14,893 (ഒന്‍പത് കോടി ഒന്‍പത് ലക്ഷത്തി പതിനാലായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി മൂന്ന്) രൂപയാണ് ശബരിമലയിലെ വരുമാനം. മുന്‍ വര്‍ഷമിത് 156,60,19,661 (നൂറ്റി അമ്പത്തിയാറ് കോടി അറുപത് ലക്ഷത്തി പത്തൊന്‍പതിനായിരത്തി അറുന്നൂറ്റി അറുപത്തിയൊന്ന്) രൂപയായിരുന്നു. മുന്‍വര്‍ഷത്തിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ അതിന്റെ അഞ്ച് ശതമാനത്തില്‍ താഴെയാളുകള്‍ മാത്രമേ ഈ വര്‍ഷം ദര്‍ശനത്തിനായി എത്തിയിട്ടുള്ളൂ.

  ഇത് വരെ ആന്റിജന്‍ ടെസ്റ്റ് നടത്തിയ ശേഷമാണ് ജീവനക്കാരെയും ഭക്തരെയും സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചിരുന്നത്. ഡിസംബര്‍ 26 മുതല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയവരെ മാത്രം പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് ഹൈക്കോടതിയുടേയും സര്‍ക്കാരിന്റെയും നിര്‍ദേശം. എന്നാല്‍, ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി റിപ്പോര്‍ട്ട് കിട്ടാനുള്ള കാലതാമസവും ചെലവും പരിഗണിച്ച് വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതേ തുടര്‍ന്ന് ആര്‍ടിപിസിആര്‍ ടെസ്റ്റിന് പുറമേ ആര്‍ടി ലാമ്പ് ടെസ്റ്റ്, എക്സ്പ്രസ് നാറ്റ് എന്നീ രണ്ട് ടെസ്റ്റുകളിലേതെങ്കിലും നടത്തി നെഗറ്റീവാകുന്നവരെയും സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാന്‍ തീരുമാനമായി. ആര്‍ടി ലാമ്പ് ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം നിലയ്ക്കല്‍ ഇല്ലെങ്കിലും കോഴഞ്ചേരിയില്‍ പരിശോധന നടത്താനുള്ള സംവിധാനമുണ്ട്.

  ദര്‍ശനത്തിന് പരമാവധി ആളുകള്‍ക്ക് അവസരം നല്‍കണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ അഭിപ്രായമെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയുടേയും സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ക്കാണ് മുന്‍ഗണന. ഇതോടൊപ്പം ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും അഭിപ്രായവും പങ്കാളിത്തവും ദേവസ്വം ബോര്‍ഡ് പരിഗണിക്കും. മകര വിളക്ക് വരെ ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് ഇതിനോടകം പൂര്‍ത്തിയായിക്കഴിഞ്ഞു. മകരവിളക്ക് വരെ അയ്യായിരം പേര്‍ക്ക് വീതം ദര്‍ശനത്തിന് അവസരമുണ്ട്.

  2011 മുതല്‍ പോലീസ് തുടങ്ങിയ വെര്‍ച്ച്വല്‍ ക്യൂ സംവിധാനം കോവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ദേവസ്വം ബോര്‍ഡ് പ്രയോജനപ്പെടുത്തുകയായിരുന്നു. തിരുപ്പതി, ഗുരുവായൂര്‍ മാതൃകയില്‍ വെര്‍ച്ച്വല്‍ ക്യൂ സംവിധാനം പൂര്‍ണമായും ഏറ്റെടുത്ത് നടത്തുന്നതിനെ കുറിച്ച് ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നുണ്ട്. ദേവസ്വം ബോര്‍ഡിന്റേതായ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനമെന്ന നിലയിലാവും ഇത് നടപ്പാക്കുകയെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍.വാസു പറഞ്ഞു. ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മീഷണര്‍ സുധീഷ്, ചീഫ് എന്‍ജിനിയര്‍ കൃഷ്ണകുമാര്‍, ഡെപ്യൂട്ടി എന്‍ജിനിയര്‍ അജിത്ത് കുമാര്‍, ഫെസ്റ്റിവെല്‍ കണ്‍ട്രോളര്‍ പദ്മകുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

  English summary
  Sabarimala Pilgrimage: High Court and GovernmentPriority to Suggestions: Devaswom Board President
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X