നിരോധനാജ്ഞയില്ലാതെ ശബരിമല നടതുറന്നു: ഇനി പത്ത് ദിവസം നീളുന്ന ഉത്സവചടങ്ങുകള്‍!!
സന്നിധാനം: തിരുവുത്സവത്തിനും മീനമാസ പൂജകൾക്കുമായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്ര നട തുറന്നു. ഇന്നു രാവിലെ നടക്കുന്ന കൊടിയേറ്റ് ചടങ്ങോടെ പത്തു ദിവസം നീളുന്ന ഉത്സവത്തിനു തുടക്കമാകും. 21നാണ് ആറാട്ട്. ഇന്നലെ വൈകിട്ട് അഞ്ചു മണിക്കു തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരിയാണു നട തുറന്നത്. തുടർന്നു പതിനെട്ടാംപടിക്കു മുന്നിലുള്ള ആഴിയിൽ മേൽശാന്തി അഗ്നി പകർന്നതോടെ പടി കയറി ഭക്തർ ദർശനത്തിനെത്തി.
പുതുതായി പണി കഴിപ്പിച്ച സ്വർണ ശ്രീകോവിൽ വാതിലിന്‍റെ സമർപ്പണവും തുടർന്നു നടന്നു. വാതിലുകൾ വാദ്യമേളത്തോടെ ക്ഷേത്രത്തിനു വലം വച്ച ശേഷമാണു സമർപ്പിച്ചത്. തന്ത്രിയുടെ കാർമികത്വത്തിൽ രാത്രി ഏഴുമണി മുതൽ പ്രാസാദ ശുദ്ധിക്രിയകളും നടന്നു. ഇന്നലെ പൂജകളൊന്നും ഉണ്ടായിരുന്നില്ല. രാത്രി 10നു ഹരിവരാസനം പാടി നട അടച്ചു.

ഇന്നു രാവിലെ 7.30നാണ് തന്ത്രി കണ്ഠരര് രാജീവരരുടെ കാർമികത്വത്തിൽ കൊടിയേറ്റ് ചടങ്ങുകൾ. ആറാട്ട് ഉത്സവത്തിനായി കൊടിയേറ്റുന്നതിനുള്ള കൊടിക്കൂറയും കയറും കൊല്ലം ശക്തികുളങ്ങര ശ്രീധർമശാസ്താ ക്ഷേത്ര ഭാരവാഹികളാണ് വഴിപാടായി സമർപ്പിച്ചത്. കൊടിയേറ്റ് പൂജകൾക്കു ശേഷം ബിംബ ശുദ്ധി ക്രിയകളും നടക്കും. ഉച്ചപൂജ കഴിഞ്ഞ് ഒരു മണിക്ക് നട അടയ്ക്കും. വൈകുന്നേരം 6.30ന് ദീപാരാധന. തുടർന്ന് അത്താഴപൂജ, മുളയിടൽ, ശ്രീഭൂതബലി എന്നിവയും നടക്കും. നാളെ ഉത്സവബലി നടക്കും. എല്ലാം ദിവസവും ഉത്സവ ബലിയും ശ്രീഭൂതബലിയും ഉണ്ടാകും.അഞ്ചാം ഉത്സവ ദിവസമായ 16നാണ് വിളക്ക് എഴുന്നെള്ളിപ്പ്. ഒൻപതാം ഉത്സവ ദിനമായ 20നു പള്ളിക്കുറിപ്പ്. പത്താം ഉത്സവ ദിനമായ 21നാണ് തിരു ആറാട്ടെഴുന്നെള്ളിപ്പും പമ്പയിലെ ആറാട്ടും പൂജയും. തുടർന്ന് സന്നിധാനത്തേക്ക് തിരിച്ചെഴുന്നെള്ളിപ്പ്. രാത്രി കൊടിയിറക്കിയ ശേഷം പൂജ നടത്തി ഹരിവരാസനം പാടി ക്ഷേത്ര തിരുനട അടയ്ക്കും. മീനമാസ പൂജകൾക്കായും ഉത്സവ സമയത്തു തന്നെയാണു നട തുറന്നിരിക്കുന്നത്. മേടവിഷു പൂജകൾക്കായി ഏപ്രിൽ 11നു നട തുറക്കും. 19ന് അടയ്ക്കും.












Click it and Unblock the Notifications