ശബരിമലയിൽ മഴയ്ക്ക് പിന്നാലെ മൂടൽമഞ്ഞ്: സന്നിധാനത്തെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വർധനവ്
പത്തനംതിട്ട: കൊവിഡ് വ്യാപനം മൂലം ശബരിമലയിലേക്ക് ഭക്തരുടെ ഒഴുക്ക് കുറഞ്ഞതിന് പിന്നാലെ മഴ ശക്തമാകുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പ്രദേശത്ത് മഴ തുടർന്നുവരികയാണ്. തുടരെത്തുടരെ പെയ്യുന്ന മഴയ്ക്ക്പിന്നാലെ വൈകുന്നേരത്തോടെ സന്നിധാനത്ത് കനത്ത മൂടൽ മഞ്ഞും അനുഭവപ്പെട്ടു. ഇതോടെ സന്നിധാനത്ത് കാഴ്ച മങ്ങിയ നിലയിലായിരുന്നു കാണപ്പെട്ടത്.
എന്നാൽ അപ്രതീക്ഷിതമായുള്ള മൂടൽ മഞ്ഞിന്റെ വരവ് തീർത്ഥാടകർക്കും പുത്തൻ അനുഭവമായിരുന്നു. എന്നാൽ ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത ബുറേവി ചുഴലിക്കാറ്റ് കേരളത്തിലേക്കും പ്രവേശിക്കുമെന്ന കാലാവസ്ഥാന നിരീക്ഷണത്തിന്റെ അറിയിപ്പിനെ തുടർന്ന് ജില്ലാ ഭരണകൂടവും ജാഗ്രതാ നിർദേശം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ശക്തമായ മഴയും ഉണ്ടായാൽ ശബരിമല തീർത്ഥാടകർക്ക് ദർശനം അനുവദിക്കുന്നത് ഒഴിവാക്കുന്നത് സംബന്ധിച്ച് അധികൃതർക്കിടയിൽ ആലോചനകളും നടന്നിരുന്നു.

എന്നാൽ ചുഴലിക്കാറ്റ് കേരളത്തിൽ ഭീതി വിതയ്ക്കാതെ ഒഴിഞ്ഞുപോയതിനാൽ എവിടെയും അനിഷ്ട സംഭവങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ ശബരിമലയിൽ ഇടക്കിടെ മാത്രമാണ് മഴ അനുഭവപ്പെടുന്നത്. തീർത്ഥാടകർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുമില്ല.
ശബരിമല നട തുറന്നതോടെ ആദ്യം 1000 പേരെ മാത്രമായിരുന്നു പ്രവേശിപ്പിച്ചിരുന്നതെങ്കിൽ ഡിസംബർ ആദ്യത്തോടെയാണ് ഇത് 2000ലേക്ക് ഉയർത്തിക്കൊണ്ടുള്ള സർക്കാരിന്റെ തീരുമാനമുണ്ടാകുന്നത്. ദിവസേന അനുവദിക്കുന്ന ഭക്തരുടെ എണ്ണം ഉയർത്തിയതോടെ ശബരിമലയിലും സന്നിധാനത്തും നല്ല രീതിയിൽ തിരക്കും അനുഭവപ്പെടുന്നുണ്ട്. ഇതോടെ വെള്ളിയാഴ്ച വൈകിട്ട് വരെ 1450 പേരാണ് ദർശനത്തിനെത്തിയത് ഇതോടെ വലിയ നടപ്പന്തലിലും നല്ല തോതിൽ തിരക്ക് അനുഭവപ്പെടുകയായിരുന്നു.












Click it and Unblock the Notifications